ജയിലിൽക്കിടന്നു, വിലക്കുള്ളപ്പോഴും രഹസ്യമായി സിനിമയെടുത്തു, ഒടുവിൽ അം​ഗീകാരം; ജാഫർ പനാഹിക്ക് പാം ദോർ

7 months ago 10

25 May 2025, 08:23 AM IST

Jafar Panahi

ജാഫർ പനാഹി പാം ദോർ പുരസ്കാരവുമായി | ഫോട്ടോ: AP

കാൻ: ഇറാനിയൻ ചലച്ചിത്രസംവിധായകൻ ജാഫർ പനാഹിക്ക് കാൻ ചലച്ചിത്രമേളയിൽ പാം ദോർ പുരസ്കാരം. രാഷ്ട്രീയത്തടവുകാർ അവരെ തടവിലിട്ടവരോട് പ്രതികാരംചെയ്യാനെത്തുന്ന കഥപറഞ്ഞ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ എന്ന സിനിമയ്ക്കാണ് പുരസ്കാരം.

സർക്കാരിനെതിരേ സിനിമയെടുക്കുന്നുവെന്നാരോപിച്ച് 2009 മുതൽ പലവട്ടം അറസ്റ്റിലായിട്ടുള്ള പനാഹിയെ സിനിമയെടുക്കുന്നതിൽനിന്ന് 20 വർഷത്തേക്ക് ഇറാൻ വിലക്കിയിരുന്നു. 2023 ഫെബ്രുവരിയിൽ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ ഏഴുമാസത്തോളം കിടന്നതാണ് പുതിയ സിനിമയ്ക്കുള്ള പ്രചോദനമെന്ന് 64-കാരനായ പനാഹി പറഞ്ഞു. സിനിമയെടുക്കാൻ വിലക്കുള്ളപ്പോഴും ‘നോ ബെയേഴ്സ്’ ഉൾപ്പെടെയുള്ളവ അദ്ദേഹം രഹസ്യമായി ഷൂട്ടുചെയ്തു. പുതിയചിത്രവും അങ്ങനെയെടുത്തതാണ്.

വേദിയിൽ, പനാഹിയെ കാൻ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷ് ആഹ്ലാദത്തോടെ സ്വീകരിച്ചു. 2010-ലെ കാനിൽവെച്ച് അന്ന് വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സംവിധായകനെ ജൂലിയറ്റ് ആദരിച്ചിരുന്നു. ഏറ്റവും പ്രധാനപ്പെട്ടകാര്യം തന്റെരാജ്യത്തിന്റെ ഭാവിയാണെന്ന് പുരസ്കാരം സ്വീകരിച്ചശേഷം പനാഹി പറഞ്ഞു.“നമുക്ക് ഒന്നിച്ചുപ്രവർത്തിക്കാം, നമ്മൾ ഏതുതരം വസ്ത്രം ധരിക്കണമെന്നോ, എന്തുചെയ്യണമെന്നോ ചെയ്യരുതെന്നോ ആരും നമ്മളോട് പറയരുത്” -അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച ചിത്രത്തിനുള്ള അവാർഡ് ‘ദി പ്രസിഡന്റ്സ് കേക്ക്’ എന്ന സിനിമയിൽക്കൂടി ഹസൻ ഹാഡി സ്വന്തമാക്കി. കാനിൽ അവാർഡ് നേടുന്ന ആദ്യ ഇറാഖിസിനിമയാണിത്. ഇന്ത്യയുടെ ‘ഹോംബൗണ്ടിന്’ അവാർഡൊന്നും നേടാനായില്ല. പായൽ കപാഡിയയും ജൂറി അംഗമായിരുന്നു.

Content Highlights: Iranian manager Jafar Panahi wins the Palme d`Or astatine Cannes for `It Was Just an Accident`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article