'ചേട്ടാ സൈക്കോ ഷമ്മിയൊക്കെ ഔട്ടായി, സിഐ ജോര്‍ജാണ് പുതിയ താര'മെന്ന് ഫഹദ് പറഞ്ഞു|പ്രകാശ് വര്‍മ അഭിമുഖം

8 months ago 9

prakash varma

പ്രകാശ് വർമ 'തുടരും' ചിത്രത്തിൽ | Photo: Instagram/ Amal C Sadhar

‘‘എവിടെയായിരുന്നു ഇത്രയും കാലം...?’’ ‘തുടരും’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പ്രകാശ് വർമ്മയുടെ അഭിനയം കണ്ട് നിർമാതാവ് എം. രഞ്ജിത് ചോദിച്ച സമാന ചോദ്യമാണ് സിനിമ റിലീസായശേഷം ലോകമെമ്പാടുമുള്ള മലയാളികളും ചോദിക്കുന്നത്. സി.ഐ. ജോർജ് എന്ന ഉശിരൻ കഥാപാത്രമായി ‘തുടരും’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ചിത്രത്തിന്റെ നെടുംതൂണായിമാറിയ പ്രകടനമാണ് പ്രകാശ് വർമ്മ നടത്തിയിരിക്കുന്നത്. അഭിനയത്തിൽ പുതുമുഖമാണെങ്കിലും ഈ ‘ജോർജ് സാർ’ ആള് ചില്ലറക്കാരനല്ല, വർത്തമാന ഇന്ത്യൻ പരസ്യമേഖലയിലെ എണ്ണംപറഞ്ഞ സംവിധായകൻ, ജനപ്രിയ പരസ്യചിത്രങ്ങളിലൂടെ പരസ്യചിത്രീകരണരീതിതന്നെ പൊളിച്ചെഴുതിയ മലയാളിയാണ് പ്രകാശ് വർമ്മ. സൂസൂ, ഹച്ച്, കാഡ്ബെറി, കേരള ടൂറിസം, ദുബായ് ടൂറിസം, ഇൻക്രെഡിബിൾ ഇന്ത്യ തുടങ്ങി ലോകശ്രദ്ധയാകർഷിച്ച ഒട്ടനവധി പരസ്യങ്ങൾ പ്രകാശ് വർമ്മയുടേതാണ്. ഐഫോൺ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ഫോൺ പേ, കിറ്റ്കാറ്റ്, ബിസ്‌ലേരി, കാമെറി ഐസ്‌ക്രീം, നെസ്‌ലെ തുടങ്ങി ഒരുപാട് ലോകബ്രാൻഡുകളുടെ പരസ്യങ്ങൾ പിറക്കുന്നത് പ്രകാശ് വർമ്മയുടെ കൈകളിലാണ്.

‘തുടരും’ തരംഗംതീർക്കുകയാണ്, സി.ഐ. ജോർജിന് അഭിനന്ദനപ്രവാഹമാണ്, എത്രമാത്രം സന്തോഷവാനാണ്...

‘‘ചേട്ടാ, സൈക്കോ ഷമ്മിയൊക്കെ ഔട്ടായി, സി.ഐ. ജോർജാണ് പുതിയ താരം’’ കഴിഞ്ഞദിവസം സ്വകാര്യസംഭാഷണത്തിനിടെ സുഹൃത്തും നടനുമായ ഫഹദ് പറഞ്ഞ വാക്കുകളാണിത്. അത്രമാത്രം ജനങ്ങൾ സിനിമയെ ഏറ്റെടുത്തുവെന്നതിൽ സന്തോഷം. എപ്പോഴും ഒരുപാടുപേർ ഒരുമിച്ച് ഏറെ അധ്വാനിച്ച് ഒരുകാര്യം ചെയ്യുമ്പോൾ അത് ഏറ്റവും നന്നാകണമെന്ന് ആഗ്രഹിക്കും. തുടരും എന്ന സിനിമ ചെയ്യുന്നസമയത്ത് അതേപോലെത്തന്നെ ഇതൊരു മികച്ച സിനിമയാകണമെന്ന ആഗ്രഹവും പ്രാർഥനയും എനിക്കും ഉണ്ടായിരുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ രണ്ട്‌ മികച്ചസിനിമകൾക്കുശേഷം സംവിധായകൻ തരുൺ മൂർത്തിയുടെ കരിയറിലെ ഏറ്റവും പ്രധാനമായ സിനിമയായിരുന്നു തുടരും. അതും മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളുമായി. അത്തരമൊരു സിനിമയിലെന്നെപോലൊരു പുതുമുഖത്തെ ഏറെ നിർണായകമായ കഥാപാത്രം ഏൽപ്പിക്കുകയെന്നത് തരുൺ ധൈര്യപൂർവമെടുത്ത തീരുമാനമാണ്. പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ ഇരട്ടിയായി ഈ സിനിമയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ എല്ലായിടത്തും കാണുന്നത്. എന്റെ ഫോൺ വിശ്രമമില്ലാതെ പ്രേക്ഷകരുടെ സ്നേഹാശംസകൾകൊണ്ട് നിറയുകയാണ്. അത്തരമൊരു സന്ദർഭത്തിൽ ജോർജ് എന്ന കഥാപാത്രം എന്നെ ഏൽപ്പിച്ച തരുണിന് അതിന്റെ എല്ലാ സന്തോഷവും അറിയിക്കുന്നു.

