Published: May 03 , 2025 04:46 PM IST
1 minute Read
അഹമ്മദാബാദ്∙ എതിർ ടീമിനെതിരെ മെനയുന്ന തന്ത്രങ്ങൾ കളിക്കിടെ ആണെങ്കിൽക്കൂടി ടീമംഗങ്ങളുടെ ചെവിയിൽ മന്ത്രിക്കുന്നതാണ് ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്റയുടെ പ്രശസ്തമായ ശൈലി. മത്സരം നടക്കുന്ന സമയത്ത് ബൗണ്ടറി ലൈനിനു സമീപം ഫീൽഡ് ചെയ്യുന്ന താരങ്ങളുടെ ചെവിയിൽ ‘രഹസ്യം പറയുന്ന’ നെഹ്റയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകളും പ്രചരിക്കാറുണ്ട്. ഇത്തവണ ആ ശൈലിയൊന്നു മാറ്റിപ്പിടിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് നെഹ്റ. എങ്ങനെയാണെന്നല്ലേ? ബൗണ്ടറി ലൈനിനു സമീപം നിന്ന് നെഹ്‌റ ടീമംഗങ്ങൾക്കു നൽകിയ നിർദ്ദേശം ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം വൈറലായത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ ഗുജറാത്ത് ബോളർമാർക്ക് ബൗണ്ടറി ലൈനിനു സമീപം നിന്ന് ആംഗ്യഭാഷയിൽ നെഹ്‌റ നൽകിയ നിർദ്ദേശമാണ് ക്യാമറയിൽ പതിഞ്ഞത്. ഗുജറാത്തിന്റെ പ്രധാന ബോളർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഉന്നമിട്ടായിരുന്നു നെഹ്റയുടെ ആംഗ്യഭാഷയിലുള്ള നിർദ്ദേശമെങ്കിലും, സംഭവം ഉടനടി വൈറലായി.
ഗുജറാത്ത് ഉയർത്തിയ 225 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ്, അഭിഷേക് ശർമ – ഹെൻറിച് ക്ലാസൻ കൂട്ടുകെട്ടിലൂടെ ഇടയ്ക്ക് കൃത്യമായ ട്രാക്കിലായിരുന്നു. ഇതിനു മുൻപ് ഇഷാൻ കിഷൻ ക്ഷമയോടെ ക്രീസിൽ പിടിച്ചുനിൽക്കുന്ന സമയത്താണ് ബൗണ്ടറി ലൈനിനു സമീപം നിന്ന് നെഹ്റ പ്രസിദ്ധിനും സിറാജിനുമുള്ള നിർദ്ദേശം നൽകിയത്. സൺറൈസേഴ്സ് ബാറ്റർമാർക്കെതിരെ നെഞ്ച് ലക്ഷ്യമിട്ട് ബൗൺസറുകൾ എറിയാനായിരുന്നു നിർദ്ദേശം.
മത്സരത്തിൽ നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയായിരുന്നു കളിയിലെ കേമൻ. മുഹമ്മദ് സിറാജും നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 224 റൺസ്. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ പോരാട്ടം 186ൽ അവസാനിച്ചു. തോൽവിയോടെ ഗുജറാത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ, ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറക്കുറെ അസ്തമിക്കുകയും ചെയ്തു.
English Summary:








English (US) ·