30 April 2025, 08:52 PM IST

നന്ദമൂരി ബാലകൃഷ്ണ, രജിനീകാന്ത് | സ്ക്രീൻഗ്രാബ്
രജനീകാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ-2. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യഭാഗത്തിലേതുപോലെ വിവിധ ഭാഷകളിലെ വലിയ താരങ്ങളാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ജയിലർ-2 മായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അടുത്തവൃത്തങ്ങൾ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ്. തെലുങ്കിലെ സൂപ്പർതാരങ്ങളിലൊരാളായ നന്ദമൂരി ബാലകൃഷ്ണ ചിത്രത്തിന്റെ ഭാഗമാകും എന്നതാണാ വിവരം.
ജയിലർ-2 ൽ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ ബാലകൃഷ്ണ സമ്മതം മൂളിയെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംവിധായകൻ നെൽസൺ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞ വിവരണം ബാലകൃഷ്ണയ്ക്ക് ഇഷ്ടമായെന്നും സൂപ്പർതാരത്തിന്റെ ഭാഗങ്ങൾ ഉടൻ ചിത്രീകരിക്കുമെന്നും അവർ പറഞ്ഞു. ബാലകൃഷ്ണയുടെ രംഗങ്ങൾ ആരാധകർക്ക് ഏറെ ഇഷ്ടമാവുമെന്നും അടുത്തവൃത്തങ്ങൾ പ്രതികരിച്ചു.
2023-ലാണ് നെൽസൺ സംവിധാനം ചെയ്ത ജയിലർ പുറത്തിറങ്ങിയത്. ഇന്ത്യയെമ്പാടും വലിയ ഹിറ്റായ ചിത്രത്തിലെ ഒരു വേഷത്തിലേക്ക് ബാലകൃഷ്ണയെ പരിഗണിച്ചിരുന്നെന്ന് റിലീസിന് ശേഷം സിനിമാ വികടൻ എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെൽസൺ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തെ തിരക്കഥയിൽ ശരിയായി രൂപകൽപ്പന ചെയ്യാനും ഉൾക്കൊള്ളിക്കാനും കഴിയാതിരുന്നതുകൊണ്ട് ആ കഥാപാത്രം ഉപേക്ഷിക്കുകയായിരുന്നെന്നും നെൽസൺ പറഞ്ഞിരുന്നു.
ആദ്യഭാഗത്തിലെ ശിവരാജ്കുമാർ ചെയ്ത വേഷം രണ്ടാം ഭാഗത്തിലുമുണ്ടാവും. മലയാളത്തിൽനിന്ന് മോഹൻലാൽ, സുരാജ് വെഞ്ഞാറമ്മൂട്, ഫഹദ് ഫാസിൽ എന്നിവർ ജയിലർ-2ൽ ഉണ്ടാവുമെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് കേരളത്തിലാണ് നടന്നത്. ലൊക്കേഷനിൽ തുറന്ന വാഹനത്തിലെത്തി ആരാധകരെ അഭിസംബോധന ചെയ്യുന്ന രജനീകാന്തിന്റെ ദൃശ്യങ്ങൾ നേരത്തേ വൈറലായിരുന്നു.
Content Highlights: Nandamuri Balakrishna to Join Rajinikanth`s Jailer 2
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·