28 July 2025, 05:29 PM IST

Photo: PTI
ബാത്തുമി (ജോര്‍ജിയ): ഫിഡെ ലോക വനിതാ ചെസ് ലോകകപ്പില്‍ കിരീട നേട്ടത്തോടെ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖ്. ജോര്‍ജിയയിലെ ബാത്തുമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ (1.5-0.5) തോല്‍പ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം. ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ.
നേരത്തേ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.
ടൂര്‍ണമെന്റി വിജയിച്ച ദിവ്യയ്ക്ക് 50,000 യുഎസ് ഡോളര്‍ (ഏകദേശം 43 ലക്ഷം രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഹംപി, ദ്രോണവല്ലി ഹരിക, ആര്‍. വൈശാലി എന്നിവര്‍ക്കു ശേഷം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ. വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ജു വെന്‍ജുനെ ആരാണ് നേരിടേണ്ടതെന്ന് തീരുമാനിക്കുന്ന അടുത്ത വര്‍ഷത്തെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ഇതോടെ ദിവ്യ സ്വന്തമാക്കി.
Content Highlights: 19-year-old Indian chess prodigy Divya Deshmukh defeats Koneru Humpy to triumph the FIDE Women`s ChessWC








English (US) ·