ഇന്ത്യൻ പരസ്യസംവിധാനമേഖലയിലെ മലയാളിയുടെ അഭിമാനമാണ്, അഭിനയത്തിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നോ...

തുടരും സിനിമയുടെ രചയിതാവായ സുനിൽ എന്റെ അടുത്ത സുഹൃത്താണ്. സുനിലിൽനിന്ന് എത്രയോ വർഷംമുൻപ്‌ ഈ കഥയുടെ ആദ്യ ആശയം ഞാൻ കേട്ടിട്ടുമുണ്ട്. രണ്ടുവർഷമായി ഒരു ഡോക്യുമെന്ററി വർക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുപാട് ചർച്ചകൾ നടത്തുന്നുണ്ട്. തുടരും സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുന്നസമയം ഞാൻ എന്റെയൊരു വർക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലുണ്ട്. അന്ന് ഞാൻ സുനിലിനെ കാണുകയും സംസാരിക്കുന്നതിനിടെ ഞാനറിയാതെ സുനിൽ എന്റെ കുറച്ച് പടങ്ങളെടുത്ത് തരുണിന് അയച്ചുകൊടുക്കുകയും ചെയ്തു. ‘‘അഭിനയിക്കാൻ താത്പര്യമുണ്ടോ’’ എന്ന ചോദ്യത്തോടെയാണ് തരുൺ എന്നെ വിളിക്കുന്നത്. ഞാൻ അതിന് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു ‘‘നമ്മൾ ചെയ്യാത്ത പലകാര്യങ്ങളും ചെയ്യുമ്പോഴാണല്ലോ പറ്റുമോ ഇല്ലയോ എന്നറിയുക, അതിനാൽ നമുക്ക് ശ്രമിച്ചുനോക്കാം.’’ കഥാപാത്രത്തെപ്പറ്റി ചോദിച്ചപ്പോൾ തരുണും സുനിലും ആദ്യം എന്നോട് പറഞ്ഞത് ഈ സിനിമയിൽ ലാലേട്ടനൊപ്പം നിർണായകമായ ഒരാളാണ്, വളരെ നല്ലൊരു മനുഷ്യനാണ് എന്നാണ് (ചിരിക്കുന്നു). പിന്നീട് ​െബംഗളൂരുവിലെ എന്റെ ഓഫീസിൽവെച്ചാണ് തരുണും സുനിലും വന്ന് കഥ പറഞ്ഞത്. ഞാനും ഭാര്യ സ്നേഹയും ഒരുമിച്ചാണ് കഥ കേട്ടത്. ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും മികച്ച നരേഷനായിരുന്നു തരുൺ അന്ന് നടത്തിയത്. ഇത്ര ക്ലാരിറ്റിയുള്ള ഒരു സംവിധായകന്റെ കൂടെ വർക്ക്ചെയ്യുമ്പോൾ അത് രസകരമായിരിക്കുമെന്ന്‌ എനിക്ക് തോന്നി. എന്നാൽ, ഇത്രവലിയൊരു സിനിമയിൽ അഭിനയത്തിൽ പുതുമുഖമായ എന്നെ കാസ്റ്റ്ചെയ്തത് നാളെ ഒരബദ്ധമായി തോന്നരുതെന്നും അതിനാൽ ഇപ്പോൾത്തന്നെ ഫോണിൽ എന്നെക്കൊണ്ട് അഭിനയിപ്പിച്ച് രണ്ട് സീൻ ഷൂട്ട്ചെയ്യണമെന്നും ഞാൻ നിർദേശിച്ചു. ആ സീനുകൾ ലാലേട്ടന് അയച്ചുകൊടുത്തു അദ്ദേഹത്തിന്റെ അഭിപ്രായംകൂടി വേണമെന്ന് ഞാൻ പറഞ്ഞു. പറഞ്ഞതുപോലെ തരുൺ അപ്പോൾത്തന്നെ രണ്ട്‌ സീൻ ഷൂട്ട്ചെയ്ത് ലാലേട്ടന് അയച്ചുകൊടുത്തു. അത് കണ്ട് അദ്ദേഹം ഉടൻ വിളിച്ചു, നമുക്ക് പ്രകാശ് മതി എന്ന് പറഞ്ഞു. അതോടെ ആത്മവിശ്വാസമായി. ഞാൻ ഭാര്യയോട് ‘‘എന്താണ് ചെയ്യേണ്ടത്’’ എന്ന് അഭിപ്രായം ചോദിച്ചു. അവൾ തീരുമാനം എനിക്ക് വിട്ടു. കുറച്ചുസമയം ഒരു മുറിയിൽ ഒറ്റയ്ക്കിരുന്ന് ആലോചിച്ചശേഷം ഞാൻ ചെയ്യാമെന്ന്‌ ഉറപ്പുനൽകി.

