
വിജയകാന്ത് (ഇടത്ത്) ത്യാഗരാജൻ (വലത്ത്)
മധുരയില്‍ നിന്നും മദിരാശിയിലേക്ക് വണ്ടികയറുമ്പോള്‍ അഴഗര്‍ സാമിയുടെയും ആണ്ടാളിന്റെയും മകന്‍ വിജയരാജിന് ഇരുപത്തിനാല് വയസ്സാണ്. സിനിമയില്‍ അഭിനയിക്കണം. നായകനായി പേരെടുക്കണം അതൊന്നുമാത്രമായിരുന്നു ലക്ഷ്യം. കുട്ടിക്കാലം മുതല്‍ക്കേ എംജിആറിന്റെ ആരാധകനായ വിജയരാജിന് മറ്റൊരു എംജിആറാവാനായിരുന്നു മോഹം. പക്ഷേ, ആ സ്വപ്നങ്ങളെ തകിടം മറിക്കുന്ന ദുരനുഭവങ്ങളാണ് തുടക്കക്കാലത്ത് സിനിമ വിജയരാജിന് നല്‍കിയത്. അങ്ങനെയൊരു അകറ്റിനിര്‍ത്തലിന് കാരണം അദ്ദേഹത്തിന്റെ കറുപ്പ് നിറം മാത്രമായിരുന്നു. സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും നിന്ദ മാത്രമല്ല, 'കറുത്ത നായകനൊപ്പം അഭിനയിക്കാന്‍ കഴിയില്ലെ'ന്ന വെളുത്ത നായികമാരുടെ കടുത്ത നിലപാടും ആ നാളുകളില്‍ ഏറെ നേരിടേണ്ടിവന്നു വിജയരാജിന്. ഒട്ടും നിരാശനാവാതെ സിനിമയില്‍ ഒരവസരത്തിന് വേണ്ടിയുള്ള അന്വേഷണം അയാള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് ഫൈറ്റ്മാസ്റ്റര്‍ ത്യാഗരാജനെ വിജയരാജ് കണ്ടുമുട്ടുന്നത്.
'മധുരയിലെ തീരുമംഗലത്തുള്ള വലിയ പണക്കാരന്റെ മകനാ, അഭിനയിക്കാന്‍ അവസരം തേടി നടക്കുകയാണ്.' ഫൈറ്റര്‍ മുരുകേശ് പറഞ്ഞപ്പോള്‍ എവിഎം സ്റ്റുഡിയോയുടെ ഫ്‌ളോറിലൂടെ വെളുത്ത ഷര്‍ട്ടും പാന്റും ധരിച്ച് നടന്നുവരുന്ന കറുത്ത് സുന്ദരനായ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ത്യാഗരാജന്‍ വെറുതെ ഒന്നുനോക്കി. ആ നോട്ടം വിജയരാജ് ശ്രദ്ധിച്ചു. പുഞ്ചിരിയോടെ ത്യാഗരാജനരികിലേക്ക് വന്നു കൈകൂപ്പി പറഞ്ഞു.'മാസ്റ്റര്‍ വണക്കം.' സ്വയം പരിചയപ്പെടുത്തിയ ശേഷം തന്റെ അവസ്ഥയെക്കുറിച്ച് വിജയരാജ് ത്യാഗരാജനോട് മനസ്സ് തുറന്നു. 'നാട്ടില്‍ ജീവിക്കാനുള്ള നല്ല ചുറ്റുപാടാണ്. പക്ഷേ, എന്റെ മോഹം നടനാവണമെന്നാണ്. മാസ്റ്റര്‍ക്ക് എന്നെ സഹായിക്കാനാവുമോ?'
