ആകാശവും ഭൂമിയും ഒരുപോലെ എതിരായാൽ പിന്നെ ഞങ്ങൾ എന്തു ചെയ്യും? ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയെക്കുറിച്ചു ചോദിച്ചാൽ ഇന്ത്യൻ താരങ്ങളിൽ ചിലരുടെയെങ്കിലും ഉത്തരം ഇങ്ങനെയാകും. ആദ്യ 4 ദിനം ബാറ്റിങ്ങിന് അനുകൂലമായിരുന്ന, പേസർമാർക്കു കാര്യമായ പിന്തുണ ലഭിക്കാതിരുന്ന ലോഡ്സ് ഗ്രൗണ്ടിലെ പിച്ച്, നാലാം ദിനത്തിന്റെ അവസാന സെഷൻ മുതൽ ‘തനി സ്വഭാവം’ കാട്ടി. പിച്ചിന്റെ കുരുത്തക്കേടിനു മൂടിക്കെട്ടിയ ആകാശവും കൂട്ടുനിന്നതോടെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ ക്രീസിൽ നിന്നുവിയർത്തു.
രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 193 റൺസ് മതിയായിരുന്നിട്ടും കളി കൈവിട്ട ഇന്ത്യൻ ടീമിനു പക്ഷേ, പിച്ചിനെ മാത്രം പഴിച്ച് രക്ഷപ്പെടാൻ സാധിക്കില്ല.
∙ പേസ് പെർഫക്ട്
പിച്ച് കൂടെനിൽക്കുമെന്ന് മനസ്സിലായതോടെ അതേറ്റുപിടിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ ഇംഗ്ലിഷ് പേസർമാർക്ക് അവകാശപ്പെട്ടതാണ് ഈ ജയം. നന്നായി ബാറ്റ് ചെയ്യുന്ന 8 പേരുള്ള ഇന്ത്യൻ നിരയെ കൃത്യമായ ഗെയിം പ്ലാനോടു കൂടിയാണ് ജോഫ്ര ആർച്ചറും ക്രിസ് വോക്സും ബ്രൈഡൻ കാഴ്സും ബെൻ സ്റ്റോക്സും പിടിച്ചുകെട്ടിയത്. വേഗവും ബൗൺസുമായിരുന്നു ആർച്ചറുടെ ആയുധങ്ങൾ.
വോബിൾ സീമിൽ പറന്നിറങ്ങുന്ന സർപ്രൈസ് പന്തുകളായിരുന്നു കാഴ്സിന്റെ പ്രത്യേകത. വോക്സ്, ക്ലാസിക്കൽ ഇംഗ്ലിഷ് പേസറെപ്പോലെ പന്തെറിഞ്ഞപ്പോൾ കൃത്യമായ ലൈനും ലെങ്തും ഉപയോഗപ്പെടുത്തിയ സ്റ്റോക്സ് നിർണായക സമയങ്ങളിലെല്ലാം വിക്കറ്റ് വീഴ്ത്തി.
∙ ജയ്സ്വാളിന്റെ പിഴ
193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും ഓപ്പണർ യശസ്വി ജയ്സ്വാളിലായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ നിലയുറപ്പിക്കാൻ രാഹുൽ സമയം കണ്ടെത്തുമ്പോൾ അറ്റാക്കിങ് ഷോട്ടുകളിലൂടെ റൺ കണ്ടെത്തി ഇന്ത്യയുടെ തുടക്കം സുരക്ഷിതമാക്കുന്നത് ജയ്സ്വാളാണ്.
200ൽ താഴെ വിജയലക്ഷ്യം പിന്തുടരുമ്പോൾ അതുപോലൊരു തുടക്കമായിരുന്നു ജയ്സ്വാളിൽ നിന്ന് ഇന്ത്യ ആഗ്രഹിച്ചത്. എന്നാൽ ജോഫ്ര ആർച്ചറുടെ ബൗൺസറിനു ബാറ്റു വച്ച ഇന്ത്യൻ ഓപ്പണർ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു.
∙ റണ്ണൗട്ടിന്റെ വില
ഫസ്റ്റ് ഇന്നിങ്സിലെ ഋഷഭ് പന്തിന്റെ റണ്ണൗട്ടിലാണ് ഇന്ത്യയ്ക്കു താളംതെറ്റിത്തുടങ്ങിയത്. അനാവശ്യ റണ്ണിനോടി പന്ത് ഔട്ടായത് ഇന്ത്യയെ പിന്നോട്ടടിച്ചു. സെഷൻ അവസാനിക്കാനിരിക്കെ, ഇത്തരമൊരു സാഹസം രാഹുലിന് സെഞ്ചറി പൂർത്തിയാക്കാൻ ആയിരുന്നു എന്നാണ് ആരോപണം.
പന്ത് പുറത്തായതിനു പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയും രവീന്ദ്ര ജഡേജയും പ്രതിരോധത്തിനു ശ്രമിച്ചെങ്കിലും അവസാന 4 വിക്കറ്റുകൾ 11 റൺസിനിടെ നഷ്ടപ്പെടുത്തിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാതെ കീഴടങ്ങി.