സി.ഐ. ജോർജിനെ ജീവിതത്തിൽ പരിചയമുണ്ടോ, മുന്നൊരുക്കം നടത്തിയിരുന്നോ...

സത്യത്തിൽ, അത്തരമൊരു പോലീസ് സ്റ്റേഷനോ പൊലീസുദ്യോഗസ്ഥനെയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കാരണം ആ മേഖലയുമായി ബന്ധപ്പെടേണ്ട അവസരമുണ്ടായിട്ടില്ല. പിന്നെ സിനിമ തുടങ്ങുന്നതിനുമുൻപ്‌ മുന്നൊരുക്കത്തിനുള്ള ഒരുസമയവും ഉണ്ടായിരുന്നില്ല. കാരണം അഭിനയിക്കാൻ തീരുമാനിക്കുമ്പോൾ ഒരുപാട് കമ്മിറ്റ്മെന്റുകളുടെ നടുവിലായിരുന്നു ഞാൻ. ഭൂരിഭാഗവും കുറച്ച് മുന്നോട്ട് മാറ്റിവെച്ചെങ്കിലും ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പ്രോജക്ട് ഉണ്ടായിരുന്നു. രാജസ്ഥാനിൽ അതിന്റെ ഷൂട്ട് പൂർത്തിയാക്കി നേരേ ഞാൻ തുടരുംസിനിമയുടെ സെറ്റിലേക്ക് എത്തുകയായിരുന്നു. അപ്പോഴേക്കും തുടരും 20 ദിവസം ഷൂട്ട് കഴിഞ്ഞിരുന്നു. തരുൺ അത്രയും കൃത്യമായി പറഞ്ഞുതരുന്നതുകൊണ്ട് ക്ലാരിറ്റിയുടെ ഒരുപ്രശ്നവും ഉണ്ടായിരുന്നില്ല. കുറെകാര്യങ്ങൾ തരുൺതന്നെ ഷൂട്ടിനിടയിൽ ഇംപ്രവൈസ്ചെയ്തതാണ്. ഹലോ എന്ന് പറയുന്ന സീക്വൻസൊക്കെ അത്തരത്തിലുള്ളതാണ്. പിന്നെ ലാലേട്ടനുമായി ഞാൻ മുൻപ്‌ വർക്ക്ചെയ്തിട്ടുണ്ട്, അതിനാൽ നല്ല സൗഹൃദമുണ്ട്. ഞാൻ അഭിനയിച്ചുതുടങ്ങുമ്പോൾ തെറ്റിപ്പോയാൽ പറയണേയെന്ന്‌ അദ്ദേഹത്തോട് പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചത് ‘ആരാ ഈ പറയുന്നേ..?’ എന്നാണ്. അതെനിക്ക് വലിയ ആത്മവിശ്വാസം നൽകി. ഒരു ഷോട്ട് കഴിഞ്ഞാൽ നന്നായി എന്നൊന്നും ലാലേട്ടൻ പറയില്ല, പകരം നമ്മുടെ കൈയിലൊന്ന്‌ പിടിക്കും. അതിൽ എല്ലാമുണ്ടാകും. ആ പിന്തുണ എന്നെ ഏറെ സഹായിച്ചു. അതുകൊണ്ട് ആ ഒഴുക്കിനൊപ്പം ചേരാൻ എളുപ്പത്തിൽ സാധിച്ചു. മണിയൻപിള്ളരാജുച്ചേട്ടൻ, ശോഭന, നിർമാതാവ് രഞ്ജിത്തേട്ടൻ തുടങ്ങി എല്ലാവരും അഭിനയിക്കാൻ വലിയ പിന്തുണയും പ്രോത്സാഹനവും നൽകി.

ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജോലിക്കാരനിൽനിന്ന് ഇന്നത്തെ പ്രകാശ് വർമ്മയിലേക്കുള്ള യാത്രയെപ്പറ്റി....

ആലപ്പുഴയാണ് എന്റെ സ്വദേശം. സിനിമമാത്രമായിരുന്നു എന്റെ ജീവിതം. ചെറുപ്പംതൊട്ടേ കണ്ട സിനിമകളുടെ കഥ സുഹൃത്തുക്കൾക്ക് പറഞ്ഞുകൊടുക്കാൻ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ബിരുദം കഴിഞ്ഞ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണം, സിനിമ പഠിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. മാതാപിതാക്കൾ ഇരുവരും അധ്യാപകരായിരുന്നു. അച്ഛൻ കോളേജ് പ്രൊഫസറും അമ്മ സ്‌കൂൾ ടീച്ചറുമായിരുന്നു. അന്നത്തെക്കാലത്ത് ഡിഗ്രി പൂർത്തിയാക്കിയാൽ നല്ലൊരു ജോലി നേടുകയെന്നതാണ് രീതി. അവരെ കുറ്റംപറയാൻപറ്റില്ല, കാരണം നമ്മുടെ ജീവിതം സുരക്ഷിതമാക്കണമെന്ന്‌ അവർ ആഗ്രഹിച്ചിരുന്നു. പിന്നെ കലയ്ക്കുപുറകേ പോയാൽ ജീവിതം കഷ്ടപ്പാടിലാകുമോയെന്ന്‌ അവർക്കും ആശങ്കയുണ്ടായിരിക്കാം. അതിനാൽ എന്റെ സ്വപ്നത്തിനുപുറകേ പോകാനുള്ള ഏകവഴി ഒരു ജോലി നേടി അതിൽനിന്ന് കാശ് സമ്പാദിച്ച് ഇഷ്ടമുള്ള വഴിയേ പോകുകയെന്നതായിരുന്നു. അങ്ങനെ െബംഗളൂരുവിൽ ഫൈസർ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ലഭിച്ചു. വാരാന്ത്യങ്ങളിൽ കേരളത്തിലേക്ക് വന്ന് പ്രമുഖസംവിധായകരുടെ അടുത്ത് ചെന്ന് അവരുടെ അസിസ്റ്റന്റാകാൻ അവസരം ചോദിക്കുമായിരുന്നു. ഒരുപാടുപേരുടെയടുത്ത് ചെന്നിട്ടുണ്ട്. അവസാനം വിജിയേട്ടന്റെ (വിജി തമ്പി) അടുത്താണ് അവസരം ലഭിച്ചത്. ഞാൻ ജോലി രാജിവെച്ച് മുഴുവൻസമയം സിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട് ലോഹിസാറിനൊപ്പം (ലോഹിതദാസ്) പ്രവർത്തിക്കാനായി. അന്ന് സംവിധായകൻ ബ്ലെസിച്ചേട്ടൻ ലോഹിസാറിന്റെ കൂടെയുണ്ട്. അങ്ങനെ സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുസിനിമയിൽനിന്ന് അടുത്ത സിനിമയിലേക്ക് എത്താൻ ഒരിടവേളയുണ്ടാകും. ആ ഇടവേളയിൽ വെറുതേയിരിക്കാൻപറ്റാത്തതുകൊണ്ടാണ് പരസ്യമേഖലയിൽ സഹസംവിധായകനായി പ്രവർത്തിച്ചുതുടങ്ങിയത്. അങ്ങനെ പരസ്യമേഖലയിൽ സംവിധായകൻ വി.കെ. പ്രകാശിനൊപ്പം സഹസംവിധായകനായി. മെല്ലെ ആ മേഖലയിൽ സ്വതന്ത്രസംവിധായകനായി.

Content Highlights: Thudarum histrion Prakash Varma interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article