വിജയരാജിന്റെ കഥകേട്ട ത്യാഗരാജന് എന്തോ അയാളോട് ഒരു പ്രത്യേക വാത്സല്യം തോന്നി. 'നന്നായി പരിശ്രമിക്കൂ... നമുക്ക് കാണാം.' എന്നു മാത്രമായിരുന്നു ത്യാഗരാജന്റെ മറുപടി. രജനീകാന്തും കമല്‍ഹാസനും നിറഞ്ഞുനില്‍ക്കുന്ന തമിഴ് ചലച്ചിത്രവേദിയില്‍ വിജയരാജിനും ഒരിടം ലഭിക്കുമെന്ന് ത്യാഗരാജന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അവസരംതേടി ഏറെക്കാലമൊന്നും വിജയരാജിന് അലയേണ്ടിവന്നില്ല. സിനിമയിലെ പരിഹാസവൃത്തങ്ങള്‍ക്കിടയിലും അണയാതെ ജ്വലിപ്പിച്ചു നിര്‍ത്തിയ അഭിനയമോഹത്തിന് തീകൊളുത്തി എംഎ കാജ സംവിധാനം ചെയ്ത 'ഇനിക്കും ഇളമൈ'യില്‍. 1979 ല്‍ പ്രദര്‍ശനത്തിനെതിയ ഈ ചിത്രത്തില്‍ സുധാകറും രാധികയുമായിരുന്നു നായികാ - നായകന്മാരെങ്കിലും തമിഴ് ചലച്ചിത്രവേദിയില്‍ വില്ലനായി ഒരു പുതുമുഖനടന്റെ അരങ്ങേറ്റം കൂടിയായി മാറി ആ സിനിമ. നായകവേഷം സ്വപ്നംകണ്ടിരുന്ന വിജയരാജിനെത്തേടിയെത്തിയത് പ്രതിനായക വേഷമായിരുന്നെങ്കിലും ആ റോള്‍ തന്റെ പ്രത്യേക അഭിനയശൈലിയിലൂടെ ശ്രദ്ധേയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
.jpg?$p=fd7cad5&w=852&q=0.8)
'ഇനിക്കും ഇളമൈ'യുടെ സെറ്റില്‍വെച്ച് സംവിധായകന്‍ വിജയരാജിന്റെ പേര് വിജയകാന്ത് എന്നാക്കി പരിഷ്‌ക്കരിച്ചു. വില്ലന്‍വേഷമാണെങ്കിലും സിനിമ കണ്ടവര്‍ക്കെല്ലാം വിജയകാന്തിന്റെ അഭിനയം ഇഷ്ടപ്പെട്ടു. രണ്ടാമത്തെ ചിത്രമായ 'അഗല്‍ വിളക്കി'ല്‍ നായകനായെങ്കിലും ചിത്രം പരാജയപ്പെട്ടു. തുടര്‍ന്നുവന്ന 'നീരോട്ടം', 'സാമന്തിപ്പൂ' തുടങ്ങിയ ചിത്രങ്ങളും കനത്തപരാജയമാണ് ഏറ്റുവാങ്ങിയത്. നിരാശയുടെ പടുകുഴിയില്‍ വീണ ആ നാളുകളില്‍ വിജയകാന്ത് ത്യാഗരാജനെ വീണ്ടും കണ്ടു. ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് വേദിയായ അതേ എവിഎം സ്റ്റുഡിയോയില്‍ വെച്ച്. 'എന്തെല്ലാം പ്രയാസങ്ങള്‍ നേരിട്ടാണ് ഞാന്‍ ഇവിടെവരെ എത്തിയതെന്നറിയാമോ. ധൈര്യമായി മുന്നോട്ട് പോ, നല്ലൊരു കാലം വരും.'
