11 June 2025, 11:50 AM IST

Photo | ANI
ന്യൂഡല്‍ഹി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് മനോള മാര്‍ക്വേസ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശുമായി സമനിലയില്‍ പിരിഞ്ഞ ടീമിന് രണ്ടാം മത്സരത്തിലെ തോല്‍വി കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതിന് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിയാന്‍ മനോള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മനോള മാര്‍ക്വേസിന്റെ കീഴില്‍ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. കഴിഞ്ഞ മൂന്നുമത്സരങ്ങളിലാകട്ടെ ടീമിന് ഒരു ഗോള്‍പോലും കണ്ടെത്താനായതുമില്ല. ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, ഹോങ് കോങ് ടീമുകള്‍ക്കെതിരേയാണ് ഈ മോശം പ്രകടനം. അതോടെ പരിശീലകനുനേരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങുകയാണ് മനോളയെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഹോങ് കോങ്ങിനെതിരായ തോല്‍വി മനോളയ്ക്കും സംഘത്തിനും കനത്ത തിരിച്ചടിയായി. മത്സരത്തില്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് മനോള ടീമിനെ ഇറക്കിയത്. 58-ാം മിനിറ്റിൽ ഛേത്രിയെ കളത്തിലിറക്കിയെങ്കിലും ടീമിന് വിജയിക്കാനായില്ല. പരാജയം നേരിട്ടതോടെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയും തുലാസിലായി. ഇതോടെയാണ് പരിശീലകസ്ഥാനം ഒഴിയാന്‍ സ്പാനിഷ് പരിശീലകന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. 2024 ജൂലായിലാണ് ഇഗോര്‍ സ്റ്റിമാച്ചിന് പകരം മനോള ടീമിന്റെ പരിശീലകനാകുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് എഐഎഫ്എഫ് വൃത്തങ്ങള്‍ പറയുന്നത്.
2020-ലാണ് മനോള ഇന്ത്യയില്‍ പരിശീലകനായി എത്തുന്നത്. 2020 മുതല്‍ 2023 വരെ മൂന്നുവര്‍ഷക്കാലം ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായി. ഇക്കാലയളവില്‍ ഹൈദരാബാദ് ടീമിലെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തി. 2021-22 സീസണില്‍ ഹൈദരാബാദിനെ ഐ.എസ്.എല്‍. ചാമ്പ്യന്മാരാക്കാനും അദ്ദേഹത്തിനായി. പിന്നീട് ഗോവ എഫ്.സി.യുടെ പരിശീലക ചുമതല നിര്‍വഹിച്ചു. ഇന്ത്യയിലെത്തുന്നതിന് മുന്‍പ് സ്വന്തം നാടായ സ്‌പെയിനില്‍ തന്നെ മനോള പരിശീലക കരിയര്‍ ആരംഭിച്ചിരുന്നു. ഇഗോര്‍ സ്റ്റിമാച്ചിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.
Content Highlights: Manolo Marquez to petition AIFF to region him arsenic Indian caput manager report








English (US) ·