ജനനായകന്‍

1 day ago 2

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

ആട്ടവും പാട്ടും വൈകാരികതയും പ്രണയവുമെല്ലാം ചേര്‍ന്ന പതിവ് പക്കാ തമിഴ് ഡപ്പാങ്കൂത്ത് സ്റ്റൈലില്‍ ആദ്യത്തെ രണ്ടു മണിക്കൂര്‍. പിന്നെയുള്ള ഒരു മണിക്കൂറില്‍ രാഷ്ട്രീയ ചുവടുവെയ്പിന്റെ അതിശക്ത സൂചനകള്‍. അതിനിടയില്‍ സാങ്കേതികതയും വൈകാരികതയും രാജ്യസ്‌നേഹവും- വെറുതെയല്ല ഈ സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് അനുമതി നല്‍കാതെ പിടിച്ചു വെച്ചത്. വലിയ വിവാദങ്ങളുണ്ടാക്കാതെ അനുമതി കൊടുത്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഇത്രയും വലിയ നേട്ടം രാഷ്ട്രീയത്തില്‍ വിജയ് നേടിയെടുക്കാനും സാധ്യതയില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ്, വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയതിന് ശേഷം റിലീസ് ചെയ്തതുകൊണ്ട് രാഷ്ട്രീയമായും ചലച്ചിത്രപരമായും വിജയിക്ക് നേട്ടമുണ്ടായി. സിനിമയുടെ ടൈറ്റിലില്‍ എഴുതിക്കാണിച്ചു- ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ദളപതി സി ജോസഫ് വിജയ്! ഒപ്പം തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള ഔദ്യോഗിക വേഷത്തിലുള്ള നായകനും!!

തമിഴന്റെ എല്ലാ വൈകാരികതകളേയും ചേര്‍ത്തുവെച്ചാണ് രചയിതാവും സംവിധായകനുമായ എച്ച് വിനോദ് ജനനായകന്‍ ചെയ്തിരിക്കുന്നത്. അമ്മ, അച്ഛന്‍, വളര്‍ത്തച്ഛന്‍, സ്ത്രീകളോടുള്ള ബഹുമാനം, രാജ്യസ്‌നേഹം അങ്ങനെയെല്ലാം ചേരുംപടി ചേര്‍ത്തിരിക്കുന്നത്. അതിനോടൊപ്പം തമിഴന്റെ വികാരത്തെ തന്നോടൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ എം ജി ആറിന്റെ ഫോട്ടോയും പാട്ടും കൂടിയുണ്ട്.

അഭിനേതാക്കളെ കാണുമ്പോള്‍ മലയാളികള്‍ക്കിത് അന്യഭാഷാ സിനിമയായി അനുഭവപ്പെടണമെന്നില്ല. രേവതി, മമിതാ ബൈജു, നരേന്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍, പ്രിയാമണി തുടങ്ങി മലയാള സിനിമയിലെ പരിചിത മുഖങ്ങളാണ് ജനനായകനിലുമുള്ളത്.

സാധാരണ തമിഴ് കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് മുകളിലേക്കൊന്നും ജനനായകന്‍ ഉയരുന്നില്ല. എന്നാല്‍ പാട്ടായും നൃത്തമായും സംഘട്ടനമായും സംഭാഷണമായും വിജയ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ചേരുവകള്‍ നിറയെ ഒരുക്കിവെച്ചിട്ടുണ്ട്. അതോടൊപ്പം വൈകാരികത കൂടി കഥയിലേക്ക് ഉള്‍ച്ചേരുന്നതോടെ തിയേറ്ററിലെത്തുന്ന വിജയ് ആരാധകര്‍ക്ക് ആര്‍ത്തുവിളിക്കാനുള്ളതെല്ലാം കിട്ടും. സാധാരണ ഒരു മലയാളി സിനിമാ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഒരു അതിസാധാരണമായൊരു തമിഴ് സിനിമ കാണുന്നതിനപ്പുറമൊന്നും കിട്ടാനുമില്ല.

പല അടരുകളിലൂടെയാണ് ജനനായകന്റെ കഥ മുമ്പോട്ടു പോകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടു ചെയ്യാത്ത ഒരു ഗ്രാമത്തില്‍ തുടങ്ങുന്ന സിനിമ കഥ പറച്ചില്‍ രീതിയിലാണ് സഞ്ചരിക്കുന്നത്. ഫ്‌ളാഷ് ബാക്കിലേക്ക് സഞ്ചരിക്കുന്ന സിനിമ ഇടയ്ക്ക് പുതിയ കാലത്തിലേക്കും തിരികെ വരുന്നുണ്ട്. കഥയും കഥയ്ക്കുള്ളില്‍ വേറെ കഥയും പഴയ കാലവും പുതിയ കാലവുമെല്ലാം ചേര്‍ത്ത് മൂന്നു മണിക്കൂറും മൂന്നുമിനുട്ടും സിനിമ സഞ്ചരിക്കുന്നു. ഇത്രയും ദൈര്‍ഘ്യമുണ്ടെങ്കിലും എവിടേയും ബോറടിയോ ഇഴച്ചിലോ സിനിമയ്ക്കുണ്ടായിട്ടില്ല. പവര്‍ പാക്ക്ഡ് ആയി നിലനിര്‍ത്തിയിട്ടുണ്ട്.

വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടി വി കെയെ അനുസ്മരിപ്പിക്കുന്നതാണ് ഇതിലെ നായകന്റെ പേര്- ദളപതി വെട്രി കൊണ്ടാന്‍- ടി വി കെ എന്ന് ചുരുക്കം. ഒപ്പം തമിഴ്‌നാടിനെ കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയുന്നതോടെ സംഗതി പൂര്‍ത്തിയാകും.

