Published: June 02 , 2025 09:41 AM IST
1 minute Read
അഹമ്മദാബാദ്∙ മഴ പെയ്തു തണുത്ത അഹമ്മദാബാദ് സ്റ്റേഡിയത്തെ മത്സരച്ചൂടിൽ മുക്കിയ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് മറികടന്ന പഞ്ചാബ് കിങ്സ് ഐപിഎൽ ഫൈനൽ ബെർത്ത് ഉറപ്പിച്ചതിനു പിന്നാലെ, ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർക്കും ടീമംഗങ്ങൾക്കും കനത്ത തുക പിഴയിട്ട് ബിസിസിഐ. ഓവറുകൾ നിശ്ചിത സമയത്ത് എറിഞ്ഞു തീർക്കാൻ വൈകിയതിനാണ് ജയിച്ച ടീമിനും തോറ്റ ടീമിനും കനത്ത പിഴയിട്ടത്. ജയിച്ച പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴ. ടീമംഗങ്ങൾ ആറു ലക്ഷം രൂപ വീതവും പിഴയൊടുക്കണം.
തോറ്റ മുംബൈയുടെ കാര്യം കുറച്ചുകൂടി കഷ്ടമാണ്. അവരുടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‍ക്ക് 30 ലക്ഷം രൂപയാണ് പിഴ. ഇംപാക്ട് പ്ലേയർ ഉൾപ്പെടെ കളത്തിലിറങ്ങിയ മറ്റു താരങ്ങളെല്ലാം 12 ലക്ഷം രൂപ വീതവും പിഴയൊടുക്കണം. ശ്രേയസ് അയ്യരും സംഘവും ഇത് രണ്ടാം തവണയാണ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിടിക്കപ്പെടുന്നതെങ്കിൽ, മൂന്നാം തവണയും ഇതേ കുറ്റം ആവർത്തിച്ചതാണ് പാണ്ഡ്യയ്‌ക്കും സംഘത്തിനും വിനയായത്. മഴമൂലം രണ്ടേകാൽ മണിക്കൂർ വൈകിത്തുടങ്ങിയ മത്സരം, ഓവറുകൾ നിശ്ചിത സമയത്ത് എറിഞ്ഞുതീർക്കാതെ വീണ്ടും വൈകിച്ചതിനാണ് കനത്ത പിഴ.
പഞ്ചാബ് താരങ്ങൾക്ക് ആറു ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നതെങ്കിലും മാച്ച് ഫീയുടെ 25 ശതമാനം അതിൽ കുറവാണെങ്കിൽ ആ തുക പിഴയൊടുക്കിയാൽ മതി. മുംബൈ താരങ്ങൾക്ക് 12 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നതെങ്കിലും മാച്ച് ഫീയുടെ 50 ശതമാനം അതിൽ കുറവുള്ളവർ ആ തുക പിഴയൊടുക്കിയാൽ മതിയെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ക്യാപ്റ്റൻമാർക്ക് ഈ ഇളവു ബാധകമല്ല.
കഴിഞ്ഞ സീസണിൽ മൂന്നു തവണ കുറഞ്ഞ ഓവർനിരക്കിനു പിടിക്കപ്പെട്ടതോടെ ഈ സീസണിലെ ആദ്യ മത്സരത്തിൽ വിലക്ക് ലഭിച്ച ഹാർദിക് പാണ്ഡ്യയ്‌ക്ക്, ഇത്തവണ ആ ഭീഷണിയില്ല. മൂന്നു തവണ കുറഞ്ഞ ഓവർനിരക്കിനു പിടിക്കപ്പെടുന്ന ക്യാപ്റ്റനെ തൊട്ടടുത്ത മത്സരത്തിൽ വിലക്കുന്ന നിയമം ബിസിസിഐ ഭേദഗതി ചെയ്ത സാഹചര്യത്തിലാണിത്.
നേരത്തെ, മഴമൂലം രണ്ടേകാൽ മണിക്കൂർ വൈകിത്തുടങ്ങിയ രണ്ടാം ക്വാളിഫയറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ പഞ്ചാബ് 19 ഓവറിൽ ലക്ഷ്യം കണ്ടിരുന്നു. അർധ സെഞ്ചറി പിന്നിട്ട തകർപ്പൻ ബാറ്റിങ്ങുമായി പഞ്ചാബിനെ മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് (41 പന്തിൽ 87 നോട്ടൗട്ട്) പഞ്ചാബിന്റെ വിജയശിൽപി. നാളെ നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികൾ.
English Summary:








English (US) ·