ജന്മദിനത്തിൽ ക്യാപ്റ്റൻ നയിച്ച ‘ഓപ്പറേഷൻ’ സക്സസ്; ദുബായിലും വീണ് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് ഹാപ്പി ഡേ!

4 months ago 4

ദുബായ് ∙ എതിരാളികൾ പാക്കിസ്ഥാനെങ്കിൽ വീറും വാശിയും കൂടും; അതു വാക്കിൽ മാത്രമല്ല കളത്തിലും അങ്ങനെ തന്നെയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരിക്കൽ കൂടി തെളിയിച്ചു. ഏഷ്യാ കപ്പിൽ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു ഘട്ടത്തിൽ പോലും ആധിപത്യം നേടാൻ പാക്കിസ്ഥാനായില്ല. തികച്ചും സർവാധിപത്യം, ഏകപക്ഷീയം. മത്സരത്തിന്റെ തുടക്കം മുതൽ പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കുന്ന ടീം ഇന്ത്യയെയാണ് ഞായറാഴ്ച കണ്ടത്. മൈതാനത്തിനു പുറത്ത് വിവാദങ്ങളും വികാരങ്ങളും കൊഴുക്കുമ്പോഴും അതിന്റെ യാതൊരു സമ്മർദമോ ആശങ്കയോ ഇന്ത്യൻ താരങ്ങളിൽ പ്രകടമായില്ല. പകരം, കൂടുതൽ ഊർജസ്വലരായ കരളുറപ്പുള്ള യുവ ഇന്ത്യൻ ടീമിനെയാണ് അവിടെ കണ്ടത്.

അതിർത്തിയിലെ സംഘർഷങ്ങൾക്കും മത്സരം ബഹിഷ്കരിക്കണമെന്ന ആക്രോശങ്ങൾക്കുമിടയിലാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. ഇന്ത്യയുടെ ഡ്രസിങ് റൂമിലും അതിന്റെ അലയൊലികൾ മുഴുങ്ങിയതായി റിപ്പോർട്ടുകൾ വന്നു. ബഹിഷ്കരണ ആഹ്വാനം സംബന്ധിച്ച് മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായും മറ്റു സപ്പോർട്ട് സ്റ്റാഫുമായും ചർച്ച നടത്തി, സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് താരങ്ങൾ ഉപദേശം തേടിയെന്നും വിവരങ്ങളുണ്ടായിരുന്നു.

ടീമിലെ ചില താരങ്ങൾ മുൻപും പാക്കിസ്ഥാനെതിരെ കളിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്തുള്ള ചർച്ചകൾ ക്യാംപിൽ അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചത്. പക്ഷേ ജന്മദിനത്തിൽ രാജ്യത്തിനു വിജയമധുരം സമ്മാനിച്ച നായകൻ സൂര്യകുമാർ യാദവ്, യഥാർഥത്തിൽ ഈ ‘ഓപ്പറേഷൻ’ മുന്നിൽനിന്നു നയിക്കുന്ന ക്യാപ്റ്റനാകുകയായിരുന്നു. പാക്കിസ്ഥാനെതിരായ ‘മിഷൻ’ പൂർത്തിയാക്കിയ ശേഷം വിജയം സൈനികർക്ക് സമർപ്പിക്കുന്നതായി സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഏഷ്യാ കപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് ഹാരിസ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. AP/PTI(AP09_14_2025_000470B)

ഏഷ്യാ കപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് ഹാരിസ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. AP/PTI(AP09_14_2025_000470B)

∙ ആദ്യ നീക്കം15 മത്സരങ്ങൾക്കു ശേഷം കഴിഞ്ഞ മത്സരത്തിൽ ലഭിച്ച ടോസ് ഭാഗ്യം ഇത്തവണ ക്യാപ്റ്റൻ സുര്യകുമാർ യാദവിനൊപ്പമുണ്ടായിരുന്നില്ല. ടോസ് നേടിയ പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ടോസ് നേടിയിരുന്നെങ്കിൽ ബോളിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നെന്ന് പറഞ്ഞ സൂര്യകുമാർ, ‘ഓപ്പറേഷനിലെ’ ആദ്യ ചുവടു വച്ചു. വൈകിട്ട് മഞ്ഞുവീഴ്ചയുണ്ടാകുമെന്നതിനാൽ ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമെന്നു തന്നെയായിരുന്നു പ്രവചനം. പ്രവചനം സത്യമായെങ്കിലും പാക്കിസ്ഥാന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ അവരുടെ പതനവും ആരംഭിച്ചു.

∙ പേസ് ‘ബോംബ്’, പിന്നെ സ്പിൻ ‘ബോംബ്’ഇരു ടീമിലെയും സ്പിന്നർമാർ തമ്മിലുള്ള പോരാട്ടമാകും ദുബായ് സ്റ്റേഡിയത്തിൽ അരങ്ങേറുക എന്നായിരുന്നു ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. എന്നാൽ സ്പിൻ ആക്രമണം തുടങ്ങും മുൻപ് ‘സ്റ്റാർട്ടർ’ ആയി ‘പേസ് ബോംബ്’ ആണ് ഇന്ത്യ കരുതിവച്ചിരുന്നത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്തിൽ തന്നെ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണു. ബുമ്രയെ സിക്സർ പറത്തുമെന്ന വീരവാദവുമായി എത്തിയ സയിം അയൂബ് ആണ് ഗോൾഡൻ ഡക്കുമായി മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസിനെ മടക്കി ബുമ്രയും പാക്കിസ്ഥാനെ ഞെട്ടിച്ചു.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച സാഹിബ്സാദ ഫർഹാനും ഫഖർ സമാനും പാക്കിസ്ഥാനെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷ ഏറെ നേരം നീണ്ടുനിന്നില്ല. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ പവർപ്ലേ കടന്നുപോയെങ്കിലും എട്ടാം ഓവറിൽ ഇന്ത്യ ‘സ്പിൻ ബോംബ്’ ഇട്ടു. ഫഖർ സമാനെ പുറത്താക്കി അക്ഷർ പട്ടേൽലാണ് കൂട്ടുകെട്ട് പൊളിച്ചത്. തന്റെ തന്നെ തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൽമാന ആഗയെയും അക്ഷർ മടക്കിയതോടെ പാക്കിസ്ഥാൻ പൂർണമായും ‘ഡിഫൻസ്’ മോഡിലേക്കു മാറി. പത്ത് ഓവറിൽ 49ന് 4 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവർ.

