താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജഗദീഷിനെതിരേ ഗുരുതര ആരോപണവുമായി നടി മാലാ പാര്‍വതി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരായി ആരോപണം ഉയര്‍ന്നപ്പോള്‍ ജഗദീഷ് സംഘടനയെ പ്രതിസന്ധിയിലാക്കി കൈയടി നേടിയെന്ന് മാലാ പാര്‍വതി ആരോപിച്ചു. പുറത്ത് ജഗദീഷിന് ഹീറോ ഇമേജാണ്. എന്നാല്‍, അദ്ദേഹം സംഘടനയെ പ്രതിസന്ധിയിലാക്കിയെന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം 'അമ്മ'യിലുണ്ടെന്ന് മാലാ പാര്‍വതി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
ബാബുരാജ് സംഘടനാ പാടവമുള്ള വ്യക്തിയാണ്. എന്നാല്‍, ആരോപണവിധേയര്‍ ഭാരവാഹികളാവരുത് എന്ന് സംഘടനയില്‍ ധാരണയുണ്ട്. ധാര്‍മികമായി ബാബുരാജ് മത്സരിക്കാന്‍ പത്രിക നല്‍കരുതായിരുന്നു. ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഭാരവാഹികളെ അംഗങ്ങള്‍ വോട്ടുചെയ്ത് തീരുമാനിക്കട്ടേയെന്നും അവര്‍ പറഞ്ഞു. മാലാ പാര്‍വതി മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിച്ചതില്‍നിന്ന്...
മോഹന്‍ലാലിന്റെ രാജി
മലയാള സിനിമമേഖലയില്‍ കുത്തഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടായത് 'അമ്മ' എന്ന സംഘടന കാരണമാണെന്ന ആരോപണം വന്നു. അപ്പോള്‍ അതിന്റെ പ്രസിഡന്റ് സ്ഥാനത്തുനില്‍ക്കുന്ന മോഹന്‍ലാലിനെ ആരും പിന്തുണച്ചതായി അദ്ദേഹത്തിന് തോന്നിയില്ല. ലാല്‍ സാര്‍ ഒറ്റപ്പെട്ടുപോയി. 'നമ്മളൊക്കെ നേരത്തേ അറിയുന്നവരല്ലേ, ഇത്ര പെട്ടെന്ന് അന്യരായിപ്പോയോ', എന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ ചോദിച്ച കാര്യം അദ്ദേഹം കഴിഞ്ഞ ജനറല്‍ ബോഡിയില്‍ എടുത്തു പറഞ്ഞു. 'അമ്മ' എന്ന സംഘടനയെ നയിക്കുന്നതുകൊണ്ടാവാം തനിക്കുനേരെ ഇത്രയും ആക്രമണമുണ്ടായതെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം.
കൈനീട്ടമായും ചികിത്സയ്ക്കുള്ള മരുന്നായും ഒരുപാട് അംഗങ്ങള്‍ക്ക് 'അമ്മ' സൗകര്യംചെയ്തുകൊടുക്കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന വ്യക്തി സ്‌റ്റേജ് ഷോകളില്‍ ഡാന്‍സും പാട്ടും അവതരിപ്പിച്ച് അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കൂടെ ഉപയോഗിച്ചാണ് ഇതിനെല്ലാം പണം കണ്ടെത്തുന്നത്. ഇതൊന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടത്തിനല്ല. അതിന്റെ വില പലപ്പോഴും അംഗങ്ങള്‍ക്ക് മനസിലായില്ല. യുവാക്കളായ അംഗങ്ങള്‍ നേതൃസ്ഥാനങ്ങളിലേക്ക് വന്നില്ല. 'ഞാന്‍ മാറിയാല്‍ ഇതൊന്നും നടക്കില്ലേ, എങ്കില്‍ ഞാനില്ല', എന്ന ചിന്തയാവാം അദ്ദേഹത്തിനുണ്ടായത്.
ബാബുരാജ് മാറി നില്‍ക്കണമായിരുന്നു
ആരോപണവിധേയരായവര്‍ മാറി നില്‍ക്കണമെന്ന് ദിലീപിനെതിരായ ആരോപണം മുതല്‍ സംഘടനയില്‍ ധാരണയുണ്ടായിരുന്നു. 'അമ്മ' വലിയ സംഘടനയാണ്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരിക്കണം എന്ന വിലയിരുത്തല്‍ വന്നു. അതൊരു മര്യാദയായിരുന്നു. സംഘടനയെ നയിക്കുന്നവര്‍ സംശുദ്ധരായിരിക്കണം എന്ന കാര്യം സമൂഹം തന്നെ മുന്നോട്ടുവെച്ചു. ആരോപണ വിധേയരായവര്‍ പദവികള്‍ വഹിക്കരുത് എന്ന് തീരുമാനിക്കപ്പെട്ടു. ദിലീപിന്റെ കാര്യത്തില്‍, അദ്ദേഹം 'അമ്മ'യില്‍ തന്നെയുണ്ടാവാന്‍ പാടില്ല എന്ന വാശിയുണ്ടായിരുന്നു.
