Published: May 01 , 2025 11:28 AM IST Updated: May 02, 2025 09:35 AM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ചെന്നൈ സൂപ്പർ കിങ്സ് ഏറ്റുവാങ്ങിയ മത്സരത്തിൽ, ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി സിക്സർ പറത്തിയ പന്ത് ഡഗ്ഔട്ടിനു സമീപം ക്യാച്ചെടുത്ത് രവീന്ദ്ര ജഡേജ. യുസ്‌വേന്ദ്ര ചെഹലിനെതിരെ ധോണി ഒറ്റക്കൈകൊണ്ടു നേടിയ സിക്സറിലാണ്, ഗ്രൗണ്ടിനു പുറത്ത് ജഡേജയുടെ ക്യാച്ച്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ചെന്നൈ ഇന്നിങ്സിലെ 19–ാം ഓവറിലാണ് സംഭവം. 18 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റൺസുമായി ശക്തമായ നിലയിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. രണ്ടു പന്തിൽ അഞ്ച് റൺസുമായി ധോണിയും നാലു പന്തിൽ രണ്ടു റൺസുമായി ശിവം ദുബെയും ക്രീസിൽ. ഇതിനിടെയാണ് ആരാധകരിൽ ഉൾപ്പെടെ അമ്പരപ്പ് സൃഷ്ടിച്ച് പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിന് പന്ത് കൈമാറുന്നത്. ആദ്യം എറിഞ്ഞ 2 ഓവറിൽ 23 റൺസായിരുന്നു ചെഹൽ വഴങ്ങിയത്.
സ്ട്രൈക്ക് ചെയ്ത ധോണിക്കെതിരെ ചെഹൽ എറിഞ്ഞ ആദ്യ പന്ത് വൈഡായി. പകരം എറിഞ്ഞ ആദ്യ പന്തിൽ സർവ കരുത്തും കൈകളിലേക്ക് ആവാഹിച്ച് ധോണിയുടെ പടുകൂറ്റൻ ഷോട്ട്. ഓഫ് സ്റ്റംപിനു പുറത്തുവന്ന പന്തിൽ ധോണി തൊടുത്ത ഒറ്റക്കൈ ഷോട്ട് ഉയർന്നുപൊങ്ങി ഗ്രൗണ്ടിനു പുറത്തേക്ക്.
ഇതിനിടെ ചെന്നൈ ഡഗ്ഔട്ടിൽനിന്ന് എഴുന്നേറ്റുവന്ന രവീന്ദ്ര ജഡേജ, പന്ത് കയ്യിലൊതുക്കുകയായിരുന്നു. ക്യാച്ചെടുത്തിന്റെ ആഹ്ലാദം പ്രകടിപ്പിച്ച താരം, പന്ത് നേരെ ഗ്രൗണ്ടിലേക്ക് എറിയുകയും ചെയ്തു.
അതേസമയം, ആദ്യ പന്തിൽ ധോണി സിക്സറുമായി തുടക്കമിട്ടെങ്കിലും തൊട്ടടുത്ത പന്തിൽത്തന്നെ ധോണിയെ പുറത്താക്കിയാണ് ചെഹൽ മറുപടി നൽകിയത്. നാലു പന്തിൽ 11 റൺസുമായി ചെഹലിന്റെ പന്തിൽ നേഹൽ വധേരയ്ക്ക് ക്യാച്ച് നൽകിയായിരുന്നു ധോണിയുടെ മടക്കം. പിന്നീട് ഇതേ ഓവറിൽ 4, 5, 6 പന്തുകളിലായി ദീപക് ഹൂഡ (2 പന്തിൽ രണ്ട്), അൻഷുൽ കംബോജ് (0), നൂർ അഹമ്മദ് (0) എന്നിവരെ പുറത്താക്കി ചെഹൽ ഹാട്രിക്കും പൂർത്തിയാക്കി.
English Summary:








English (US) ·