പിന്നീട് കുൽദീപ് യാദവിന്റെ ഊഴമായിരുന്നു. 13–ാം ഓവറിൽ കുൽദീപ് നടത്തിയ ഇരട്ടപ്രഹരത്തോടെ അവർ 64ന് 6 എന്ന നിലയിലേക്കു വീണു. 17–ാം ഓവറിൽ ഓപ്പണർ സാഹിബ്സാദ ഫർഹാനെ കൂടി പുറത്താക്കി കുൽദീപ് തുടർച്ചയായ രണ്ടാം മൂന്നു വിക്കറ്റ് നേട്ടം ആഘോഷിച്ചു. 18–ാം ഓവറിൽ ഫഹീം അഷ്റഫിനെ വരുൺ ചക്രവർത്തിയും 19–ാം ഓവറിൽ സൂഫിയാൻ മുഖീമിനെ ബുമ്രയും പുറത്താക്കി. ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്നു കരുതിയ പാക്കിസ്ഥാൻ സ്കോർ അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദി (16 പന്തിൽ 33*) നടത്തിയ ബാറ്റിങ്ങിലൂടെയാണ് 127ൽ എത്തിയത്. നാല് സിക്സറുകളാണ് ഷഹീൻ അഫ്രീദിയുടെ ബാറ്റിൽനിന്നു പിറന്നത്.

∙ ഓപ്പറേഷൻ സക്സസ്, മിഷൻ കംപ്ലീറ്റഡ്പാതി ജയിച്ചു കഴിഞ്ഞിരുന്ന ഒരു ദൗത്യം പൂർത്തിയാക്കുക മാത്രമായിരുന്നു ബാറ്റർമാരുടെ ചുമതല. അവർ അതു കൃത്യമായി അവർ നിർവ്വഹിക്കുകയും ചെയ്തു. അതിനായി ‘ക്യാപ്റ്റൻ’ തന്നെ മുന്നിൽനിന്നു. 35–ാം ജന്മദിനത്തിൽ, 37 പന്തിൽ 47 റൺസുമായി ഇന്ത്യയുടെ ജയം നായകൻ അനാസായമാക്കി. ഒപ്പം സഹ‘സൈനികരായി’ അഭിഷേക് ശർമയും തിലക് വർമയും. യുഎഇക്കെതിരായ ആദ്യ മത്സരത്തിൽ സിക്സറടിച്ച് ഇന്നിങ്സ് തുടങ്ങിയ അഭിഷേക്, പാക്കിസ്ഥാനെതിരെ ഫോറടിച്ചാണ് തുടങ്ങിയത്. ആദ്യ ഓവറിൽ ഇന്ത്യ കുറിച്ചത് 12 റൺസ്.

 AP/PTI(AP09_14_2025_000539B)

ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർ തിലക് വർമയുടെ ബാറ്റിങ് ചിത്രം.: AP/PTI(AP09_14_2025_000539B)

രണ്ടാം ഓവറിൽ വൈസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പുറത്തായതോടെയാണ് ക്യാപ്റ്റൻ സൂര്യ ക്രീസിലെത്തിയത്. അഭിഷേക് ‘ആക്രമണം’ തുടർന്നതോടെ സൂര്യകുമാർ ഒരറ്റത്ത് നിലയുറപ്പിച്ചു. പക്ഷേ ഗില്ലിനെ പുറത്താക്കിയ സയിം അയൂബ് തന്നെ നാലാം ഓവറിൽ അഭിഷേകിനെയും പുറത്താക്കി. പിന്നീടെത്തിയ തിലക് വർമയ്ക്കും പാക്കിസ്ഥാനെ പ്രഹരിക്കാനുള്ള ‘സുവർണാവസരം’ ക്യാപ്റ്റൻ നൽകി. 13–ാം ഓവറിൽ തിലകിനെയും സയിം പുറത്താക്കിയതോടെയാണ് ഇന്നിങ്സിന്റെ ‘ട്രിഗർ’ ക്യാപ്റ്റൻ യഥാർഥത്തിൽ ഏറ്റെടുക്കുന്നത്. അഞ്ച് ഫോറടിച്ച് അതിവേഗം വിജയത്തിലേക്ക് നീങ്ങിയ ക്യാപ്റ്റൻ, 15.5 ഓവറിൽ സിക്സർ പറത്തി ദൗത്യം പൂർത്തിയാക്കി. ഒപ്പം എക്കാലവും ഓർത്തിരിക്കാൻ ഒരു ‘ജന്മദിന സമ്മാനവും’.

English Summary:

India vs Pakistan Asia Cup witnessed a ascendant show by the Indian cricket team. Suryakumar Yadav led the squad to victory, dedicating the triumph to the soldiers and expressing solidarity with the families of those killed successful the Pahalgam attack.

Read Entire Article