ന്യൂഡൽഹി∙ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയ വീരോചിതമായ പോരാട്ടം ഫലം കാണാതെ പോയതിനു പിന്നാലെ, താരത്തിന്റെ ബാറ്റിങ് സമീപനത്തെ വിമർശിച്ച് ചില മുൻ താരങ്ങളും ഒരു വിഭാഗം ആരാധകരും രംഗത്ത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നീ വാലറ്റക്കാർ ഉറച്ച പിന്തുണ നൽകിയിട്ടും ഇന്നിങ്സിന് വേഗം കൂട്ടാനോ ബൗണ്ടറികളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കാനോ ജഡേജ ശ്രമിച്ചില്ലെന്നാണ് വിമർശനം. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ നിന്ന ജഡേജ 181 പന്തുകൾ നേരിട്ട് 61 റൺസാണെടുത്തത്.
ഇംഗ്ലണ്ട് നിരയിൽ ക്രിസ് വോക്സ്, ശുഐബ് ബഷിർ, ജോ റൂട്ട് തുടങ്ങിയ ബോളർമാരെ ലക്ഷ്യമിട്ട് ഇന്നിങ്സിന്റെ വേഗം വർധിപ്പിക്കാൻ ജഡേജയ്‌ക്ക് കഴിഞ്ഞില്ലെന്ന് മുൻ താരം അനിൽ കുംബ്ലെ ചൂണ്ടിക്കാട്ടി. അതേസമയം ജഡേജയെ പിന്തുണച്ച് സുനിൽ ഗാവസ്കർ, ശുഭ്മൻ ഗിൽ തുടങ്ങിയവരും രംഗത്തെത്തി.
∙ കളത്തിൽ സംഭവിച്ചത്
ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു ഘട്ടത്തിൽ 7ന് 82 എന്ന നിലയിൽ പതറിയ ഇന്ത്യയെ അവസാന 3 വിക്കറ്റുകളിൽ 88 റൺസ് കൂട്ടിച്ചേർത്താണ് ജഡേജ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത്. മുൻനിര ദയനീയമായി തകർന്നപ്പോഴും അവസാന നിമിഷം വരെ ചെറുത്തുനിന്ന ജസ്പ്രീത് ബുമ്ര (54 പന്തിൽ 5) മുഹമ്മദ് സിറാജ് ( 30 പന്തിൽ 4) എന്നിവരുടെ പിന്തുണയോടെയായിരുന്നു ജഡേജയുടെ പോരാട്ടം. 8–ാം വിക്കറ്റിൽ നിതീഷ് റെഡ്ഡിയെ കൂട്ടുപിടിച്ച് 30 റൺസ് കൂട്ടിച്ചേർത്താണ് ജഡേജ തിരിച്ചടിക്കു തുടക്കമിട്ടത്. ഒടുവിൽ 13 റൺസുമായി ക്രിസ് വോക്സിനു മുന്നിൽ കീഴടങ്ങാനായിരുന്നു റെഡ്ഡിയുടെ വിധി.
8ന് 112 എന്ന നിലയിൽ തോൽവിയുറപ്പിച്ച ഘട്ടത്തിലാണ് ഇന്ത്യയ്ക്കു നേരിയപ്രതീക്ഷ നൽകി ജഡേജ– ബുമ്ര സഖ്യം ക്രീസിൽ ഒന്നിച്ചത്. 132 പന്തുകൾ നേരിട്ട സഖ്യം 32 റൺസ് കൂട്ടിച്ചേർത്തതോടെ ലോഡ്സിലെ ഇന്ത്യൻ ആരാധകർ ആവേശത്തിലായി. ഈ ആവേശം പകർന്നുകിട്ടയതിനാലാകാം സ്റ്റോക്സിന്റെ പന്തിൽ അനാവശ്യ പുൾ ഷോട്ടിനു ശ്രമിച്ച് ബുമ്ര തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. പിന്നാലെയെത്തിയ സിറാജ് തന്നാലാകുംവിധം ചെറുത്തുനിന്നതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. എന്നാൽ ശുഐബ് ബഷീറിന്റെ പന്ത് പ്രതിരോധിക്കുന്നതിൽ സിറാജിനു സംഭവിച്ച ശ്രദ്ധക്കുറവ് ഇന്ത്യൻ പ്രതീക്ഷകൾക്കു കർട്ടനിട്ടു.
∙ വിമർശകരുടെ വാദം
അവസാന രണ്ടു വിക്കറ്റുകളിലായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ 84 പന്തുകൾ നേരിട്ട് ജഡേജയ്ക്ക് ഉറച്ച പിന്തുണയാണ് നൽകിയതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ പിന്തുണയോടെ ഇന്നിങ്സിന്റെ വേഗം വർധിപ്പിക്കാൻ ജഡേജ ഒരു ഘട്ടത്തിലും ശ്രമിച്ചില്ലെന്നാണ് വിമർശനം. അവസാന രണ്ടു വിക്കറ്റിൽ മൂവരും ചേർന്ന് 212 പന്തുകളാണ് പ്രതിരോധിച്ചുനിന്നത്.
