Published: July 29 , 2025 09:19 AM IST
1 minute Read
‘എം.എസ്. ധോണിയെപ്പോലെയാണ് ദിവ്യ. സമ്മർദഘട്ടങ്ങളിലാണു ദിവ്യയിലെ പോരാളി തലയുയർത്തുക’ – ഇങ്ങനെ പറഞ്ഞത് ദിവ്യ ദേശ്മുഖിന്റെ ആദ്യകാല പരിശീലകൻ ശ്രീനാഥ് നാരായണനാണ്. ‘‘സമ്മർദനിമിഷങ്ങളിൽനിന്നാണ് ദിവ്യ വിജയത്തിലേക്കു കരുക്കൾ നീക്കിത്തുടങ്ങുന്നത്. ചെസ് ലോകകപ്പിലെ കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ദിവ്യ അതു പ്രകടമാക്കിക്കഴിഞ്ഞു. ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് എന്നു തുടങ്ങി എല്ലാ ഫോർമാറ്റിലും ഒരു പോലെ മിടുക്കിയാണു ദിവ്യ. ആ പ്രകടനങ്ങൾ വരുംകാലത്തു ലോകം കാണാനിരിക്കുന്നതേയുള്ളൂ’’– ദിവ്യയുടെ പരിശീലകന്റെ വാക്കുകൾ ശരിയെന്നു തെളിയിക്കും വിധമാണു പത്തൊമ്പതുകാരി ദിവ്യയുടെ കരിയർ ഗ്രാഫ് കുതിക്കുന്നത്.
വനിതാ ചെസ് ലോകകപ്പ് ഫൈനലിലെ എതിരാളി കൊനേരു ഹംപി 2002ൽ ഗ്രാൻഡ്മാസ്റ്റർ ആകുമ്പോൾ ദിവ്യ ദേശ്മുഖ് ജനിച്ചിട്ടില്ല. പിന്നെയും 3 വർഷം കഴിഞ്ഞു ജനിച്ച ദിവ്യ വളരെപ്പെട്ടെന്നാണു ചെസിൽ തന്റെ വരവ് അറിയിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പുരിൽ, ഡോക്ടർ ദമ്പതികളായ ജിതേന്ദ്ര ദേശ്മുഖിന്റെയും നമ്രതയുടെയും മകളായ ദിവ്യയ്ക്കു വളരെ ചെറുപ്പത്തിൽ തന്നെ ചെസ് പരിശീലനം ലഭിച്ചു.
ദിവ്യ 2021ലാണ് വനിതാ ചെസ് ഇന്റർനാഷനൽ മാസ്റ്റർ ആകുന്നത്. അതിനു മുൻപു 2020ൽ നടന്ന ചെസ് ഒളിംപ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ ടീമംഗമായിരുന്നു ദിവ്യ. 2022ൽ വനിതാ ദേശീയ കിരീടം. ആ വർഷം ചെന്നൈ മഹാബലിപുരത്തു നടന്ന ചെസ് ഒളിംപ്യാഡിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലവും നേടി. 2024ൽ ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിംപ്യാഡിൽ വ്യക്തിഗതവിഭാഗത്തിൽ സ്വർണം നേടിയ ദിവ്യ, ഇന്ത്യൻ ടീമിനെ സ്വർണജേതാക്കളാക്കുന്നതിലും മുഖ്യപങ്കുവഹിച്ചു.
ഇത്തവണ വനിതാ ചെസ് ലോകകപ്പിൽ 15–ാം സീഡായിരുന്നു ദിവ്യ. നാലാം റൗണ്ടിൽ, രണ്ടാം സീഡ് ചൈനക്കാരി സു ജിനറിനെ തോൽപിച്ചായിരുന്നു തുടക്കം. ക്വാർട്ടർ ഫൈനലിൽ 10–ാം സീഡ് ഇന്ത്യക്കാരി ഹരിക ദ്രോണവല്ലിയെ കീഴടക്കിയ ദിവ്യ സെമിഫൈനലിൽ മൂന്നാം സീഡ് ചൈനക്കാരി ടാൻ സോങ്‌യിയെയും തോൽപിച്ചു.
ഫൈനലിൽ നാലാം സീഡ് കൊനേരു ഹംപിയെയും കീഴടക്കി ദിവ്യ ഇന്ത്യയിലെ ആദ്യത്തെ വനിതാ ചെസ് ലോകകപ്പ് ജേതാവ് എന്ന നേട്ടത്തിന് അർഹയായി. ആർ. പ്രഗ്നാനന്ദയുടെ പരിശീലകനായ ആർ.ബി.രമേഷിനു കീഴിൽ ചെസ് അഭ്യസിച്ചിട്ടുണ്ട് ദിവ്യ. അക്കാലത്ത് എല്ലാമാസവും നാഗ്പൂരിൽനിന്ന് ട്രെയിനിൽ ചെന്നൈയിലെത്തി ഒരാഴ്ച വീതം പരിശീലനം നടത്തി മടങ്ങുന്നതായിരുന്നു രീതി.
English Summary:








English (US) ·