ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെയാണ് സഞ്ജു സാംസണെയും രവീന്ദ്ര ജഡേജയെയും യഥാക്രമം രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും പരസ്പരം കൈമാറിയത്. ഏറെ നാൾ നീണ്ടുനിന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ശനിയാഴ്ച ഇരു ഫ്രാഞ്ചൈസികളും താരക്കൈമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയ്ക്കൊപ്പം സാം കറനും ചെന്നൈ സൂപ്പർ കിങ്സിൽനിന്നു രാജസ്ഥാൻ റോയൽസിലേക്കു മാറി.
കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിനു മുന്നോടിയായി സഞ്ജുവിനെയും ജഡേജയെയും 18 കോടി രൂപയ്ക്കായിരുന്നു ഇരു ഫ്രാഞ്ചൈസികളും നിലനിർത്തിയിരുന്നത്. എന്നാൽ ചെന്നൈയിൽനിന്നു രാജസ്ഥാനിലേക്കു മാറുമ്പോൾ ജഡേജയുടെ കരാർത്തുകയിൽ മാറ്റം വന്നതായി ഐപിഎൽ മീഡിയ അഡ്വവൈസറി ഔദ്യോഗിക വാർത്തക്കുറിപ്പിൽ അറിയിച്ചു. 18 കോടിയിൽനിന്ന് നാലു കോടി കുറച്ച് 14 കോടി രൂപയ്ക്കാകും ജഡേജ രാജസ്ഥാനു വേണ്ടി കളിക്കുക. 2021നു ശേഷം ജഡേജയുടെ ഏറ്റവും കുറവ് കരാർത്തുകയാണ് ഇത്. 2018 മുതൽ 2021 വരെ ഏഴു കോടി രൂപയ്ക്കും 2022 മുതൽ 24 വരെ 16 കോടി രൂപയ്ക്കുമാണ് ജഡേജ, ചെന്നൈയ്ക്കു വേണ്ടി കളിച്ചിരുന്നത്.
‘‘12 സീസണുകളായി സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ജഡേജ, ലീഗിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ്, 250ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൈമാറ്റ കരാറിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ലീഗ് ഫീസ് 18 കോടി രൂപയിൽ നിന്ന് 14 കോടി രൂപയായി പരിഷ്കരിച്ചു.’’– വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ സഞ്ജു സാംസന്റെ കരാർത്തുകയിൽ മാറ്റമില്ലെന്നും അവർ വ്യക്തമാക്കി. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിനെ പ്രതിനിധീകരിക്കുന്നത് നിലവിലുള്ള ലീഗ് ഫീസ് ആയ 18 കോടി രൂപയ്ക്ക് ആയിരിക്കും.’’–
ഐപിഎല്ലിലെ ഏറ്റവും പരിചയസമ്പന്നരായ കളിക്കാരിൽ ഒരാളായ സഞ്ജു സാംസൺ, ലീഗിൽ 177 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സിഎസ്‌കെ സഞ്ജുവിന്റെ മൂന്നാമത്തെ ഫ്രാഞ്ചൈസി മാത്രമാണ്. 2013 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 2016ലും 2017ലും രണ്ട് സീസണുകൾ ഒഴികെ മറ്റെല്ലാ സീസണുകളിലും സഞ്ജു രാജസ്ഥാനു വേണ്ടിയാണ് കളിച്ചത്. സാം കറന്റെ കരാർത്തുകയിലും മാറ്റമില്ല. കഴിഞ്ഞ തവണ ചെന്നൈയിൽനിന്നു ലഭിച്ച 2.4 കോടി രൂപ തന്നെ രാജസ്ഥാനും താരത്തിനു നൽകും.
2012ലാണ് ജഡേജ ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് കിരീട വിജയങ്ങളിൽ മൂന്നിലും അദ്ദേഹം ഭാഗമായിരുന്നു. 2008ൽ പ്രഥമ ഐപിഎൽ കിരീടം നേടിയ രാജസ്ഥാൻ ടീമിലും അന്ന് 19 വയസ്സുകാരനായ ജഡേജയുണ്ടായിരുന്നു. തൊട്ടടുത്ത സീസണിലും രാജസ്ഥാനിൽ കളിച്ച ജഡേജ, 2010ൽ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തു. കരാർ ലംഘനം നടത്തിയതിനു താരത്തിനെതിരെ റോയൽസ് ബിസിസിഐയെ സമീപിച്ചു. തുടർന്ന് ഐപിഎൽ കളിക്കുന്നതിന് താരത്തെ ഒരു വർഷത്തേയ്ക്കു വിലക്കി.
2011 സീസണിൽ കൊച്ചി ടസ്‌കേഴ്സിലെത്തിയ ജഡേജ, 2012 മുതൽ ചെന്നൈയിലാണ്. ടീം വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ ഗുജറാത്ത് ലയൺസിലായിരുന്നു. 2022 സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നു പാതിവഴിയിൽ നായകസ്ഥാനം ഒഴിഞ്ഞു. 2023 ഐപിഎൽ ഫൈനലിൽ ഗുജറാത്തിനെതിരെ ചെന്നൈയുടെ വിജയത്തിൽ ജഡേജയുടെ പ്രകടനം നിർണായകമായി. 2026 സീസണിൽ രാജസ്ഥാൻ ജഡേജയ്ക്കു ക്യാപ്റ്റൻ സ്ഥാനം നൽകിയേക്കുമെന്ന് സൂചനയുണ്ട്. ക്യാപ്റ്റൻസി നൽകിയാൽ രാജസ്ഥാനിലേക്കു വരാമെന്നതായിരുന്നു ജഡേജയുടെ നിലപാട്. ഇത് അംഗീകരിച്ച രാജസ്ഥാൻ മറ്റൊരു ഓൾറൗണ്ടറെക്കൂടി ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് താരം സാം കറനു നറുക്കുവീണത് ഇങ്ങനെയാണ്.
English Summary:








English (US) ·