Published: October 18, 2025 11:27 AM IST
1 minute Read
ന്യൂഡൽഹി ∙ ഗുജറാത്തിൽ മന്ത്രിയായി ചുമതലയേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. 2022 മുതൽ ബിജെപി എംഎൽഎയായ റിവാബയ്ക്ക്, മന്ത്രിസഭാ പുനഃസംഘടനയിലാണ് മന്ത്രി സ്ഥാനം ലഭിച്ചത്. അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പരിചയസമ്പന്നർക്കൊപ്പം യുവത്വവും ജാതിസമവാക്യവും ഉറപ്പാക്കിയാണ് ഗുജറാത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
2022 ഡിസംബറിൽ അധികാരത്തിലെത്തിയ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ 16 ബിജെപി മന്ത്രിമാരും രാജിവച്ചിരുന്നു. തുടർന്നാണ് 26 പേരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. റിവാബ ജഡേജ ഉൾപ്പെടെ 19 പേർ പുതുമുഖങ്ങളാണ്. വിദ്യാഭ്യാസ വകുപ്പാണ് റിവാബയ്ക്ക് ലഭിച്ചത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് റിവാബ്, ബിജെപിയിൽ ചേർന്നത്. 2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്ന് 53,301 വോട്ടിനാണ് റിവാബ ജയിച്ചത്. ആം ആദ്മി പാർട്ടിയുടെ കർഷൻ കർമുറിനെയാണ് തോൽപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ബിപേന്ദ്രസിങ് ജഡേജയ്ക്കു വേണ്ടി പ്രചാരണം നയിച്ചത് ജഡേജയുടെ സഹോദരി നയനാബ ആയിരുന്നു. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് ഒതുങ്ങി.
കഴിഞ്ഞ വർഷം രവീന്ദ്ര ജഡേജയും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ തുടങ്ങിവച്ച അംഗത്വ ക്യാംപയിന്റെ ഭാഗമായാണ് ജഡേജയും ബിജെപിയിൽ ചേർന്നത്. നേരത്തെ, റിവാബയ്ക്കെതിരെ ജഡേജയുടെ പിതാവും സഹോദരിയും രംഗത്തെത്തിയിരുന്നു. റിവാബ കുടുംബത്തിൽ വിള്ളലുണ്ടാക്കിയെന്നും സ്വത്തുക്കൾ തട്ടിയെടുത്തെന്നും ജഡേജയുടെ പിതാവ് അനിരുദ്ധ് ആരോപിച്ചു. ഒരേ നഗരത്തിൽ താമസിച്ചിട്ടും പരസ്പരം കാണാറില്ലെന്നും പേരക്കുട്ടിയുടെ മുഖം പോലും കാണിച്ചില്ലെന്നും ആരോപിച്ച് അദ്ദേഹം രംഗത്തെത്തിയെങ്കിലും രവീന്ദ്ര ജഡേജ ഇതു തള്ളി. റിവാബയുടെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടിയുള്ള നീക്കമാണ് ഇതെന്ന് ആരോപിച്ചാണ് രവീന്ദ്ര ജഡേജ പിതാവിന്റെ വാക്കുകള്‍ തള്ളിയത്.
മുപ്പത്തിയാറുകാരനായ ജഡേജ രാജ്യാന്തര ട്വന്റി20യിൽനിന്ന് കഴിഞ്ഞ വർഷത്തെ ലോകകപ്പോടെ വിരമിച്ചെങ്കിലും, ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും സജീവമാണ്. ഈ മാസം അവസാനിച്ച വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായത് ജഡേജയായിരുന്നു. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരം ഉൾപ്പെട്ടില്ല.
English Summary:








English (US) ·