Published: December 25, 2025 04:18 PM IST
1 minute Read
ന്യൂഡൽഹി ∙ സ്പോൺസർമാരില്ലാതെ വന്നതോടെ സ്വന്തമായി ഐഎസ്എൽ നടത്താൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നീക്കം തുടങ്ങി. കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, ഗോവ അസോസിയേഷൻ പ്രസിഡന്റ് കെയ്റ്റാനൊ ഫെർണാണ്ടസ്, ഐഎഫ്എ സെക്രട്ടറി അനിർബാൻ ദത്ത എന്നിവർ ഉൾപ്പെട്ട സമിതി നൽകിയ റിപ്പോർട്ട് പ്രകാരം ജനുവരി മൂന്നാം ആഴ്ച ഐഎസ്എൽ തുടങ്ങാനാകുമെന്നാണ് സൂചന.
ഗോവ, കൊൽക്കത്ത എന്നീ 2 വേദികളിലായി 2 ഗ്രൂപ്പായി തിരിച്ച് മത്സരം നടത്തുന്ന മാതൃകയാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. ക്ലബ്ബുകൾക്കു മാച്ച് ഫീ നൽകേണ്ടതില്ലെന്നും നടത്തിപ്പിനുള്ള പണം മാത്രം കണ്ടെത്തിയാൽ മതിയെന്നും സമിതി നിർദേശിക്കുന്നു.
ഐഎസ്എൽ ക്ലബ്ബുകളുടെ കൺസോർഷ്യം അവതരിപ്പിച്ച ‘ഇംഗ്ലിഷ് പ്രിമിയർ ലീഗ് മോഡൽ’ ആശയം ഫെഡറേഷൻ വാർഷിക പൊതുയോഗം തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്പോൺസർമാരില്ലാതെ സ്വന്തമായി ഐഎസ്എൽ നടത്താൻ എഐഎഫ്എഫ് തീരുമാനിച്ചത്. ഇതിനുള്ള സാധ്യതകൾ പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. ക്ലബ്ബുകളുമായി സംസാരിക്കാൻ മറ്റൊരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ക്ലബ്ബുകളുമായി ചർച്ച ചെയ്യാൻ 30നു സമിതി വീണ്ടും യോഗം ചേരും.
ഒരു വർഷത്തേക്ക് തിരഞ്ഞെടുപ്പില്ല
ന്യൂഡൽഹി ∙ ദേശീയ കായിക ഫെഡറേഷനുകളിൽ 2026 ഡിസംബർ 31 വരെ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കായിക മന്ത്രാലയം അറിയിച്ചു. നാഷനൽ സ്പോർട്സ് ഗവേണൻസ് ആക്ട് നടപ്പാക്കുന്നതിനായാണ് തിരഞ്ഞെടുപ്പുകൾ ഒരു വർഷത്തേക്കു നീട്ടിയത്. പുതിയ നിയമ പ്രകാരം എല്ലാ കായിക ഫെഡറേഷനുകളിൽ ഒരേ മാതൃകയിൽ തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ഇതോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതിക്ക് അടക്കം കാലാവധി ഒരു വർഷം നീട്ടി ലഭിക്കും.
English Summary:









English (US) ·