
ഗിന്നസ് പക്രു | ഫോട്ടോ: അറേഞ്ച്ഡ്
നാട്ടിൻപുറത്തെ സ്‌കൂൾമുറ്റത്ത് കലോത്സവത്തിന്റെ കലപില... കഥാപ്രസംഗവേദിക്കുമുന്നിൽ തടിച്ചുകൂടിയ ആൾക്കൂട്ടം... കർട്ടനുയർന്നപ്പോൾ പ്രാസംഗികനെ കാണാതെ കുട്ടികൾ ബഹളംെവച്ചു. കാര്യം മനസ്സിലാക്കിയ സ്‌റ്റേജ് മാനേജർ നമ്പർ നെഞ്ചിലണിഞ്ഞ വിദ്യാർഥിയെ എടുത്ത് ഒരു മേശയ്ക്കുമുകളിൽ കയറ്റിനിർത്തി. കഥപറയാനെത്തിയവനെക്കണ്ട് ചിരിച്ചുതുടങ്ങിയ കാണികളെ കഥകൊണ്ടുതന്നെ കാഥികൻ കൈപ്പിടിയിലൊതുക്കി -അവിടെനിന്നാണ് അജയ്‌കുമാറിന്റെ കലാജീവിതം ആരംഭിക്കുന്നത്. കഥാപ്രസംഗത്തിന്റെ തുടർച്ചയായിരുന്നു മിമിക്രിയും മോണാ ആക്ടും അഭിനയവുമെല്ലാം. ആദ്യമത്സരത്തിൽ സമ്മാനമായി ലഭിച്ച വിളക്കിന് തന്റെ പകുതിവലുപ്പമുണ്ടായിരുന്നെന്ന് അജയ്‌തന്നെ പിന്നീട് ചിരിയോടെ പറഞ്ഞിട്ടുണ്ട്.
അജയ്‌കുമാറിലെ നടനെ പ്രേക്ഷകർ ആദ്യമായി കാണുന്നത് ‘അമ്പിളി അമ്മാവൻ’ എന്ന സിനിമയിലൂടെയാണ്, ബാലതാരമായുള്ള അരങ്ങേറ്റം. ആദ്യചിത്രത്തിലെ വേഷംതന്നെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ പക്രു എന്ന കഥാപാത്രം അജയ്‌കുമാർ എന്ന യഥാർഥ പേര് മായ്ച്ചുകളഞ്ഞു. ദിലീപ് ചിത്രങ്ങളിലൂടെയാണ് ഗിന്നസ് പക്രു തിരക്കുള്ള താരമായിമാറുന്നത്. ജോക്കറും, മീശമാധവനും, കുഞ്ഞിക്കൂനനുമെല്ലാം അഭിമാനിക്കാനുള്ള വകനൽകി. സിനിമയ്ക്കൊപ്പം ഹാസ്യപരിപാടികളുമായി ചാനൽഷോകളിലും കൈയടിനേടി. സ്റ്റേജിലും ചാനൽ ഫ്‌ളോറുകളിലും ടിനി ടോമായിരുന്നു കൂട്ട്. അദ്‌ഭുതദീപിലെ അഭിനയത്തിലൂടെ തനിക്കുള്ളിലും ഒരു ഹീറോയുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.
പ്രഭുദേവയ്ക്കൊപ്പമുള്ള ‘ബഗീര’യും അർജുൻ-ജീവ ചിത്രം അഗത്തിയയുമാണ് ഗിന്നസ് പക്രുവിന്റെ പുതിയ തമിഴ് ചിത്രങ്ങൾ. കോളിവുഡിൽ സജീവമായിരുന്ന പക്രു 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ്. മോർസെ ഡ്രാഗൺ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനംചെയ്യുന്ന 916 കുഞ്ഞൂട്ടൻ പ്രദർശനത്തിനൊരുങ്ങി.
‘‘മൂന്നുവർഷംമുൻപ് സംവിധായകൻ ആര്യൻ വിജയ് വീട്ടിലെത്തിയാണ് കുഞ്ഞൂട്ടന്റെ കഥപറയുന്നത്. കഥ ഇഷ്ടമായെങ്കിലും എന്തുകൊണ്ട് ഈ കഥാപാത്രമായി ഞാൻ? എന്നൊരു ചോദ്യമാണ് മനസ്സിലേക്ക് ആദ്യം വന്നത്. വലിയൊരു ഹീറോ ചെയ്യേണ്ട കഥാപാത്രമല്ലേ ഇതെന്ന സംശയം സംവിധായകനുമായി പങ്കുവെക്കുകയും ചെയ്തു. വലിയ ഹീറോകൾ ചെയ്യേണ്ട കഥാപാത്രം താൻ ചെയ്യുന്നു എന്നതാണ് സിനിമയുടെ വ്യത്യസ്തതയെന്നും അത്തരമൊരു കൗതുകം പ്രേക്ഷകരെ രസിപ്പിക്കുമെന്നും ആര്യൻ മറുപടിനൽകി. അദ്‌ഭുതദ്വീപിന്റെയും ഇളയരാജയുടെയുമെല്ലാം കഥകേട്ടപ്പോൾ ഇതെനിക്ക് ചെയ്യാൻപറ്റുമോ എന്ന സംശയമുയർന്നിരുന്നു. എന്നാൽ, സംവിധായകന്റെ വിശ്വാസത്തിനൊപ്പമാണ് അന്നെല്ലാം ഞാൻ സഞ്ചരിച്ചത്. സമാനരീതിതന്നെ കുഞ്ഞൂട്ടന്റെ കാര്യത്തിലും സ്വീകരിക്കുകയായിരുന്നു.’’ -ഗിന്നസ് പക്രു പറഞ്ഞു.
