സനോ ∙ ഇന്ത്യയും ജപ്പാനും തമ്മിൽ നടന്ന ട്വന്റി20 മത്സരത്തിൽ, ജപ്പാൻ ഇന്നിങ്സിന്റെ അവസാന ഓവറിലെ ‘വൈഡ്’ കോൾ ഫീൽഡ് അംപയർ തിരുത്തിയത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇന്ത്യൻ താരങ്ങൾ അംപയറോട് സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. ഇതോടെ ഒരു വിഭാഗം ആളുകൾ, ജപ്പാനെ ഇന്ത്യ ‘ചതിച്ചു’എന്ന ആരോപണവുമായി രംഗത്തെത്തി. എന്നാൽ, അംപയർമാരുടെ തീരുമാനം പൂർണമായും ശരിയായിരുന്നെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമായ കാരണങ്ങളോടെ വിശദീകരിച്ചു.
What you should work next
മത്സരത്തിൽ എന്താണ് സംഭവിച്ചത്?അക്ഷർ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 8 റൺസ് മാത്രമായിരുന്നു ജപ്പാന് ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ റൺ നേടാൻ ജപ്പാൻ താരങ്ങൾക്ക് സാധിച്ചില്ല. അടുത്ത പന്തിൽ സിംഗിൾ. മൂന്നാം പന്ത് വൈഡ്. അടുത്ത പന്തും അംപയർ വൈഡ് വിളിച്ചു. എന്നാൽ ബാറ്റർ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ചതിനാൽ അത് വൈഡ് അല്ലെന്ന് ഇന്ത്യൻ താരങ്ങൾ വാദിച്ചതോടെ അംപയർ തീരുമാനം പിൻവലിച്ചു. ഇതോടെ അവസാന 3 പന്തിൽ ജപ്പാൻ ജയിക്കാൻ വേണ്ടത് 6 റൺസ്. എന്നാൽ 3 പന്തിലും ഓരോ സിംഗിൾ വീതം നേടാനേ ജപ്പാനു സാധിച്ചുള്ളൂ. അതോടെ ഇന്ത്യയ്ക്ക് 2 റൺസിന്റെ ആശ്വാസ ജയം. നിർണായകമായ വൈഡ് കോൾ പിൻവലിക്കൽ ഇതോടെയാണ് ചർച്ചയായത്.
ആകാശ് ചോപ്രയുടെ വിശദീകരണംതന്റെ യൂട്യൂബ് ചാനലിലെ വിഡിയോയിലൂടെ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര ഈ തീരുമാനത്തിന് പിന്നിലെ നിയമങ്ങൾ വ്യക്തമാക്കി. തുടക്കത്തിൽ തനിക്കും ഇതിൽ തെറ്റുപറ്റിയിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു. ‘‘ഇന്ത്യ ചതിച്ചാണ് ജപ്പാനെ തോൽപ്പിച്ചതെന്നാണ് ആളുകൾ പറയുന്നത്. ഇന്ത്യ സമ്മർദം ചെലുത്തിയതു കൊണ്ടാണ് അംപയർ വൈഡ് തീരുമാനം മാറ്റിയതെന്നും അവർ ആരോപിക്കുന്നു. ആളുകൾ വെറുതെ പുകമറ സൃഷ്ടിക്കുകയാണ്.’’– ചോപ്ര പറഞ്ഞു.
‘‘സത്യത്തിൽ ആ സമയത്ത് എന്റെ ധാരണയും തെറ്റായിരുന്നു. ഒരു ബാറ്റർ സ്വിച്ച് ഹിറ്റ് കളിക്കുമ്പോൾ മാത്രമാണ് ഇരുവശത്തുമുള്ള വൈഡ് ലൈനുകളുടെ ആനുകൂല്യം ബോളർക്ക് ലഭിക്കുകയെന്നും റിവേഴ്സ് സ്വീപ്പിന് അത് ലഭിക്കില്ലെന്നുമാണ് ഞാൻ കരുതിയത്. രണ്ടാമത്തെ ആശയക്കുഴപ്പം, ബോളർ പന്ത് റിലീസ് ചെയ്യുന്ന കൃത്യസമയത്ത് ബാറ്റർ സ്റ്റാൻസ് മാറ്റിയിരുന്നോ ഇല്ലയോ എന്നതായിരുന്നു. പന്ത് എറിയുന്നതിന് മുൻപ് സ്റ്റാൻസ് മാറ്റിയിട്ടില്ലെങ്കിൽ അത് വൈഡ് തന്നെയായിരിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ അവിടെയും എനിക്ക് തെറ്റുപറ്റി.’’– ചോപ്ര വിശദീകരിച്ചു.
അംപയർ തീരുമാനം മാറ്റാൻ കാരണമായ പുതിയ ഐസിസി നിയമങ്ങളെക്കുറിച്ചും മുൻ ഇന്ത്യൻ ഓപ്പണർ കൂടുതൽ വ്യക്തത വരുത്തി. ‘‘ഞാൻ നിയമങ്ങൾ വിശദമായി വായിക്കുകയും അംപയർമാർ പറഞ്ഞത് കേൾക്കുകയും ചെയ്തു. പുതിയ ഐസിസി നിയമങ്ങൾ അനുസരിച്ച്, സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ട്, ഒന്നാമത്തെ കാര്യം, രണ്ടു ഷോട്ടുകളെയും നിയമം ഒരേ രീതിയിലാണ് കാണുന്നത്. രണ്ടാമതായി, പന്ത് ബോളറുടെ കയ്യിലിരിക്കുമ്പോഴാണോ അതോ കൈവിട്ട ശേഷമാണോ നിങ്ങൾ പൊസിഷൻ മാറ്റുന്നത് എന്നത് പ്രസക്തമല്ല. നിങ്ങൾ പൊസിഷൻ മാറ്റിയതായിത്തന്നെ കണക്കാക്കും. അതുകൊണ്ട് ഇതിന്റെ ആനുകൂല്യം ബോളർക്ക് ലഭിക്കും. നിയമത്തിന്റെ കണ്ണിൽ നിങ്ങൾ ഒരേസമയം ഇടംകൈയ്യൻ ബാറ്ററും വലംകൈയ്യൻ ബാറ്ററുമാണ്.’’– ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
മഴമൂലം 5 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 32 റൺസിൽ പിടിച്ചുകെട്ടിയ ജപ്പാൻ കരുത്തുകാട്ടി. മറുപടി ബാറ്റിങ്ങിൽ അവസാന പന്തുവരെ പൊരുതിയെങ്കിലും 2 റൺസ് അകലെ ജപ്പാന്റെ വിജയപ്രതീക്ഷ അസ്തമിച്ചു. സ്കോർ: ഇന്ത്യ 5 ഓവറിൽ 4ന് 32. ജപ്പാൻ 5 ഓവറിൽ 3ന് 30. 2027ലെ ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്.
English Summary:






English (US) ·