ജയിലിലുള്ള നായകന്‍, പൊലീസ് ഉദ്യോഗസ്ഥനായ നായകന്‍, തന്റെ വളര്‍ത്തു മകള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്ന നായകന്‍, വില്ലന്മാരേയും രാജ്യദ്രോഹ പ്രവര്‍ത്തികളേയും അടിച്ചുടക്കുന്ന നായകന്‍, ഏത് സാഹചര്യത്തേയും ഭയമേതുമില്ലാതെ നേരിടുന്ന നായകന്‍ തുടങ്ങി 'സൂപ്പര്‍' നായകന്റെ എല്ലാ ചേരുവകളും വെട്രിക്കുണ്ട്.

നായകനോടൊപ്പം വില്ലന്മാര്‍ക്കും വലിയ സ്‌ക്രീന്‍ സ്‌പേസ് സിനിമ അനുവദിച്ചിട്ടുണ്ട്. ബോബി ഡിയോളിന്റെ അമരീഷ് പൂജാരി എന്ന ജോണ്‍ ഹിംലറായാലും പ്രകാശ് രാജിന്റെ റോജ രംഗസ്വാമിയായാലും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ മാത്രമല്ല അതോടൊപ്പം ആഫ്രിക്കയേയും പാകിസ്ഥാനേയുമെല്ലാം കഥയില്‍ കൊണ്ടുവരുന്നുണ്ട്. ഒരുപക്ഷേ, വിജയിയുടെ അവസാന ചിത്രമെന്ന നിലയില്‍ തിരക്കഥയും രംഗങ്ങളും കൊഴുപ്പിക്കാനായിരിക്കണം കഥയെ പല വഴികളിലേക്ക് തിരിച്ചുവിട്ടുകൊണ്ടിരുന്നത്.

വിജയിയോടൊപ്പം എടുത്തു പറയേണ്ട പേരാണ് മമിതാ ബൈജുവിന്റേത്. മലയാളത്തിലെ റൊമാന്റിക് നായിക തമിഴില്‍ ക്ലൈമാക്‌സില്‍ വിജയിയോടൊപ്പം കയറി വിലസുന്നത് അതിമനോഹരമായ രംഗങ്ങളാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച്, ക്ലൈമാക്‌സില്‍ സംഘട്ടന രംഗത്ത് മമിതയ്ക്കായി പ്രത്യേക പോര്‍ഷന്‍ തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. മമിതയുടെ വിജിയും വിജയിയുടെ ചിത്തയും ഒരുമിക്കുന്ന രംഗങ്ങള്‍ മികവുറ്റതു മാത്രമല്ല അതിവൈകാരികവുമാണ്.

കമേഴ്‌സ്യലാണ് സിനിമയെങ്കിലും ചില ബോധവത്ക്കരണങ്ങള്‍ നടത്താനും അതിനെ ഗൗരവമായി ചിന്തിക്കാനും കൂടി വഴിയൊരുക്കുന്നുണ്ട് ജനനായകന്‍. വനിതകളെ ബഹുമാനിക്കണമെന്ന സന്ദേശം നല്‍കുന്നതോടൊപ്പം കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ നടത്തുന്ന ഏതു ശ്രമത്തേയും ചെറുത്തു തോല്‍പ്പിക്കണമെന്നും സിനിമ പറഞ്ഞുവെക്കുന്നു. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും മറ്റൊരാള്‍ തങ്ങളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന ബോധം കുട്ടികളിലേക്ക് എത്തിക്കുന്നത് ഈ ചിത്രത്തിന്റെ ഏറ്റവും മികവുറ്റ വശമായി എടുത്തുപറയണം.

മധുരയിലെ കണ്ണകി സ്‌ക്വയര്‍ പൊലീസ് സ്റ്റേഷനും ആ സ്റ്റേഷനു മുമ്പിലെ കൊടിമരത്തില്‍ ദേശീയ പതാകയ്ക്ക് പകരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട തന്റെ മകളുടെ സ്‌കൂള്‍ യൂണിഫോം ഉയര്‍ത്തുന്ന അമ്മയുടെ ദൃശ്യവുമുണ്ട്. ആ ദൃശ്യത്തോളം ഹൃദയസ്പര്‍ശിയും മനോഹരവുമല്ല ഈ സിനിമയിലെ ഒരു രംഗവും.

വിജയിയുടെ ചലച്ചിത്ര കരിയറിലെ അവസാന ചിത്രമെന്ന രീതിയിലാണ് ജനനായകന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക. കവിത തുളുമ്പുന്ന ഭാഷ എന്ന രീതിയില്‍ മനോഹരമായ അര്‍ഥങ്ങളുള്ള പാട്ട് ജനനായകന് ഉയര്‍ന്നു നില്‍ക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്.

സത്യന്‍ സൂര്യന്റെ ക്യാമറയും അനിരുദ്ധ രവിചന്ദറിന്റെ സംഗീതവും ജനനായകനെ ടൈറ്റ് പാക്കിംഗില്‍ നിര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ട്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയാണ് ജനനായകന്‍ നിര്‍മിച്ചത്.

എന്‍ഡ് ടൈറ്റിലില്‍ വിജയിയുടെ പല സിനിമകളിലെ രംഗങ്ങള്‍ ചേര്‍ത്തുള്ള കൊളാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള ചൂണ്ടുപലക കൂടി ഒരുക്കിയാണ് സിനിമ അവസാനിക്കുന്നത്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article