27 June 2025, 05:08 PM IST

ജയസൂര്യ, ജയസൂര്യ കൊട്ടിയൂരിൽ | Photo: Mathrubhumi, Screen grab: Facebook/ Ajith P Balan
കണ്ണൂര്‍: കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവര്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി. പ്രാദേശികമാധ്യമപ്രവര്‍ത്തകനും ദേവസ്വം ഫോട്ടോഗ്രാഫറുമായ സജീവ് നായരാണ് പരാതിയുമായി രംഗത്തെത്തിയത്. സജീവ് കൊട്ടിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. കേളകം പോലീസില്‍ പരാതി നല്‍കിയതായും വിവരമുണ്ട്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജയസൂര്യയുടെ കൂടെ ഉണ്ടായിരുന്നവരാണ് മര്‍ദിച്ചതെന്ന് സജീവ് നായര്‍ പറഞ്ഞു. 12 പേരോളം ജയസൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇവരില്‍ മൂന്നുപേരാണ് തന്നെ മര്‍ദിച്ചതെന്നും സജീവ് പറഞ്ഞു.
ദേവസ്വം ഓഫീസിന് സമീപത്തുവെച്ചായിരുന്നു സംഭവം. ജയസൂര്യ ദര്‍ശനം നടത്തുമ്പോള്‍ സജീവ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞില്ലേ എന്ന് ചോദിച്ച് സജീവിനെ മര്‍ദിക്കുകയായിരുന്നു. സജീവും മര്‍ദിച്ചവരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്യാമറ നശിപ്പിച്ചുവെന്നും ആരോപണമുണ്ട്.
നടന്‍ ജയസൂര്യ ദര്‍ശനത്തിന് എത്തുന്നുണ്ടെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറാണ് തന്നെ അറിയിച്ചത്. അക്കരെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനായി ദേവസ്വം നിയമിച്ച ഫോട്ടോഗ്രാഫറാണ് താന്‍. മാധ്യമപ്രവര്‍ത്തകനും കൂടിയാണ്. ജയസൂര്യയുടെ കൂടെ വന്നവരില്‍ പ്രായമുള്ള ഒരാള്‍ ആദ്യം ക്യാമറയുടെ ലെന്‍സ് പിടിച്ചുതിരിച്ചു. ഫോട്ടോയും വീഡിയോയും എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞു. ദേവസ്വം ഫോട്ടോഗ്രാഫറാണെന്ന് പറഞ്ഞിട്ടും ഫോട്ടോയെടുക്കാന്‍ പാടില്ലെന്ന് അയാള്‍ പറഞ്ഞു. പിന്നീട് ജയസൂര്യയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ചേര്‍ന്ന് വയറിന് മര്‍ദിച്ചുവെന്നും സജീവ് പറഞ്ഞു.
Content Highlights: lensman claims helium was assaulted by Jayasurya`s entourage successful Kottiyoor





English (US) ·