09 September 2025, 12:58 PM IST

അഭിമന്യു മിശ്രയും ഗുകേഷും മത്സരത്തിനിടെ | x.com/TheKhelIndia
ന്യൂഡല്‍ഹി: ചെസ്സില്‍ ഡി. ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കക്കാരനായ പതിനാറുകാരന്‍. ഫിഡെ ഗ്രാന്‍ഡ് സ്വിസ്സിന്റെ അഞ്ചാം റൗണ്ടില്‍ അഭിമന്യു മിശ്രയാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ വംശജനാണ് മിശ്ര. ക്ലാസിക്കല്‍ ചെസ്സില്‍ നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരിക്കുകയാണ് മിശ്ര. ചെസ് ചരിത്രത്തില്‍ ഒരു ഗ്രാന്‍ഡ്മാസ്റ്ററെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മിശ്രയാണ്.
അഭിമന്യു മിശ്രയുടെ 12-ാമത്തെ അപ്രതീക്ഷിതമായ നീക്കം ഗുകേഷിനെ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് തിരിച്ചുവരവിന് ഗുകേഷ് ശ്രമിച്ചെങ്കിലും 61 നീക്കങ്ങള്‍ക്കൊടുവില്‍ മിശ്ര ജയം സ്വന്തമാക്കുകയായിരുന്നു. അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയമാണ് നേടിയതെങ്കിലും തന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നാണ് മത്സരശേഷം മിശ്ര പറഞ്ഞത്. എങ്കിലും ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോകുന്നതില്‍ സന്തോഷമുണ്ട്. ഈ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ടൂര്‍ണമെന്റ് നേടാന്‍ സാധ്യതയുണ്ടെന്നും മിശ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗുകേഷിനെക്കാളും പ്രജ്ഞാനന്ദയെക്കാളും താഴെയാണ് താനെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും അവര്‍ക്കൊപ്പം താനുമുണ്ടെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. പ്രജ്ഞാനന്ദയ്ക്കും ഇത് മികച്ച ദിവസമായിരുന്നില്ല. ജര്‍മനിയുടെ മത്തിയാസ് ബ്ലൂബോമിനോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി. കളിയുടെ അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചതോടെ, 55 നീക്കങ്ങള്‍ക്കൊടുവില്‍ മത്തിയാസ് ജയം സ്വന്തമാക്കുകയായിരുന്നു.
Content Highlights: 16-Year-Old Abhimanyu Mishra Defeats World Chess Champion D Gukesh








English (US) ·