ഗിന്നസ് പക്രുവിന്റെ വേഷവിധാനങ്ങളിൽ വലിയ പരീക്ഷണങ്ങൾ നടത്തിയാണ് മുൻപ് പലസിനിമകളിലും അദ്ദേഹത്തെ അവതരിപ്പിച്ചത്. എന്നാൽ, കുഞ്ഞൂട്ടനിൽ അത്തരം പരീക്ഷണങ്ങളൊന്നുമില്ല. യഥാർഥ കാഴ്ചയിൽ എങ്ങനെയാണോ ആ രീതിയിൽത്തന്നെയാണ് പ്രേക്ഷരുടെ മുന്നിലേക്കെത്തുന്നത്. കഥാപാത്രത്തിന്റെ രൂപത്തിനല്ല പ്രകടനത്തിലാണ് ഇത്തവണ പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് പക്രു പറഞ്ഞു. കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമായാണ് 916 കുഞ്ഞൂട്ടൻ ചിത്രീകരിച്ചത്. ചാനൽഷോകളിലെല്ലാം ഏറെ കൈയടിനേടിയ ഗിന്നസ് പക്രു & ടിനി ടോം കൂട്ട് കുഞ്ഞൂട്ടനിലൂടെ വീണ്ടും പ്രേക്ഷകമുന്നിലേക്കെത്തുന്നു.
‘‘ടിനി ടോമും ഞാനും ഒന്നിച്ച് അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾത്തന്നെ ഹാസ്യത്തിന് പ്രധാന്യമുള്ള സിനിമയാകുമല്ലോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. എന്നാൽ, ഞങ്ങളൊരുമിച്ച് ചെയ്ത സ്‌കിറ്റുകളുടെയോ ഷോകളുടെയോ നിഴൽ സിനിമയിൽ എവിടെയുമില്ല. കഥയുടെ ഒരു പ്രത്യേകഘട്ടത്തിലെത്തുന്ന ഗൗരവപ്രാധാന്യമുള്ള വേഷമാണ് ടിനിയുടേത്. പാട്ടും സംഘട്ടനവും തമാശകളുമെല്ലാം നിറഞ്ഞ കൊച്ചുകുടുംബചിത്രമാണിത്.’’ -ഗിന്നസ് പക്രു വിവരിച്ചു.
കോട്ടയം രമേഷാണ് സിനിമയിൽ അച്ഛൻവേഷം അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഗിന്നസ് പക്രു നായകനാകുന്ന സിനിമ കേരളത്തിലും വിദേശത്തും ഒരേദിവസംതന്നെ പ്രദർശനത്തിനെത്തുന്നത്. നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവർ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാകേഷ് സുബ്രഹ്മണ്യം, ഷാജു ശ്രീധർ, നോബി മാർക്കോസ്, സുനിൽ സുഖദ, സിനോജ് അങ്കമാലി, ടി.ജി. രവി, സീനു സോഹൻലാൽ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ശ്രീനിവാസ റെഡ്ഡിയും സംഗീതം ആനന്ദ് മധുസൂദനനുമാണ്.
ജീവിതത്തെ ഗൗരവമായാണ് കാണുന്നതെന്നും തമാശ പലപ്പോഴും ജോലിയുടെ ഭാഗമാണെന്നും ഗിന്നസ് പക്രു പറയുന്നു. ‘‘ചെറുപ്പംമുതൽക്കേ കുടുംബഭാരം ഏറ്റെടുത്ത് ജീവിച്ചതിനാൽ വീട്ടിൽ തമാശയും കുട്ടിക്കളികളും കുറവാണ്. ഒപ്പമുള്ള ആരുടെയെങ്കിലും മുഖം വാടിയാൽ, വിഷമത്തിലാണെന്നു കണ്ടാൽ അവരെ അതിൽനിന്ന് പുറത്തുകൊണ്ടുവരാനുള്ള ഡയലോഗുമായി അടുത്തുകൂടുന്നതാണ് പതിവ്. തമാശയുടെ മേമ്പൊടിയിലുള്ള ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് എന്നും താത്‌പര്യം. 916 കുഞ്ഞൂട്ടന്റെ സെറ്റിലേക്ക് ചിത്രീകരണം കാണാനായി ഭാര്യയും മക്കളുമെല്ലാം വന്നദിവസം എന്റെ കല്യാണമായിരുന്നു ചിത്രീകരിക്കുന്നത്. അങ്ങനെ മക്കൾക്ക് അച്ഛന്റെ കല്യാണം നേരിൽക്കാണാനുള്ള ഒരവസരം കിട്ടി’’.
Content Highlights: Guinness Pakru stars successful 916 Kunjootan, a household drama releasing worldwide
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·