
പ്രകാശ് വർമ ജഗന്നാഥ വർമയ്‌ക്കൊപ്പമുള്ള ചിത്രം, പ്രകാശ് വർമ 'തുടരും' സിനിമയിൽ | Photo: Instagram/ Prakash varma
നടന്‍ ജഗന്നാഥ വര്‍മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടനും പരസ്യചിത്രനിര്‍മാതാവുമായ പ്രകാശ് വര്‍മ. തന്റെ ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി അദ്ദേഹമായിരുന്നുവെന്ന് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് പഴയകാല ചിത്രം പ്രകാശ് വര്‍മ പങ്കുവെച്ചത്.
ജഗന്നാഥ വര്‍മയെ 'ജഗലപ്പന്‍' എന്നാണ് പ്രകാശ് വര്‍മ വിശേഷിപ്പിക്കുന്നത്. 'നടന്‍ കൂടിയായ എന്റെ അങ്കിൾ ജഗലപ്പനെ ഓര്‍ക്കുന്നു, ഇന്നത്തെ എന്നെ കാണുമ്പോള്‍ ഏറ്റവും സന്തോഷിക്കുക അദ്ദേഹമായിരിക്കും', പ്രകാശ് വര്‍മ കുറിച്ചു. ജഗന്നാഥ വര്‍മയുടെ മൂത്തസഹോദരന്റെ പുത്രനാണ് പ്രകാശ് വര്‍മ.
ആഗോളതലത്തില്‍ ശ്രദ്ധേയമായ പല പരസ്യചിത്രങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രകാശ് വര്‍മ, മോഹന്‍ലാലിന്റെ 'തുടരും' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടനായി മാറി. ചിത്രത്തില്‍ സിഐ ജോര്‍ജ് മാത്തനായുള്ള പ്രകാശ് വര്‍മയുടെ പ്രകടനം വലിയ പ്രക്ഷേക- നിരൂപക പ്രശംസനേടി. ഇന്ത്യയിലെ അറിയപ്പെടുന്ന പരസ്യച്ചിത്ര നിര്‍മാണ കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനാണ് പ്രകാശ് വര്‍മ.
ആലപ്പുഴയില്‍ ജനിച്ച പ്രകാശ് വര്‍മ പഠനം പൂര്‍ത്തിയാക്കിയ ശേഷം ലോഹിതദാസിന്റേയും വിജി തമ്പിയുടേയും സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്നു. വി.കെ. പ്രകാശിന്റെ സഹായിയായി പരസ്യചിത്ര ലോകത്തെത്തി.
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന് പ്രചോദനമായ 'ഗ്രീന്‍ പ്ലൈ'യുടെ പരസ്യം പ്രകാശ് വര്‍മയുടെ ആശയമായിരുന്നു. വോഡഫോണിന്റെ 'സൂസു' പരസ്യങ്ങള്‍, ഷാരൂഖ് ഖാന്‍ അഭിനയിച്ച ദുബായ് ടൂറിസത്തിന്റെ 'ബി മൈ ഗെസ്റ്റ്' പരസ്യം,ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറിയുടെ പരസ്യം എന്നിവ സംവിധാനംചെയ്തത് പ്രകാശ് വര്‍മയാണ്. കാഡ്ബറി ജെംസിനും ഡയറിമില്‍കിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും ഫെയ്സ്ബുക്കിനും വേണ്ടി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പരസ്യങ്ങളും പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്.
Content Highlights: Prakash Varma shares a throwback pic with his uncle, Jagannatha Varma
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·