ചോദിച്ചു വാങ്ങി, ശരിക്കും കിട്ടി; ഇങ്ങനെ ‘പിച്ചരുത്’.. നോവും!: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു പിഴച്ചത് എന്തൊക്കെ?

2 months ago 2

അജയ് ബെൻ

അജയ് ബെൻ

Published: November 18, 2025 09:42 AM IST

2 minute Read

  • ഇന്ത്യൻ സ്പിൻ പിച്ചുകളിൽ വിദേശ ടീമുകളുടെ വിജയകഥ തുടരുന്നു

  • ആവശ്യപ്രകാരം ഒരുക്കിയ സ്പിൻ പിച്ച് ഇന്ത്യയെ തന്നെ തിരിഞ്ഞുകൊത്തി

  • സ്പിൻ ബോളിങ്ങിനെതിരെ ഇന്ത്യൻ ബാറ്റർമാരുടെ മിടുക്ക് കുറയുന്നു

ഒന്നാം ടെസ്റ്റിന് മുൻപ് ഈഡൻ ഗാർഡൻസിലെ പിച്ച് പരിശോധിക്കുന്ന ശുഭ്മൻ ഗിൽ. (ഫയൽ)
ഒന്നാം ടെസ്റ്റിന് മുൻപ് ഈഡൻ ഗാർഡൻസിലെ പിച്ച് പരിശോധിക്കുന്ന ശുഭ്മൻ ഗിൽ. (ഫയൽ)

താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീണെന്ന് ഇന്ത്യൻ ടീം. ചക്കിനുവച്ചതു കൊക്കിനുകൊണ്ടെന്ന് ക്യുറേറ്റർ...  ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതം ഇതുവരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പിച്ച് വിട്ടുപോയിട്ടില്ല. സ്പിന്നർമാർക്കു പരവതാനി വിരിച്ചും ബാറ്റർമാർക്കു വാരിക്കുഴിയൊരുക്കിയും നിർമിച്ച കൊൽക്കത്തയിലെ പിച്ചാണ് ഇന്ത്യൻ ടീമിനെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടത്.

2 ഇന്നിങ്സുകളിലുമായി ഇന്ത്യയുടെ 18 വിക്കറ്റുകളിൽ പന്ത്രണ്ടും നേടിയത് ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ. ബാറ്റിങ് നിരയെക്കുറിച്ചുള്ള അമിത ആത്മവിശ്വാസവും എതിരാളികളുടെ സ്പിൻ മികവിനെ അവഗണിച്ചതും ഇന്ത്യൻ തോൽവിക്കു പ്രധാന കാരണങ്ങളായി. 

ചോദിച്ചുവാങ്ങിയ പിച്ച്

ഈഡൻ ഗാർഡൻസിലെ പിച്ച് ഇന്ത്യൻ ടീമിന്റെ ആവശ്യപ്രകാരം ഒരുക്കിയതാണെന്ന് കോച്ച് ഗൗതം ഗംഭീർ മത്സരശേഷം സമ്മതിച്ചിരുന്നു. ആദ്യദിനം തന്നെ സ്പിന്നർമാർക്ക് മികച്ച ടേൺ ലഭിക്കണമെന്നാണ് ടീം, ക്യുറേറ്ററോട് ആവശ്യപ്പെട്ടത്. മത്സരത്തിനു മുൻപ് ഒരാഴ്ച വെള്ളം നനയ്ക്കാതിരുന്നതോടെ പിച്ച് വരണ്ടു. പ്ലേയിങ് ഇലവനിൽ 4 സ്പിന്നർമാരെ ഉൾപ്പെടുത്തിയ അപൂർവ കോംബിനേഷനുമായി ഇന്ത്യ മത്സരത്തിനിറങ്ങാൻ കാരണം ഇതായിരുന്നു. 

8 സെഷൻ മാത്രം ദൈർഘ്യമുണ്ടായിരുന്ന മത്സരത്തിൽ ആകെ വീണ 38 വിക്കറ്റുകളിൽ ഇരുപത്തിരണ്ടും നേടിയത് സ്പിന്നർമാരാണ്. ഇന്ത്യ‍ൻ മണ്ണിൽ നടന്ന ടെസ്റ്റുകളിൽ 4 ഇന്നിങ്സുകളിൽ ഒരിക്കൽ പോലും ടീം സ്കോർ 200 കടക്കാത്ത ആദ്യ മത്സരമാണ് ഇതെന്നത് ഈഡനിൽ ബാറ്റിങ് എത്രമാത്രം ദുഷ്ക്കരമായിരുന്നു എന്നതിനു തെളിവായി. 38 വ്യക്തിഗത ഇന്നിങ്സുകളിൽ ഇരുപതിന് മുകളിൽ സ്കോർ വന്നത് 12 തവണ മാത്രം. സ്കോർ 40 കടന്നത് ഒരേയൊരു തവണയും. 

സൂചന കണ്ടു പഠിച്ചില്ല !