ദിലീപിന് ശേഷം പലര്‍ക്കെതിരേയും ആരോപണമുണ്ടായി. വിജയ് ബാബുവിന്റെ കേസില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. തുടക്കത്തില്‍ കേട്ടിരുന്നതുപോലെ ഗുരുതരമായ ആരോപണങ്ങളായിരുന്നില്ല അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നത് എന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വായിച്ചാല്‍ മനസിലാകും. അത് മറ്റൊരുകാര്യമാണെന്നാണ് കോടതി പറയുന്നത്. എന്നിട്ടും വിജയ് ബാബു മാറി നില്‍ക്കുകയാണ്.
സിദ്ധിഖിനെതിരേ കേസെടുത്തു. സുപ്രീംകോടതിയില്‍നിന്ന് ജാമ്യം നേടി. അദ്ദേഹം മാറി നില്‍ക്കുന്നു. ഒരു നടി ആരോപണം ഉന്നയിച്ചപ്പോള്‍ ഇടവേള ബാബു മാറി നിന്നു. ഇവരെല്ലാം മര്യാദയുടെ പുറത്താണ് മാറി നില്‍ക്കുന്നത്. ഒരാള്‍ക്കുമാത്രം ഇളവ് പറ്റില്ല. 'എനിക്ക് എന്തുമാവാം, ഞാന്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്, എനിക്ക് വിഷയമല്ല, ഞാന്‍ നയിക്കും', എന്ന് പറയുന്നത് അമ്മയിലെ പല അംഗങ്ങള്‍ക്കും സ്വീകാര്യമല്ല.
ബാബുരാജ് എന്ന വ്യക്തിക്ക് സംഘടനാ പാടവമുണ്ട്. അംഗങ്ങളെ ഒന്നിച്ചുകൊണ്ടുപോവാനുള്ള കഴിവുണ്ട്. രോഗികളായ അംഗങ്ങള്‍ക്ക് മരുന്ന് പോലെയുള്ള പദ്ധതി കൂട്ടിച്ചേര്‍ത്തത് അദ്ദേഹത്തിന്റെ കാലയളവിലാണ്. എന്നാല്‍, വീണ്ടും ഒരു തിരഞ്ഞെടുപ്പിന് അദ്ദേഹം മത്സരിക്കാന്‍ പാടുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍, ധാര്‍മികതയുടെ പേരില്‍ പാടില്ലായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
ജഗദീഷ് സംഘടനയെ പ്രതിസന്ധിയിലാക്കി കൈയടി നേടി
ജഗദീഷേട്ടന്‍ ജയിക്കുമോ എന്നത് കണ്ടുതന്നെയേ അറിയാന്‍ പറ്റുകയുള്ളൂ. 'അമ്മ'യിലെ അംഗങ്ങള്‍ക്ക് പല അഭിപ്രായമുണ്ട്. പുറത്ത് ജഗദീഷേട്ടന് ഹീറോ ഇമേജാണ്. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ 'അമ്മ'യുടേയും നിര്‍മാതാക്കളുടെ സംഘടനയിലേയും ഫെഫ്ക ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് മാധ്യമങ്ങളെക്കാണാന്‍ തയ്യാറായപ്പോള്‍ ജഗദീഷായിരുന്നത്രെ വളരേ ശക്തമായി അതിനെ എതിര്‍ത്തത്. എന്നാല്‍, സിദ്ധിഖിന്റെ പ്രശ്നം വന്നപ്പോള്‍ ജഗദീഷ് സ്വന്തമായി മാധ്യമങ്ങളെ കണ്ടു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ അന്ന് മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരുന്നു. ആ സാധ്യത ജഗദീഷ് അടച്ചുകളഞ്ഞു. ഭാരവാഹികള്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചതോടെ വലിയ പ്രതിസന്ധിയായി. സംഘടനയെ പ്രതിസന്ധിയിലാക്കിയ അദ്ദേഹം വലിയ കൈയടി നേടി.
