ജയ് ഷായും അനുകൂലം, ടെസ്റ്റ് മത്സരങ്ങൾ 4 ദിനമാക്കാൻ ഐസിസി നീക്കം; ഇന്ത്യയ്ക്കും ഓസീസിനും ഇംഗ്ലണ്ടിനും 5 ദിവസം കളിക്കാം!

7 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: June 17 , 2025 03:43 PM IST

1 minute Read

ജയ് ഷായിൽനിന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ഏറ്റുവാങ്ങുന്ന ടെംബ ബവൂമ (ഐസിസി ചിത്രം)
ജയ് ഷായിൽനിന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ഏറ്റുവാങ്ങുന്ന ടെംബ ബവൂമ (ഐസിസി ചിത്രം)

ദുബായ്∙ കൂടുതൽ രാജ്യങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ, മത്സരദിനങ്ങളുടെ എണ്ണം അഞ്ചിൽനിന്ന് നാലാക്കി കുറയ്ക്കുന്ന കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പരിഗണനയിൽ. നിലവിലെ ഐസിസി അധ്യക്ഷൻ ജയ് ഷായുടെ നിലപാടും അനുകൂലമായതോടെയാണ് ഇത്തരമൊരു മാറ്റത്തിന് വഴിയൊരുങ്ങുന്നത്. 2027–29ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിൾ മുതൽ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം.

അതേസമയം, ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള ടെസ്റ്റ് ക്രിക്കറ്റിലെ പ്രധാന രാജ്യങ്ങൾക്ക് അഞ്ച് ദിവസം നീളുന്ന മത്സരങ്ങളുമായി മുന്നോട്ടു പോകാനുമാകും. ടെസ്റ്റ് ക്രിക്കറ്റിനോട് താൽപര്യം കാണിക്കാത്ത രാജ്യങ്ങളെക്കൂടി ആകർഷിക്കാനും അവർക്ക് കൂടുതൽ ടെസ്റ്റുകളും ദൈർഘ്യമേറിയ പരമ്പരകളും കളിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കാനുമാണ് ഐസിസി ഇത്തരമൊരു ഭേദഗതി പരിഗണിക്കുന്നത്.

‘‘ലോഡ്സിൽ കഴിഞ്ഞയാഴ്ച നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു ശേഷമുള്ള ചർച്ചകളിൽ, ഐസിസി അധ്യക്ഷൻ ജയ് ഷാ ചതുർദിന ടെസ്റ്റ് മത്സരങ്ങൾക്ക് പിന്തുണ അറിയിച്ചതായാണ് വിവരം. 2027–29ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മുതൽ ഇത് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ശ്രമം’ – ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദ ഗാർഡിയൻ എഴുതി.

‘‘അതേസമയം തന്നെ, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അഞ്ച് ദിവസം നീളുന്ന മത്സരങ്ങളുമായി മുന്നോട്ടു പോകാനും അനുമതി നൽകും. ഈ രാജ്യങ്ങൾ ഉൾപ്പെടുന്ന ആഷസ്, ബോർഡർ – ഗാവസ്കർ ട്രോഫി, ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയെന്ന് പേരുമാറ്റത്തിന് ഒരുങ്ങുന്ന പട്ടൗഡി ട്രോഫി എന്നിവയിലാണ് അഞ്ച് ദിവസത്തെ ടെസ്റ്റുകൾ അതേപടി തുടരുക’ – റിപ്പോർട്ടിൽ പറയുന്നു.

2017ലാണ് ഐസിസി ആദ്യമായി ചതുർദിന ടെസ്റ്റുകൾക്ക് അനുമതി നൽകിയത്. കഴിഞ്ഞ മാസം ട്രെന്റ് ബ്രിജിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇംഗ്ലണ്ട് ചതുർദിന ടെസ്റ്റ് മത്സരം കളിച്ചിരുന്നു. 2019ലും 2023ലും അയർലൻഡിനെതിരെയും ചതുർദിന മത്സരം സംഘടിപ്പിച്ചു.

മത്സര ദിനങ്ങളുടെ ദൈർഘ്യവും ഭാരിച്ച ചെലവും നിമിത്തം ചെറിയ രാജ്യങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താൽപര്യമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ചതുർദിന ടെസ്റ്റുകൾ എന്ന ആശയം പരിഗണിക്കുന്നത്. മത്സരം 4 ദിവസമാക്കി ചുരുക്കിയാൽ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര മൂന്ന് ആഴ്ചകൊണ്ട് പൂർത്തിയാക്കാനാകും.

English Summary:

ICC reportedly acceptable for four-day Tests successful WTC 2027-29; India, Australia, England to proceed playing five-day matches

Read Entire Article