Published: September 26, 2025 10:47 AM IST
1 minute Read
-
ഏഷ്യാകപ്പിലെ അവസാന സൂപ്പർ ഫോർ മത്സരം ഇന്ന്; ഇന്ത്യ– ശ്രീലങ്ക
-
ഇന്ത്യയ്ക്ക് ആശങ്കയായി മധ്യനിര ബാറ്റിങ്ങും ഫീൽഡിങ് പിഴവുകളും
ദുബായ് ∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ചയായി 5 വിജയങ്ങൾ, ഒരു മത്സരം ബാക്കിനിൽക്കെ ഫൈനലിൽ സ്ഥാനമുറപ്പിച്ച ടീം... സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ന് ശ്രീലങ്കയെ നേരിടുമ്പോൾ ഇന്ത്യൻ ടീം ക്യാംപിൽ വിജയത്തുടർച്ചയുടെ ആവേശത്തേക്കാൾ തുടർ പിഴവുകളുടെ നിരാശയാണുള്ളത്. ഓപ്പണിങ് ബാറ്റർമാർ ആളിക്കത്തുമ്പോൾ നനഞ്ഞ പടക്കമായി മാറുന്ന മധ്യനിരയാണ് ടീമിന്റെ പ്രധാന തലവേദന.
ചോരുന്ന കൈകളുമായി തുടരെ നിരാശപ്പെടുത്തുന്ന ഫീൽഡർമാരാണ് മറ്റൊരു ആശങ്ക. ബംഗ്ലദേശിനെതിരായ മത്സരത്തിൽ 5 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യൻ ഫീൽഡർമാർ ടൂർണമെന്റിൽ ഇതുവരെ കൈവിട്ടത് 10 ക്യാച്ചുകളാണ്. ദുബായിൽ ഇന്നു രാത്രി എട്ടു മുതലാണ് ഇന്ത്യ–ശ്രീലങ്ക മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം.
ബുധനാഴ്ച നടന്ന സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലദേശിനെതിരെ 41 റൺസ് വിജയം നേടിയെങ്കിലും മധ്യനിര ബാറ്റിങ്ങിലെ ദൗർബല്യം ഇന്ത്യയെ വീണ്ടും വേട്ടയാടിയിരുന്നു. അഭിഷേക് ശർമയുടെ വെടിക്കെട്ടിന്റെ (75) കരുത്തിൽ ഒന്നാം വിക്കറ്റിൽ 6 ഓവറിൽ 77 റൺസ് നേടിയ ഇന്ത്യയ്ക്ക് തുടർന്നുള്ള 14 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 91 റൺസ് മാത്രമാണ്.
തുടർച്ചയായ രണ്ടാം മത്സരത്തിലും രണ്ടക്കം സ്കോർ നേടാത്ത ക്യാപ്റ്റൻ സൂര്യകുമാറിനൊപ്പം (5) തിലക് വർമയും (5) ശിവം ദുബെയും (2) നിരാശപ്പെടുത്തി. പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഓപ്പണർമാർ 10 ഓവറിൽ 105 റൺസ് നേടിയിട്ടും ഇന്ത്യൻ മധ്യനിരയ്ക്ക് താളം കണ്ടെത്താനായിരുന്നില്ല.
സഞ്ജുവിന്റെ സ്ഥാനംസന്നാഹ മത്സരത്തിന്റെ ലാഘവത്തോടെ ഇന്ന് ശ്രീലങ്കയെ നേരിടുമ്പോൾ സഞ്ജു സാംസണിന്റെ സ്ഥാനമാണ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ മധ്യനിരയിൽ തിളങ്ങാൻ കഴിയാത്ത സഞ്ജുവിനെ ബംഗ്ലദേശിനെതിരായ മത്സരത്തിൽ ബാറ്റിങ് ഓർഡറിൽ എട്ടാം സ്ഥാനത്തേക്ക് താഴ്ത്തിയത് ചർച്ചയായിരുന്നു. സഞ്ജുവിന് ബാറ്റിങ്ങിന് അവസരവും കിട്ടിയില്ല. ഒമാനെതിരെ മൂന്നാമനായി ഇറങ്ങി അർധ സെഞ്ചറി നേടിയ താരത്തിന് വീണ്ടുമൊരിക്കൽക്കൂടി ടോപ് ഓർഡറിൽ അവസരം നൽകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ടൂർണമെന്റിലെ ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ജിതേഷ് ശർമ, റിങ്കു സിങ് എന്നിവർക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ജസ്പ്രീത് ബുമ്രയ്ക്കും ഒരു സ്പിന്നർക്കും വിശ്രമം അനുവദിച്ച് അർഷ്‍ദീപ് സിങ്, ഹർഷിത് റാണ എന്നീ പേസർമാരെ ഇന്ന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
English Summary:








English (US) ·