ജയിക്കാൻ 13 പന്തിൽ വെറും 3 റൺസ്; പക്ഷേ അംപയർമാർ വക ‘ട്വിസ്റ്റ്’: മത്സരം ഉപേക്ഷിച്ചു; അന്തംവിട്ട് താരങ്ങളും കമന്റേറ്റർമാരും– വിഡിയോ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 29, 2025 01:02 PM IST

1 minute Read

 X/@WBBL
വനിതാ ബിഗ് ബാഷ് ലീഗിൽ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്‌സ്– സിഡ്‌നി തണ്ടർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ അന്തംവിടുന്ന സിഡ്‌നി തണ്ടർ താരങ്ങൾ. ചിത്രം: X/@WBBL

സിഡ്നി ∙ വനിതാ ബിഗ് ബാഷ് ലീഗിൽ വെള്ളിയാഴ്ച നടന്ന അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്‌സ്– സിഡ്‌നി തണ്ടർ മത്സരം ഉപേക്ഷിച്ചതിൽ വിവാദം. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മത്സരം മഴയെത്തുടർന്ന് അഞ്ച് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ സിഡ്നി തണ്ടർ വനിതാ ടീം ബോളിങ് തിരഞ്ഞെടുത്തു. അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്‌സിനെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 45 റൺസിൽ ഒതുക്കുകയും ചെയ്തു.

46 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിഡ്നി തണ്ടർ ടീം, 2.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടി. 15 പന്തിൽ നിന്ന് 38 റൺസുമായി തകർപ്പൻ ബാറ്റിങ് നടത്തിയ ക്യാപ്റ്റൻ ഫോബി ലിച്ച്ഫീൽഡിന്റെ ഇന്നിങ്സാണ് അവരെ അതിവേഗം ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്. സഹഓപ്പണർ ജോർജിയ വോൾ രണ്ടു പന്തിൽനിന്ന് അഞ്ച് റൺസ് നേടി. 10 വിക്കറ്റ് കയ്യിലിരിക്കെ 13 പന്തിൽ 3 റൺസ് എന്നതിലേക്കു വിജയലക്ഷ്യം ചുരുങ്ങുകയും ചെയ്തു.

എന്നാൽ പിന്നീടാണ് അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഓൺ-ഫീൽഡ് അംപയർമാരായ എലോയിസ് ഷെറിഡനും സ്റ്റീഫൻ ഡയോണിഷ്യസും ചേർന്ന് അറിയിക്കുകയായിരുന്നു. 15 മിനിറ്റിലേറെ സമയം ചാറ്റൽ മഴ ഉണ്ടായിട്ടും മത്സരം തുടരുന്നുണ്ടായിരുന്നു.

എന്നാൽ സിഡ്‌നി തണ്ടർ വിജയത്തിന്റെ വക്കിലെത്തിയപ്പോൾ പെട്ടെന്ന് അംപയർമാർ പരസ്പരം ആലോചിച്ച് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കമന്റേറ്റർമാർ ഉൾപ്പെടെ അന്തംവിട്ടു. അംപയർമാരുടെ തീരുമാനത്തെ വിമർശിക്കുകയും ചെയ്തു. സിഡ്നി തണ്ടർ താരങ്ങളും കോച്ചുമടക്കം വിയോജിപ്പ് അറിയിച്ചെങ്കിലും അംപയർമാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെ പരസ്പരം കൈകൊടുത്ത് താരങ്ങൾ ഗ്രൗണ്ട് വിട്ടു.

സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നു. സിഡ്നി തണ്ടർ ടീം ഔദ്യോഗികമായി പരാതി നൽകണമെന്നും ഈ തീരുമാനം കാരണം അവർ ഡബ്ല്യുബിബിഎലിൽനിന്നു പുറത്തായേക്കാമെന്നും ആരാധകർ ചൂണ്ടിക്കാട്ടി. അംപയർമാർ ഒത്തുകളിച്ചതാണോ അതോ തീരുമാനമെടുക്കാൻ കഴിവില്ലാത്തവരാണോ എന്നു ചിലർ സംശയം പ്രകടിപ്പിച്ചു.

അതേസമയം, മറ്റുചിലർ അംപയർമാരെ അനുകൂലിക്കുകയും ചെയ്തു. നിയമങ്ങൾ എപ്പോഴും പാലിക്കണമെന്നും അംപയർമാരുടെ തീരുമാനം അന്തിമമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഡബ്ല്യുബിബിഎലിൽ, ഏഴു മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്റാണ് സിഡ്നി തണ്ടർക്കുള്ളത്. ഇനി മൂന്നു മത്സരങ്ങളാണ് അവർക്ക് ബാക്കിയുള്ളത്. അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്‌സിന് ഏഴു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുണ്ട്.

English Summary:

WBBL lucifer betwixt Sydney Thunder and Adelaide Strikers was controversially abandoned owed to rain, sparking wide criticism. The umpires' determination to halt the crippled conscionable arsenic Sydney Thunder was connected the verge of triumph has led to accusations of bias and incompetence.

Read Entire Article