Published: August 14, 2025 11:29 AM IST
1 minute Read
ജയ്പുർ∙ രാജസ്ഥാൻ റോയൽസ് വിടാൻ തീരുമാനിച്ച മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്താനുള്ള സാധ്യത മങ്ങുന്നതായി റിപ്പോർട്ട്. സഞ്ജുവിനു പകരം രാജസ്ഥാൻ ചെന്നൈയുടെ പ്രധാന താരങ്ങളെ ചോദിക്കുന്നതാണ് ഇടപാടിനെ ദുർബലപ്പെടുത്തുന്നത്. സഞ്ജുവിനു പകരം രവീന്ദ്ര ജഡേജയെയോ ഋതുരാജ് ഗെയ്‌ക്‌വാദിനെയോ വേണമെന്നാണ് രാജസ്ഥാന്റെ നിലപാട്. രണ്ടുപേരെയും കൈമാറാൻ ചെന്നൈ തയാറല്ലെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. ശിവം ദുബെയെ കിട്ടിയാലും മതിയെന്ന് രാജസ്ഥാൻ നിലപാടെടുത്തെങ്കിലും, അതിനും ചെന്നൈ തയാറല്ല.
അതേസമയം, സഞ്ജുവിന്റെ കാര്യത്തിൽ ഒരു ടീമുമായി രാജസ്ഥാൻ റോയൽസ് ധാരണയിലെത്തിയെന്നും റിപ്പോർട്ടുണ്ട്. ധാരണയിലെത്തി, അല്ലെങ്കിൽ ഏറെക്കുറെ ധാരണയായി എന്നാണ് സൂചന. സഞ്ജുവിനെ കൈമാറുന്നതു സംബന്ധിച്ചുള്ള ചർച്ചകൾക്ക് നേരിട്ട് ചുക്കാൻ പിടിക്കുന്നത് ടീം ഉടമയായ മനോജ് ബദാലെയാണ്. ചർച്ചകളും ഇടപാടുകളും ടീം ഉടമകൾ തമ്മിൽ നേരിട്ടായതിനാൽ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ഇപ്പോഴും പുറത്തുവന്നിട്ടില്ല. സഞ്ജു ടീം വിടാൻ താൽപര്യമറിയിച്ചതിനു പിന്നാലെ, ട്രേഡിങ്ങിന് താൽപര്യമുണ്ടെന്ന് വ്യക്തമാക്കി ബദാലെ മറ്റു ടീം ഉടമകളെ നേരിട്ട് ബന്ധപ്പെട്ടിരുന്നു.
അടുത്തിടെ രവിചന്ദ്രൻ അശ്വിന്റെ യുട്യൂബ് ചാനലിൽ ഉൾപ്പെടെ പ്രത്യക്ഷപെട്ട സഞ്ജുവാകട്ടെ, രാജസ്ഥാൻ റോയൽസ് വിടുന്ന കാര്യത്തിൽ ഇതുവരെ യാതൊന്നും വിട്ടുപറഞ്ഞിട്ടുമില്ല. മാത്രമല്ല, രാജസ്ഥാൻ റോയൽസുമായി ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾക്കിടെ ടീമിനെ അകമഴിഞ്ഞു പുകഴ്ത്താനും സഞ്ജു മറന്നില്ല. കഴിഞ്ഞ സീസണിനു മുന്നോടിയായി ഇംഗ്ലിഷ് താരം ജോസ് ബട്‍ലറിനെ നിലനിർത്താതെ ലേലത്തിനു വിട്ടതിൽ ഉൾപ്പെടെ സഞ്ജുവിന് ടീം മാനേജ്മെന്റുമായി അഭിപ്രായ ഭിന്നതയുണ്ടെന്നാണ് വിവരം.
‘‘ജോസ് ബട്‍ലറിനെ വിട്ടുകളഞ്ഞത് എന്നെ സംബന്ധിച്ച് കഠിനമായ തീരുമാനമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ ഡിന്നറിനായി ഒരുമിച്ചു വന്നപ്പോൾ, അദ്ദേഹത്തെ വിട്ടുകളഞ്ഞത് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ഞാൻ ബട്‌ലറിനോട് പറഞ്ഞു. ഐപിഎലിൽ നിയമങ്ങളിൽ മാറ്റം വരുത്താൻ എനിക്ക് അവസരം ലഭിച്ചാൽ, മൂന്നു വർഷം കൂടുമ്പോൾ താരങ്ങളെ റിലീസ് ചെയ്യുന്ന നിയമമാകും മാറ്റുക’ – കഴിഞ്ഞ ഐപിഎൽ സീസണിനു മുന്നോടിയായി സഞ്ജു പറഞ്ഞു. ബട്‍ലറിനു പകരം ഷിമ്രോൺ ഹെറ്റ്‌മെയറിനെയാണ് അന്ന് രാജസ്ഥാൻ നിലനിർത്തിയത്.
മറ്റു ടീമുകളിൽനിന്ന് സഞ്ജുവിനു പകരക്കാരനായി രാജസ്ഥാൻ ആരെയാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിച്ചുകൊണ്ടു നടക്കുന്ന ചർച്ചകളിൽ ഫലമില്ലാതെ വന്നാൽ, സഞ്ജു രാജസ്ഥാൻ റോയൽസിൽത്തന്നെ തുടരാനും സാധ്യതയുണ്ട്.
English Summary:








English (US) ·