∙ എക്സ്ട്രാ വേദന
വാരിക്കോരി എക്സ്ട്രാ റൺസ് നൽകിയ ഇന്ത്യൻ ബോളർമാർക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ട്. ഒന്നാം ഇന്നിങ്സിൽ 11 ബൈ ഉൾപ്പെടെ 31 എക്സ്ട്രാ റൺസാണ് ഇന്ത്യ വിട്ടുനൽകിയതെങ്കിൽ രണ്ടാം ഇന്നിങ്സിൽ അത് 32 ആയി. രണ്ട് ഇന്നിങ്സിലുമായി ആകെ 63 റൺസ്! എന്നാൽ, ആദ്യ ഇന്നിങ്സിൽ വെറും 12 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്നു എക്സ്ട്രാ ഇനത്തിൽ നഷ്ടപ്പെട്ടത്.
രണ്ടാം ഇന്നിങ്സിൽ 18 റൺസ് കൂടി നൽകിയെങ്കിലും ആകെ എക്സ്ട്രാ റൺസിൽ ഇന്ത്യയുടെ പകുതി മാത്രമേ ആതിഥേയർ വിട്ടുകൊടുത്തുള്ളൂ. മത്സരത്തിൽ ഇന്ത്യൻ തോൽവി 22 റൺസിനാണെന്നിരിക്കെ, എക്സ്ട്രാസ് നൽകിയ ‘വേദന’ ചെറുതല്ലെന്ന് മനസ്സിലാകും.
∙ പ്ലാനിങ് കൃത്യം
ഇന്ത്യൻ നിരയിലെ ഓരോ ബാറ്ററിന്റെയും ബലഹീനത മനസ്സിലാക്കി, കൃത്യമായ ഫീൽഡ് വിന്യാസം നടത്തിയാണ് ഇംഗ്ലണ്ട് പന്തെറിഞ്ഞത്. ആകാശ് ദീപ് മുതൽ ഋഷഭ് പന്ത് വരെയുള്ളവരുടെ വിക്കറ്റ് വീണത് ഉദാഹരണം. നാലാം ദിനത്തിന്റെ അവസാന ഓവറിൽ ആകാശ് ദീപ് ബാറ്റ് ചെയ്യുമ്പോൾ ഷോർട്ട് ലെഗും ഷോർട്ട് സ്ക്വയർ ലെഗും ഉൾപ്പെടെയുള്ള ഫീൽഡ് നിരത്തി ബൗൺസർ എറിയാൻ പോകുന്ന പ്രതീതിയാണ് സ്റ്റോക്സ് നൽകിയത്.
ഇതു പ്രതീക്ഷിച്ച് ബാക്ക് ഫൂട്ടിലേക്കു വലിഞ്ഞ ആകാശ് ദീപിനെ അപ്രതീക്ഷിതമായ ഗുഡ് ലെങ്ത് ബോൾ എറിഞ്ഞ സ്റ്റോക്സ് ബോൾഡാക്കി. ഋഷഭ് പന്തിന്റെ കാര്യത്തിലും സമാനമായ ഗെയിം പ്ലാൻ കാണാം. ബോഡി ലൈനിൽ തുടർച്ചയായി ബോൾ ചെയ്ത് പന്തിനെ പരീക്ഷിച്ച ആർച്ചർ, അപ്രതീക്ഷിതമായി തൊടുത്തുവിട്ട ഫോർത്ത് സ്റ്റംപ് ഇൻസ്വിങ്ങറിന് ഇന്ത്യൻ താരത്തിനു മറുപടിയുണ്ടായില്ല.
∙ ബുമ്രയുടെ ആവേശം
രവീന്ദ്ര ജഡേജ– ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യയ്ക്ക് നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു. ഈ കൂട്ടുകെട്ടു പൊളിക്കാൻ ‘ബൗൺസർ പ്ലാനാണ്’ ഇംഗ്ലണ്ട് നടപ്പാക്കിയത്. വിക്കറ്റ് ടു വിക്കറ്റ് പന്തുകൾ ബുമ്ര വിദഗ്ധമായി പ്രതിരോധിച്ചതോടെ സ്ലോ ബൗൺസർ എറിഞ്ഞ് ഇന്ത്യൻ താരത്തെ പ്രലോഭിപ്പിക്കാനാണ് ഇംഗ്ലിഷ് പേസർമാർ ശ്രമിച്ചത്. ഈ ‘ചതി’ മുൻകൂട്ടിക്കണ്ട ജഡേജ, ബൗൺസറുകളിൽ ഷോട്ടിനു ശ്രമിക്കരുതെന്ന് ബുമ്രയ്ക്കു നിർദേശം നൽകുന്നത് സ്റ്റംപ് മൈക്കിലൂടെ കേൾക്കാമായിരുന്നു.
എന്നാൽ ബെൻ സ്റ്റോക്സിന്റെ ബൗൺസർ ആവേശത്തോടെ പുൾ ചെയ്യാൻ ശ്രമിച്ച ബുമ്ര വിക്കറ്റ് വലിച്ചെറിഞ്ഞു, ഒപ്പം ഇന്ത്യൻ പ്രതീക്ഷകളും. 5 മത്സര പരമ്പരയിലെ 4–ാം ടെസ്റ്റ് 23 മുതൽ മാഞ്ചസ്റ്ററിൽ.
English Summary:








English (US) ·