ജയിലർ-2 ൽ ലിച്ചിയും; ഉദ്ഘാടനച്ചടങ്ങിനിടെ 'സസ്പെൻസ്' പൊളിച്ച് താരം

8 months ago 7

Anna Reshma Rajan

അന്ന രേഷ്മ രാജൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനംചെയ്യുന്ന ചിത്രമായ ജയിലർ-2 ഇതിനകം വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. നിലവിൽ കോഴിക്കോട് ചെറുവണ്ണൂരിലാണ് സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് പുതിയൊരു അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ലിച്ചി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന നടി അന്ന രേഷ്മ രാജനും ചിത്രത്തിൽ ഒരു വേഷത്തിലുണ്ട് എന്നതാണാ വിവരം.

കഴിഞ്ഞദിവസം ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കവേ അന്ന രേഷ്മ രാജൻതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "ഞാനും എക്സൈറ്റഡ് ആണ്. ജയിലർ-2ൽ ഞാനും ഒരു ചെറിയ വേഷത്തിലുണ്ട്. ചടങ്ങുകഴിഞ്ഞ് നേരേ ലൊക്കേഷനിലേക്ക് പോവുകയാണ്. ചെറിയ ഒരു വേഷമാണ്. ഒരുപാട് സന്തോഷമുണ്ട്." ചിത്രത്തേക്കുറിച്ച് അന്നയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഞായറാഴ്ച കോഴിക്കോട്ട് എത്തിയ രജനീകാന്ത്‌ തിങ്കളാഴ്ച ചിത്രീകരണസംഘത്തിനൊപ്പം ചേര്‍ന്നു. ആറുദിവസം അദ്ദേഹം കോഴിക്കോട് ഉണ്ടാവുമെന്നാണ് വിവരം. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താരത്തിന്റെ താമസം. ബേപ്പൂര്‍- ചെറുവണ്ണൂര്‍ റോഡിലെ സുദര്‍ശന്‍ ബംഗ്ലാവാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. ഇവിടെ ചിത്രം ആകെ 20 ദിവസം ഷൂട്ട് ചെയ്യും. കോഴിക്കോട്ടെ മറ്റ് ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടെന്നാണ് സൂചന.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് മുഖ്യവില്ലനെന്നാണ് സൂചന. ചിത്രീകരണം ആരംഭിച്ച ശനിയാഴ്ച മുതല്‍ സുരാജ് സെറ്റിലുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അതിഥിവേഷത്തിലെത്തുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനംചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ 'ജയിലര്‍' എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാംഭാഗമാണ് ഈ ചിത്രം. സുരാജിന് പുറമേ കോട്ടയം നസീര്‍, സുനില്‍സുഖദ എന്നിവരും ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. മലയാളികളായ സുരേഷും രമേഷും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ഗിരീഷ് കേരള മാനേജരുമാണ്. കൊത്ത്, അദ്വൈതം, സിദ്ധാര്‍ഥ, മുന്നറിയിപ്പ്, സൂഫിയും സുജാതയും തുടങ്ങി ഒട്ടേറെ സിനിമകള്‍ സുദര്‍ശന്‍ ബംഗ്ലാവില്‍ ചിത്രീകരിച്ചിട്ടുണ്ട്.

Content Highlights: Anna Reshma Rajan joins the formed of Jailor 2, presently filming successful Kozhikode with Rajinikanth

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article