സിനിമക്കാര്‍ക്കിടയില്‍ 'രാശിയില്ലാത്ത നടന്‍' എന്ന പേര് വീണുപോയതില്‍ അങ്ങേയറ്റം ദുഃഖിതനായിരുന്ന വിജയകാന്തിന് ത്യാഗരാജന്റെ വാക്കുകള്‍ വലിയ ആശ്വാസമാണ് പകര്‍ന്നുനല്‍കിയത്. തമിഴകത്തിന്റെ ആവേശമായി രജനീകാന്ത് തലയെടുപ്പോടെ നിന്നിരുന്ന അക്കാലത്തുതന്നെ വിജയകാന്ത് നായകനായ 'ദൂരത്ത് ഇടിമുഴക്കം' പുറത്തിറങ്ങി. 1980ല്‍, വമ്പന്‍ പ്രദര്‍ശന വിജയം നേടിയ ഈ ചിത്രത്തോടെ വിജയകാന്ത് രാശിയുള്ള നടനാണെന്ന് സിനിമാലോകം തിരുത്തിപ്പറഞ്ഞു. പിന്നീട്. 'ചട്ടം ഒരു ഇരുട്ടറെ'കൂടി സ്‌ക്രീനില്‍ എത്തിയപ്പോള്‍ കറുത്ത നായകന്‍ നായികമാര്‍ക്കെല്ലാം വെളുത്ത നായകനായി മാറി. നടനെന്ന നിലയില്‍ വലിയ ബ്രേക്കാണ് 'ചട്ടം ഒരു ഇരുട്ടറെ' വിജയകാന്തിന് നല്‍കിയത്. പിന്നീട് നായകനായുള്ള തേരോട്ടമായിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മദിരാശിയിലെ പല സ്റ്റുഡിയോകളില്‍ വെച്ചും ത്യാഗരാജനും വിജയകാന്തും വീണ്ടും കണ്ടുമുട്ടി. തമിഴില്‍ ഏറെ താരമൂല്യമുള്ള നടനായി മാറിയിട്ടും ത്യാഗരാജന്‍ ചിട്ടപ്പെടുത്തിയ ഫൈറ്റ് സീനില്‍ അഭിനയിക്കാന്‍ അപ്പോഴും വിജയകാന്തിന് കഴിഞ്ഞിരുന്നില്ല. ആ മോഹം കാണുമ്പോഴെല്ലാം വിജയകാന്ത് ത്യാഗരാജനോട് പറഞ്ഞുകൊണ്ടിരുന്നു.
തമിഴകത്തിന്റെ താരപ്രഭയില്‍ ജ്വലിച്ചുയര്‍ന്നപ്പോള്‍ വിജയകാന്തിന് ആരാധകര്‍ കറുപ്പ് എംജിആര്‍ എന്ന പേര് സമ്മാനിച്ചു. പക്ഷേ ഒരിക്കലും എംജിആറാവാന്‍ അദ്ദേഹം ശ്രമിച്ചില്ല. ആക്ഷനും സെന്റിമെന്റ്‌സും റൊമാന്റിക്കുമെല്ലാം വിജയകാന്ത് മനോഹരമായി അഭിനയിച്ചപ്പോള്‍ പ്രായവിത്യാസമില്ലാതെ വമ്പിച്ചൊരു ആരാധക വൃന്ദവും അദ്ദേഹത്തിനുണ്ടായി. സിനിമയില്‍, മോഹിച്ചപോലെ ആയിത്തീരാന്‍ ഒരുപാട് വിഷമങ്ങളെ തരണം ചെയ്തതുകൊണ്ടാവാം കഷ്ടതകള്‍ അനുഭവിക്കുന്ന മനുഷ്യരുടെ മനസ്സ് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വിജയകാന്തിന് കഴിഞ്ഞിരുന്നു. 'വലിയ നിലയില്‍ ജീവിച്ചു പോന്ന ഞാന്‍ സിനിമയുടെ ലോകത്തെത്തിയാല്‍ നശിച്ചു പോവുമെന്ന ഭയമായിരുന്നു അച്ഛന്. അദ്ദേഹത്തിന്റെ ആ പേടി ഞാന്‍ സിനിമയില്‍നിന്നുകൊണ്ട് തന്നെ മാറ്റിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. അതിന് പല സമയങ്ങളിലും മാസ്റ്റര്‍ തന്ന ധൈര്യം എനിക്ക് മറക്കാനാവില്ല.' ഒരിക്കല്‍ ത്യാഗരാജനോട് വിജയകാന്ത് പറഞ്ഞു. സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയ പലര്‍ക്കും വിജയകാന്ത് വലിയൊരു ശക്തിയും പ്രചോദനവുമായിരുന്നു. വിഷമം അനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തുടക്കക്കാലത്ത് സിനിമ നല്‍കിയ അനുഭവങ്ങള്‍ തന്നെയാണ്. ഫൈറ്റ് സീനുകളില്‍ ഡ്യുപ്പിനെ ഉപയോഗിച്ചിരുന്നെങ്കിലും പരമാവധി ഡ്യുപ്പില്ലാതെ ചെയ്യാനും ശ്രമിച്ചിരുന്നു.
