ടോക്കിയോ ∙ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ ലോങ് ജംപിൽ ഫൈനൽ യോഗ്യത ലക്ഷ്യമിട്ട് മലയാളി താരം എം. ശ്രീശങ്കർ ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം വൈകിട്ട് 4.10നാണ് യോഗ്യതാ റൗണ്ടിലെ മത്സരം. അദ്ഭുതകരമായ വേഗത്തിൽ പരുക്ക് ഭേദമാക്കി മത്സരരംഗത്തിറങ്ങിയ ശ്രീശങ്കറിന് ഇവിടെ ഫൈനൽ റൗണ്ടിലെത്തുകയാണു ലക്ഷ്യം. 5 രാജ്യാന്തര മീറ്റുകളിൽ ജേതാവായി റാങ്കിങ് മെച്ചപ്പെടുത്തിയാണു ശ്രീശങ്കർ ലോകചാംപ്യൻഷിപ്പിനു യോഗ്യത നേടിയത്.
ഭുവനേശ്വരിൽ നടന്ന കോണ്ടിനന്റൽ ടൂർ അത്‌ലറ്റിക്സിൽ 8.13 മീറ്റർ ചാടിയതാണ് ശ്രീശങ്കറിന്റെ ഈ സീസണിലെ മികച്ച പ്രകടനം. ഇന്ന് 8.15 മീറ്റർ ചാടിയാലാണ് ഫൈനൽ യോഗ്യത ലഭിക്കുക. 2023ൽ 8.41 മീറ്റർ ചാടിയതാണ് കരിയറിലെ മികച്ച പ്രകടനം. 17നാണ് ഫൈനൽ.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഹീറ്റ്സ് മത്സരത്തിൽ ഇന്ത്യയുടെ പാരുൾ ചൗധരിയും ഇന്നിറങ്ങും. ലോക 20–ാം റാങ്ക് താരമാണ് പാരുൾ. യോഗ്യതാ മാർക്ക് മറികടന്ന് ലോക ചാംപ്യൻഷിപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച 5 ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് പാരുൾ. പുരുഷ പോൾവോൾട്ടിൽ സ്വന്തം ലോകറെക്കോർഡ് തിരുത്തുന്നതു പതിവാക്കിയ അർമാൻഡ് ഡ്യുപ്ലാന്റിസിന്റെ ഫൈനൽ മത്സരവും ഇന്നാണ്.
ഫൈനലി ഒബ്ലീക് !
ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് കാണിയായി എത്തിയ പുരുഷന്മാരുടെ 100 മീറ്റർ മത്സരത്തിൽ ജമൈക്കയുടെ ഒബ്ലീക് സെവിലിന് (9.77 സെക്കൻഡ്) സ്വർണം. ജമൈക്കയുടെ തന്നെ കിഷേൻ തോംസൺ (9.82) വെള്ളിയും പാരിസ് ഒളിംപിക് ചാംപ്യൻ യുഎസിന്റെ നോഹ ലൈൽസ് (9.89) വെങ്കലവും നേടി. 2015ൽ ഉസൈൻ ബോൾട്ടിന്റെ സ്വർണ നേട്ടത്തിനു ശേഷം ആദ്യമായാണ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ജമൈക്കൻ താരം വേഗരാജാവാകുന്നത്.
വനിതകളുടെ 100 മീറ്ററിൽ യുഎസിന്റെ മെലീസ ജെഫേഴ്സൻ (10.61) ചാംപ്യൻഷിപ് റെക്കോർഡോടെ സ്വർണം നേടി. ജമൈക്കയുടെ ടീന ക്ലേറ്റൻ (10.76) വെള്ളിയും സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ് (10.84) വെങ്കലവും നേടി. യുഎസ് സൂപ്പർതാരം ഷാകെറി റിച്ചഡ്സൻ 5–ാം സ്ഥാനത്തായി.
കുശാരെ ഫൈനലിൽ; ഗുൽവീർ 16–ാമത്പുരുഷന്മാരുടെ ഹൈജംപിൽ ഇന്ത്യൻ താരം സർവേശ് കുശാരെ ഫൈനലിലെത്തി. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ 2.25 മീറ്റർ പിന്നിട്ടാണ് കുശാരെയുടെ ഫൈനൽ പ്രവേശനം. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ് ഹൈജംപിൽ ഫൈനൽ പ്രവേശനം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കുശാരെ. നാളെയാണ് ഫൈനൽ. പുരുഷന്മാരുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ ഗുൽവീർ സിങ്ങിന് 16–ാം സ്ഥാനം (29.13.33 മിനിറ്റ്) ലഭിച്ചു. ആദ്യ ലാപ്പുകളിൽ ആദ്യ 10 സ്ഥാനത്തുണ്ടായിരുന്ന ഗുൽവീർ മത്സരം പകുതിയായതോടെ പിന്നിലാക്കപ്പെട്ടു. ഫ്രാൻസിന്റെ ജിമ്മി ഗ്രേസിയറിനാണ് സ്വർണം.
English Summary:








English (US) ·