ചെലവ് 3.62 കോടി രൂപ, വരവ് വട്ടപ്പൂജ്യം; രാജ്യാന്തര കായിക ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ വെള്ളത്തിൽ വരച്ച വര!

5 months ago 5

തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിപ്പിക്കുമെന്ന സംസ്ഥാന കായിക വകുപ്പിന്റെ പ്രഖ്യാപനം പാളിയതു പോലെ തന്നെ സംസ്ഥാന സർക്കാർ കോടികൾ ചെലവഴിച്ചു കൊട്ടിഘോഷിച്ചു നടത്തിയ ഇന്റർനാഷൽ സ്പോർട്സ് സമ്മിറ്റ് കേരള (ഐഎസ്എസ്കെ) രാജ്യാന്തര കായിക ഉച്ചകോടിയിലെ പ്രഖ്യാപനങ്ങളും പാഴ്‌വാക്കായി തുടരുന്നു. 2024 ജനുവരിയിൽ തലസ്ഥാനത്തു 4ദിവസമായി സംഘടിപ്പിച്ച ഉച്ചകോടിക്ക് സർക്കാർ ചെലവഴിച്ചത് 3.62 കോടി രൂപയാണ്.

സർക്കാരിനു കൂടി പങ്കാളിത്തമുള്ള കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയം ആയിരുന്നു വേദിയെങ്കിലും വാടകയിനത്തിൽ മാത്രം നൽകിയത് 40 ലക്ഷം രൂപ; പ്രതിദിനം 10 ലക്ഷം രൂപ വീതം. കായിക പരിപാടി കൊഴുപ്പിക്കാനുള്ള കലാ–സാംസ്കാരിക പരിപാടികൾക്കും മുടക്കി 40 ലക്ഷം.

ഭക്ഷണത്തിനു ചെലവ് 32.10 ലക്ഷം രൂപയായിരുന്നു. തിരുവനന്തപുരത്ത് നടന്ന പരിപാടിക്കുള്ള ഭക്ഷണ കരാർ നൽകിയതാകട്ടെ മലപ്പുറത്ത് കായിക മന്ത്രിയുടെ നാട്ടിൽ നിന്നുള്ള കാറ്ററിങ് സംഘത്തിനും. ഇവന്റ് മാനേജ്മെന്റ് കമ്പനിയെ ഏൽപിച്ചായിരുന്നു സംഘാടനം. തട്ടിക്കൂട്ട് ടെൻഡറിലൂടെ കരാറുകളെല്ലാം വേണ്ടപ്പെട്ടവർക്കു നൽകിയെന്ന ആരോപണം അന്നേ ഉയർന്നിരുന്നു.

സംസ്ഥാനത്ത് കായിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനെന്ന പേരിൽ സംഘടിപ്പിച്ച ഉച്ചകോടിയുടെ സമാപനത്തിൽ മന്ത്രി വി.അബ്ദു റഹിമാൻ പ്രഖ്യാപിച്ചത് 4500 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനായെന്നും ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു. പക്ഷെ ഒന്നര വർഷമായിട്ടും ഏതെങ്കിലും തൊഴിലവസരം സൃഷ്ടിച്ചതായി സർക്കാർ പോലും അവകാശപ്പെടുന്നില്ല. ഐഎഫ്എഫ്കെ ഫിലിം ഫെസ്റ്റിവലിന്റെ മാതൃകയിൽ ഐഎസ്എസ്കെ എല്ലാവർഷവും നടത്തുമെന്നു പറഞ്ഞെങ്കിലും അതേക്കുറിച്ചും പിന്നീടൊന്നും കേട്ടിട്ടില്ല. 

മുഖ്യ നിക്ഷേപമായി പറഞ്ഞത് എറണാകുളം നെടുമ്പാശേരിയിൽ 750 കോടി രൂപ ചെലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) സ്ഥാപിക്കുന്ന രാജ്യാന്തര സ്റ്റേഡിയം കോംപ്ലക്സ് ആയിരുന്നു. ബിസിസിഐ സഹകരണത്തോടെയുള്ള പദ്ധതിക്കായി കെസിഎ സ്ഥലവും കണ്ടെത്തിയെങ്കിലും വേണ്ട സർക്കാർ അനുമതികൾ ചുവപ്പ് നാടയിൽ കുടുങ്ങിയതോടെ റജിസ്ട്രേഷൻ പോലും നടത്താനായിട്ടില്ല.  

ഉച്ചകോടിയിൽ പ്രഖ്യാപിച്ച പദ്ധതികൾക്കെല്ലാം 100 ദിവസത്തിനുള്ളിൽ സർക്കാർ അനുമതികൾ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഫുട്ബോൾ അസോസിയേഷനും സ്വകാര്യ പങ്കാളിത്തത്തോടെ 8 ഫുട്ബോൾ സ്റ്റേഡിയങ്ങൾ പ്രഖ്യാപിച്ചിരുന്നു. വിശാലകൊച്ചി വികസന അതോറിറ്റിയുടെ(ജിസിഡിഎ) പേരിൽ പ്രഖ്യാപിക്കപ്പെട്ട 1400 കോടിയോളം രൂപയുടെ കായിക നിക്ഷേപവും ഒന്നുമായിട്ടില്ല. 50 കോടി ചെലവിൽ സ്പോർട്സ് ഉൽപന്ന ഫാക്ടറി മുതൽ ടെന്നിസ് ലീഗ് വരെയുള്ളവയും പ്രഖ്യാപനമായി തുടരുന്നു. ‌

∙ കായിക ഉച്ചകോടി ചെലവ് ഇങ്ങനെ

വേദിയുടെ വാടക: 40 ലക്ഷം.

ഡിജിറ്റൽ വോൾ: 9 ലക്ഷം

മറ്റ് സൗകര്യങ്ങളും ഓൺലൈൻ കവറേജും: 29.44 ലക്ഷം

വെന്യു ബ്രാൻഡിങ്: 10 ലക്ഷം

ഭക്ഷണം: 32.10 ലക്ഷം

താമസം: 20 ലക്ഷം

യാത്ര: 37.5 ലക്ഷം

ഉച്ചകോടി വെബ്സൈറ്റ്, ഐഡി കാർഡ്: 3 ലക്ഷം

കലാ–സാംസ്കാരിക പരിപാടികൾ: 40 ലക്ഷം

കോഫി ടേബിൾ ബുക്ക്, സുവനീർ: 10 ലക്ഷം

ഇവന്റ് കിറ്റ്, മെമന്റോ: 12.25 ലക്ഷം

മാധ്യമ പ്രചാരണം: 76 ലക്ഷം

റോഡ് ഷോ: 29 ലക്ഷം

സർക്കാർ സ്ഥാപനമായ സ്പോർട് കേരള ഫൗണ്ടേഷനുളള ഭരണ പരമായ ചെലവുകൾ: 6.46 ലക്ഷം

കൺസൽറ്റൻസി: 7 ലക്ഷം

ആകെ: 3,61,75000

English Summary:

International Sports Summit Kerala: ₹3.62 Crore Spent, Promises Drawn connected Water!

Read Entire Article