.jpg?$p=87939de&w=852&q=0.8)
'കഴിയുന്നത് മാത്രം ചെയ്താല്‍ മതി. ബാക്കി ഡ്യുപ്പ് ചെയ്‌തോളും.' ത്യാഗരാജന്റെ വാക്കുകള്‍ മറക്കാതിരിക്കാന്‍ വിജയകാന്ത് എപ്പോഴും ശ്രദ്ധിച്ചു. മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തില്‍ നൂറ്റിയന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചു നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവുമായി. തന്റെ സിനിമകളില്‍ ഫൈറ്റ് മാസ്റ്ററായി വിളിച്ചപ്പോഴെല്ലാം മലയാളത്തിലെ തിരക്കുകാരണം ത്യാഗരാജന് വിജയകാന്തിനൊപ്പം സഹകരിക്കാനായില്ല.
'ഇനി എപ്പോഴാണ് എന്റെ ഒരു ചിത്രത്തിന് വേണ്ടി മാസ്റ്റര്‍ വരുന്നത്?' ഒടുവില്‍ നിര്‍മ്മിച്ച ചിത്രത്തിലും ത്യാഗരാജന് വരാന്‍ പറ്റില്ലെന്നറിഞ്ഞപ്പോള്‍ വിജയകാന്ത് അല്പം വിഷമത്തോടെ പറഞ്ഞു. 'ഞാന്‍ വരും വിജയ്, നമ്മളൊന്നിക്കും, വൈകാതെ.' ത്യാഗരാജന്റെ മറുപടി കേട്ട് വിജയകാന്ത് പൊട്ടിച്ചിരിച്ചു.
പാവങ്ങളോട് ഏറെ കരുണ കാണിച്ച നടനായിരുന്നു വിജയകാന്തെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ത്യാഗരാജന്‍ പറയും. സഹായം ചോദിച്ചു വരുന്ന ആരെയും നിരാശരാക്കി മടക്കി അയക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. പട്ടിണികിടന്നുള്ള ശീലമില്ലെങ്കിലും എരിയുന്ന വയറിന്റെ അവസ്ഥ എത്രത്തോളം വലുതാണെന്ന് വിജയകാന്ത് തീരിച്ചറിഞ്ഞിരുന്നു. 'എന്റെ ഓഫീസില്‍ വരുന്നവരെല്ലാം വയറ് നിറയെ ആഹാരം കഴിച്ചിട്ട് പോകണം. അതാണ് മാസ്റ്റര്‍ എന്റെ സന്തോഷം.' ഉച്ചനേരത്ത് ഭക്ഷണം കഴിക്കാനായി വിജയകാന്തിന്റെ റാവുത്തര്‍ ഫിലിംസിന്റെ ഓഫീസിലേക്ക് ആര്‍ക്കും കയറിച്ചെല്ലാമായിരുന്നു പട്ടിണിപ്പാവങ്ങളില്‍ എത്രയോപേര്‍ക്ക് ഒരു നേരമെങ്കിലും പശിയടക്കാനുള്ള ഇടമായി വിജയകാന്തിന്റെ ഓഫീസ് മാറി. സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചപ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടുപന്തി വേണ്ടെന്ന് വിജയകാന്ത് പറഞ്ഞു. നായകന്‍ മുതല്‍ ലൈറ്റ് ബോയ്ക്ക് വരെ ഒരേ ഭക്ഷണം നല്‍കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. പഴയകാല താരങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനും പാവങ്ങള്‍ക്കായി ആശുപത്രി തുടങ്ങാനുമൊക്കെ വിജയകാന്ത് മുന്നില്‍ നിന്നു. സൗത്ത് ഇന്ത്യന്‍ സിനി ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യ തയിലായിരുന്നു സംഘടന. ആ കടങ്ങള്‍ വീട്ടാന്‍ അദ്ദേഹം വിദേശങ്ങളില്‍ താരനിശ സംഘടിപ്പിച്ചു. വിജയകാന്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തങ്ങളെല്ലാം സിനിമയ്ക്കത്തും പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
സിനിമയില്‍ ആഗ്രഹിച്ചപോലെ വലിയവിജയങ്ങള്‍ നേടിയ വിജയകാന്ത് പിന്നീട് രാഷ്ട്രീയത്തിലും നിറഞ്ഞുനിന്നു. സ്വന്തമായി രൂപീകരിച്ച ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം
(ഡിഎംഡികെ) വിജയകാന്തിനെ പോലൊരു കലാകാരന് വേണ്ടിയിരുന്നില്ല എന്നാണ് ത്യാഗരാജന് തോന്നിയത്. ഒരു ജനതയെ സ്‌നേഹിക്കാനും അവരെ സഹായിക്കാനുമുള്ള വലിയ മനസ്സ് വിജയകാന്തിനുള്ളപ്പോള്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ആവശ്യമേ ഇല്ലായിരുന്നു. ആ തിരിച്ചറിവുണ്ടായിട്ടും എന്തേ വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു? ഒന്നല്ല, ഒരുപാട് ചോദ്യങ്ങള്‍ ത്യാഗരാജന്‍ കരുതിവെച്ചിരുന്നു, വീണ്ടും കണ്ടുമുട്ടുമ്പോള്‍ വിജയകാന്തിനോട് ചോദിക്കാന്‍. രാഷ്ട്രീയ നേതാവായ വിജയകാന്തിനെ ഒരിക്കല്‍പോലും ത്യാഗരാജന്‍ നേരില്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടുമില്ല. ശരിക്കും രാഷ്ട്രീയത്തില്‍ മിന്നി പൊലിയുകയായിരുന്നു വിജയകാന്ത്. നാളുകള്‍ കടന്നുപോയപ്പോള്‍ ത്യാഗരാജന്‍ അറിഞ്ഞു വിജയകാന്ത് ആശുപത്രിയില്‍ അത്യാസന്ന നിലയിലാണെന്ന്. ശ്വസനസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീണ്ടനാളത്തെ ചികിത്സയ്‌ക്കൊടുവില്‍ സിനിമയും രാഷ്ട്രീയവും ഉപേക്ഷിച്ച് ജീവിതത്തില്‍ നിന്നുതന്നെ വിജയകാന്ത് യാത്രയായി. സിനിമയെ അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ വിജയരാജ് അഴഗര്‍സാമി എന്ന വിജയകാന്തിന്റെ അവസാനത്തെ ഉറക്കം കണ്ടുമടങ്ങുമ്പോള്‍ ത്യാഗരാജന്‍ ഓര്‍ത്തത് ഒടുവില്‍ വിജയകാന്ത് തന്നോട് പറഞ്ഞ വാക്കുകളാണ്. 'ഇനി എപ്പോഴാണ് എന്റെ ഒരു ചിത്രത്തിന് വേണ്ടി മാസ്റ്റര്‍വരുന്നത്?'
Content Highlights: Vijayakant`s travel from a rejected histrion to a beloved star, his struggles, triumphs, and bequest in
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·