2013 മുതൽ 2022 വരെ നാട്ടിൽ നടന്ന 44 ടെസ്റ്റുകളിൽ 36ലും വിജയിച്ച ടീം ഇന്ത്യ തോറ്റത് 2 മത്സരങ്ങളിൽ മാത്രം. അതേ ടീമാണ് ഇന്ത്യൻ മണ്ണിലെ കഴിഞ്ഞ 6 ടെസ്റ്റുകളിൽ 4 തോൽവിയെന്ന നാണക്കേട് ഇപ്പോൾ നേരിടുന്നത്. ഇന്ത്യയൊരുക്കുന്ന സ്പിൻ ട്രാക്കുകളിൽ വിദേശ ബോളർമാർ തകർത്താടുന്ന പതിവ് തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. കഴിഞ്ഞവർഷം നാട്ടിൽ ന്യൂസീലൻഡിനെതിരായ പരമ്പരയിലെ സമ്പൂ‍ർണ തോൽവിയായിരുന്നു (3–0) അതിൽ ഏറ്റവും ഒടുവിലത്തേത്. ആ 3 മത്സരങ്ങളിൽനിന്ന് കിവീസ് സ്പിന്നർമാരായ അജാസ് പട്ടേലും മിച്ചൽ സാന്റ്നറും ചേർന്നു നേടിയത് 28 ഇന്ത്യൻ വിക്കറ്റുകളാണ്. 2023ൽ ഇൻഡോർ ടെസ്റ്റിൽ ഓസീസ് സ്പിന്നർ നേഥൻ ലയണും (11 വിക്കറ്റ്) കഴിഞ്ഞവർഷം ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലിഷ് സ്പിന്നർ ടോം ഹാർട്‍ലിയും (9 വിക്കറ്റ്) സമാന രീതിയിൽ ഇന്ത്യയെ വിറപ്പിച്ചിരുന്നു. എതിരാളികളുടെ സ്പിൻ മികവിനെ വീണ്ടും അവഗണിച്ച ഇന്ത്യ ഇത്തവണ ദക്ഷിണാഫ്രിക്കയുടെ സൈമൺ ഹാമർ വിരിച്ച കെണിയിൽ കുരുങ്ങി.

ഇന്ത്യ അത്ര കേമമല്ല

സ്പിൻ ബോളിങ്ങിനെതിരെ ഇന്ത്യൻ ബാറ്റിങ് നിര പിന്നോട്ടുപോകുന്നുവെന്ന് കണക്കുകൾ തെളിയിക്കുന്നു. സ്പിന്നിനെതിരെ ഇന്ത്യൻ ബാറ്റർമാരുടെ ശരാശരി മുൻപ് 50ന് മുകളിൽ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 32 മാത്രമാണ്. കഴിഞ്ഞവർഷം ന്യൂസീലൻഡിനെതിരായ പരമ്പരയിൽ 40ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ടായിരുന്നത് ടീമിലെ 2 ബാറ്റർമാർക്കു മാത്രം. സ്പിന്നർമാർക്കെതിരെ സ്വീപ് ഷോട്ട് കളിക്കാനുള്ള മികവിലും ഇന്ത്യൻ ബാറ്റർമാർ നിരാശപ്പെടുത്തുന്നു. ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ സ്പിന്നർമാരുടെ 9.2 ശതമാനം പന്തുകളിൽ സ്വീപ്പിനു ശ്രമിച്ചപ്പോൾ ഇന്ത്യൻ ബാറ്റർമാർ സ്വീപ് കളിച്ചത് 5.8 ശതമാനം പന്തുകളിൽ മാത്രം. 

ഉത്തരം കിട്ടില്ല!

സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന ട്രാക്ക് ഒരുക്കാൻ ആവശ്യപ്പെട്ടിട്ടും ബാറ്റിങ് നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ എന്തുകൊണ്ട് ശ്രമിച്ചില്ല എന്നതിന് ഉത്തരമില്ല. 4 സ്പിന്നർമാരെ ഇന്ത്യ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ ഒരു സ്പെഷലിസ്റ്റ് ബാറ്റർ ടീമിൽനിന്നു പുറത്തായി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരുക്കേറ്റു പുറത്താവുക കൂടി ചെയ്തതോടെ 2 ബാറ്റർമാരുടെ കുറവ് മത്സരത്തിൽ വേട്ടയാടി. ഇന്ത്യൻ ടീമിലെ 4 സ്പിന്നർമാരിൽ വാഷിങ്ടൻ സുന്ദർ 2 ഇന്നിങ്സുകളിലായി ഒരോവർ മാത്രമാണ് പന്തെറി‍ഞ്ഞത്. പാർടൈം സ്പിന്നർ എയ്ഡൻ മാർക്രം 3 ഓവർ എറിഞ്ഞതൊഴിച്ചാൽ കേശവ് മഹാരാജ്, സൈമൺ ഹാമർ എന്നീ 2 സ്പിന്നർമാരെ മാത്രം ഉപയോഗിച്ചായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആക്രമണം.

English Summary:

India faced a shocking decision successful the archetypal Test against South Africa, chiefly owed to their batting lineup's conflict against rotation bowling. The team's over-reliance connected a spin-friendly transportation backfired, starring to a important loss.

Read Entire Article