ഇക്കാര്യങ്ങള്‍ കഴിഞ്ഞദിവസം ഞാന്‍ തുറന്നുപറഞ്ഞപ്പോള്‍ ജഗദീഷ് എന്നെ വിളിച്ചു. 'നിങ്ങള്‍ അത് പറയരുതായിരുന്നു, നിങ്ങളില്‍നിന്ന് ഞാന്‍ അത് പ്രതീക്ഷിച്ചില്ല', എന്നു പറഞ്ഞു. അങ്ങേക്ക് പറയാനുള്ളത് മാധ്യമങ്ങളോട് പറയണം, തെറ്റുണ്ടെങ്കില്‍ തിരുത്താം എന്ന് ഞാന്‍ പറഞ്ഞു. 'അത് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല, എന്നാല്‍ പറഞ്ഞത് മുഴുവന്‍ വാസ്തവമല്ല', എന്ന് ജഗദീഷ് എന്നോട് പറഞ്ഞു. ഞാന്‍ എന്റെ കേട്ടുകള്‍വിയില്‍നിന്ന് പറഞ്ഞതാണ്, ജഗദീഷിന് പറയാന്‍ മറ്റൊരു വശമുണ്ടോ എന്ന് എനിക്ക് അറിയില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന ദിവസം മാധ്യമങ്ങളെ കാണണം എന്ന് 'അമ്മ', പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ അഭിപ്രായമുണ്ടായി. അന്ന് ജഗദീഷ് സമ്മതിച്ചില്ല. പിറ്റേന്ന് ചര്‍ച്ച നടന്നപ്പോള്‍ അദ്ദേഹം, 'മാധ്യമങ്ങളെ കാണരുത്, വിഡ്ഢിത്തം കാണിക്കരുത്', എന്ന് പറഞ്ഞ് എല്ലാവരേയും പിന്തിരിപ്പിച്ചു. സിദ്ധിഖിന്റെ കാര്യത്തില്‍ ആരോപണം വന്നപ്പോള്‍ ഒന്നിച്ചു മാധ്യമങ്ങളെ കണ്ടാലോ എന്ന് ആലോചിക്കാതെ അദ്ദേഹം മാത്രം പോയി വാര്‍ത്താസമ്മേളനം നടത്തി. അങ്ങനെ അദ്ദേഹം സംഘടനയെ പ്രതിസന്ധിയിലാക്കി എന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം 'അമ്മ'യിലുണ്ട്.
പാനല്‍ പ്രത്യക്ഷത്തിലില്ല, കൂട്ടമായി ആക്രമിക്കുന്നു
അഡ്ഹോക് കമ്മിറ്റിയിലുണ്ടായിരുന്നവര്‍ ഒന്നിച്ചുനില്‍ക്കുകയാണ്. അവര്‍ പരസ്പരം പിന്തുണയ്ക്കുന്നു. 'അമ്മ'യുടെ പെണ്‍മക്കള്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അവര്‍ പിന്തുണയ്ക്കുന്നവരുണ്ട്, എതിര്‍ക്കുന്നവരുണ്ട്. ഉദാഹരണത്തിന് കുക്കു പരമേശ്വരനെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ കൂട്ടുപിടിച്ചും അമ്മയുടെ പെണ്‍മക്കള്‍ ഗ്രൂപ്പ് വഴിയും പേര് പറയാതെയുള്ള ലക്ഷ്യംവെച്ചുള്ള ആക്രമണം നടക്കുന്നുണ്ട്. സരയു അവര്‍ക്ക് അനഭിമതയാണ്. സംഘമായി ആക്രമിക്കുന്നുണ്ട്. കാരണം എന്താണെന്ന് അറിയില്ല. സുരേഷ് കൃഷ്ണ, അന്‍സിബ, ജയന്‍ ചേര്‍ത്തല, ബാബുരാജ്, നവ്യ എന്നിവരെല്ലാം ഒരു സംഘമായാണ് നമുക്ക് അനുഭവപ്പെടുന്നത്. ഇതുവരെ നേരിട്ട് ഒരു പാനല്‍ ആണെന്ന് പറഞ്ഞ് മുന്നോട്ടുവന്നിട്ടില്ല. എന്നാല്‍ പാനലുപോലെ നമുക്ക് അനുഭവപ്പെടുന്നുണ്ട്. കുറച്ചുപേരെ മാത്രം ആക്രമിക്കുന്നതുകാണുമ്പോള്‍, അവരൊരു പാനല്‍ പോലെയാണെന്ന് അനുഭവപ്പെടില്ലേ?
Content Highlights: Maala Parvathi- Exclusive interrogation connected AMMA election, accuses against Jagadish
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·