തൃശ്ശൂര്‍: കേരളത്തില്‍ ചെസിന്റെ വളര്‍ച്ചയില്‍ നിര്‍ണായകനീക്കം നടത്തുകയാണ് പ്രീമിയര്‍ ചെസ് അക്കാദമി സിഇഒ കോട്ടയം സ്വദേശി രഞ്ജിത്ത് ബാലകൃഷ്ണന്‍. രഞ്ജിത്തിന്റെ 200 കോടി രൂപ വിപണിമൂല്യമുള്ള ചെസ് അക്കാദമി 20-രാജ്യങ്ങളിലായി 20,000 പേര്‍ക്ക് ഓണ്‍ലൈന്‍ വഴി ചെസ് പരിശീലനം നല്‍കുന്നുണ്ട്.
ചെസ് കളിക്കാനുള്ള വേദി ഒരുക്കുക മാത്രമല്ല, കളിക്കാരുടെ ക്ഷേമത്തിന് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങളും പരിശീലകര്‍ക്ക് മികച്ച വരുമാനമുള്ള തൊഴില്‍സാധ്യതകളും നടപ്പാക്കി വരുന്നു. സെപ്റ്റംബര്‍ ആറിനും ഏഴിനും തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകത്തിലെ ആദ്യത്തെ ഫിക്സഡ് 20-ബോര്‍ഡ് ഫോര്‍മാറ്റ് ടൂര്‍ണമെന്റായ കേരള പ്രീമിയര്‍ ചെസ് ലീഗിന്റെ രൂപകല്പനയും നടത്തിപ്പും രഞ്ജിത്താണ്. ഒരു കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്.
''2020-ല്‍ കോവിഡിനെ തുടര്‍ന്ന് ചെസ് കളിക്കാരനായ നാട്ടിലെ സുഹൃത്തിന് ജോലി നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ സഹായിക്കാനാണ് ഒരു ഓണ്‍ലൈന്‍ അക്കാദമി എന്ന ആശയം മനസ്സില്‍ ഉദിച്ചത്. ആ സമയത്ത് ഞാന്‍ യുഎസിലായിരുന്നു. സുഹൃത്തിനെ പരിശീലകനാക്കി ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. 2022-ല്‍ ഞാന്‍ ജോലി ഉപേക്ഷിച്ച് ദീപക് സുബ്രഹ്‌മണി എന്ന സുഹൃത്തുമായി ചേര്‍ന്നാണ് തിരുവനന്തപുരത്ത് പ്രീമിയര്‍ ചെസ് അക്കാദമി സ്ഥാപിച്ചത്-'' രഞ്ജിത്ത് പറഞ്ഞു.
ഫിഡെ റേറ്റഡ് ആയ നൂറിലധികം ഇന്‍സ്ട്രക്ടര്‍മാരും ഒട്ടേറെ ജീവനക്കാരും മുതിര്‍ന്ന ചെസ് താരങ്ങളും ഉള്‍പ്പെട്ട ടീം കേരളത്തില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ചെസ് കളിക്കാരുടെ വേദനയകറ്റാന്‍ രഞ്ജിത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ആശ്വാസകരമാണെന്ന് മുതിര്‍ന്ന ചെസ് കളിക്കാരനും ആര്‍ബിറ്ററുമായ എറണാകുളത്തെ കെ.എ. യൂനസ് പറഞ്ഞു. പെരുമ്പാവൂരിലെ ഒരു ചെസ് കളിക്കാരന് ഡയാലിസിസിനുള്ള ചെലവ് മുടങ്ങാതെ നല്‍കുന്നു. അപകടത്തില്‍പെട്ട മുതിര്‍ന്ന ചെസ് കളിക്കാരന് അടിയന്തരമായി ചികിത്സാസഹായം നല്‍കി- യൂനസ് പറഞ്ഞു.
''വീട് ഇല്ലാത്തതിന്റെ ദുഃഖം പറഞ്ഞപ്പോള്‍ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കി. വീട് പണിതു നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്.'' മുതിര്‍ന്ന ഫിഡെ റേറ്റഡ് കളിക്കാരന്‍ തൃശ്ശൂരിലെ ഒ.എ. രാജു പറഞ്ഞു.
ലോകത്തിലെ ആദ്യത്തെ ഫിക്സഡ് 20-ബോര്‍ഡ് ചെസ് ലീഗ് എന്നറിയപ്പെടുന്ന കേരള പ്രീമിയര്‍ ചെസ് ലീഗിന്റെ (കെപിസിഎല്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജേഴ്‌സി അനാച്ഛാദനം, ഉഷ ഉതുപ്പ് ആലപിച്ച തീം സോങ്ങിന്റെ പ്രകാശനം, കളിക്കാരുടെ ലേലം എന്നിവ നടന്നു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 654 കളിക്കാരില്‍നിന്ന് 350 പേരെ തിരഞ്ഞെടുത്തു. എം.ആര്‍. വെങ്കിടേഷ്, സ്വയംസ് മിശ്ര, ദീപന്‍ ചക്രവര്‍ത്തി തുടങ്ങിയ ഗ്രാന്‍ഡ്മാസ്റ്റര്‍മാരും മറ്റ് അന്താരാഷ്ട്ര കളിക്കാരും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
Content Highlights: Ranjith Balakrishnan launches Kerala Premier Chess League, a first-of-its-kind fixed 20-board format








English (US) ·