48–ാം ഓവറിൽ ഒരു എൽബിഡബ്ല്യു അപ്പീലിൽനിന്ന് ഡിആർഎസിലൂടെ രക്ഷപ്പെട്ടതിനു പിന്നാലെ, ക്രിസ് വോക്സിനെതിരെ ജഡേജ സിക്സർ നേടിയിരുന്നു. എന്നാൽ ഇതിനു ശേഷം ജഡേജ പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ ഒരു ബൗണ്ടറി പോലും പിറക്കാതെ 107 പന്തുകളാണ് കടന്നുപോയത്. മികച്ച ഫോമിൽ പന്തെറിഞ്ഞ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ബ്രൈഡൻ കാഴ്സ് എന്നിവർക്കെതിരെ കരുതലോടെ ബാറ്റു ചെയ്തത് അംഗീകരിക്കാമെങ്കിലും, പിച്ചിൽനിന്ന് പ്രത്യേകിച്ച് പിന്തുണയൊന്നും ലഭിക്കാതെ പോയ ക്രിസ് വോക്സ്, ശുഐബ് ബഷിർ, ജോ റൂട്ട് തുടങ്ങിയവരെയും അവർ അർഹിക്കുന്നതിലും അധികം ബഹുമാനം നൽകിയാണ് ജഡേജ നേരിട്ടതെന്നാണ് വിമർശനം. ഒടുവിൽ 22 റൺസ് അകലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.
∙ കുംബ്ലെ പറയുന്നു
മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയും, സമാനമായ ആശയം പങ്കുവച്ച് രംഗത്തെത്തി. കുറച്ചുകൂടി കണക്കുകൂട്ടി കളിക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് കുംബ്ലെ അഭിപ്രായപ്പെട്ടത്.
‘‘ഇംഗ്ലണ്ട് നിരയിൽ ക്രിസ് വോക്സ്, ശുഐബ് ബഷിർ, ജോ റൂട്ട് എന്നിവർക്കെതിരെ ജഡേജയ്ക്ക് കുറച്ചുകൂടി ആക്രമണോത്സുകതയോടെ കളിക്കാമായിരുന്നു. ഓവർ ഓഫ് സ്പിന്നേഴ്സാണെന്ന കാര്യം മറക്കുന്നില്ല. പക്ഷേ, പന്തിന് കാര്യമായ ടേൺ കിട്ടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് സ്പിന്നിനെക്കുറിച്ചോ ഔട്ട്സൈഡ് എഡ്ജാകുമെന്ന പേടിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ഇതിലും വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കൂടുതൽ മികച്ച ബോളർമാരെ നേരിട്ടിട്ടുള്ള താരമാണ് ജഡേജ. അതുകൊണ്ട് അദ്ദേഹം ജയത്തിനായി ശ്രമിച്ചുനോക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്’ – കുംബ്ലെ പറഞ്ഞു.
‘‘ഇത്തരം ഘട്ടങ്ങളിൽ റിസ്ക് എടുത്താൽ മാത്രമേ ഫലമുള്ളൂ. മറുവശത്ത് ബുമ്രയും സിറാജും ആയതുകൊണ്ട് അദ്ദേഹം ചിലപ്പോഴെല്ലാം സിംഗിൾ നിഷേധിച്ചത് കൃത്യമായ തീരുമാനമായിരുന്നു. പക്ഷേ, ഒന്നുകൂടി വിജയത്തിനായി ശ്രമിച്ചുനോക്കാമായിരുന്നു’ – കുംബ്ലെ പറഞ്ഞു.
∙ ജഡേജയ്ക്ക് കയ്യടിച്ച് ഗാവസ്കർ, ഗിൽ
അതേസമയം, ജഡേജയ്ക്ക് സാധ്യമാകുന്നതിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചതായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ അഭിപ്രായപ്പെട്ടു. ‘‘വാലറ്റത്തിനൊപ്പമാണ് ബാറ്റു ചെയ്യുന്നതെന്ന ബോധ്യത്തിലാണ് ജഡേജ ക്രീസിൽ നിന്നത്. അതാണ് അദ്ദേഹത്തിന്റെ ശൈലിയെ സ്വാധീനിച്ചതും. പരമാവധി സ്ട്രൈക്ക് സൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇത്തരം പിച്ചുകളിൽ റിസ്കുള്ള ഷോട്ടുകൾ കളിക്കാൻ ആരായാലും മടിക്കും. പരമാവധി നേരം ക്രീസിൽനിന്ന് വിജയത്തിലേക്ക് മുന്നേറാനാണ് ഇന്ത്യൻ ടീം ശ്രമിച്ചത്’ – ഗാവസ്കർ പറഞ്ഞു.
ജഡേജയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലും സ്വീകരിച്ചത്. രണ്ടാം ന്യൂബോൾ എടുക്കാൻ 5 ഓവർ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ അതിനു കാത്തിരിക്കാനാണ് ടീം തീരുമാനിച്ചതെന്ന് ഗിൽ വെളിപ്പെടുത്തി. ജഡേജയ്‌ക്കെതിരെ ഇംഗ്ലണ്ട് ഫീൽഡർമാരെ നിരത്തി വിന്യസിച്ചതിനാൽ, പഴയ ഡ്യൂക്സ് പന്ത് അടിച്ചകറ്റുന്നതും പാടായിരുന്നുവെന്ന് ഗിൽ ചൂണ്ടിക്കാട്ടി.
‘‘ജഡേജ ബുമ്രയ്‌ക്കും സിറാജിനുമൊപ്പം ഓരോ 5–6 റൺസ് കൂട്ടിച്ചേർക്കുമ്പോഴും അത് ഇംഗ്ലണ്ട് ടീമിന് സമ്മാനിച്ച സമ്മർദ്ദം നമ്മൾ കണ്ടതാണ്. 30–40 റൺസിന്റെ ഒരു ചെറിയ കൂട്ടുകെട്ടു കൂടി ഉണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. ഇന്ത്യയ്‌ക്ക് വിജയത്തിലേക്ക് 12–15 റൺസ് വേണ്ട സമയത്ത് രണ്ടാം ന്യൂബോൾ എടുക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഏതാനും ബൗണ്ടറികളിലൂടെ ലക്ഷ്യത്തിലെത്താമെന്നും കരുതി’ – ഗിൽ വിശദീകരിച്ചു.
English Summary:








English (US) ·