Published: November 24, 2025 11:17 AM IST
2 minute Read
ഗുവാഹത്തി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്കു നാലു വിക്കറ്റുകൾ നഷ്ടം. ചായയ്ക്കു പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ ഋഷഭ് പന്തും (ആറ്), രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സ് ലീഡിലേക്കെത്താൻ ഇന്ത്യയ്ക്ക് ഇനി 387 റൺസ് കൂടി വേണം. യശസ്വി ജയ്സ്വാൾ അർധ സെഞ്ചറി നേടി പുറത്തായി. 97 പന്തുകൾ നേരിട്ട ജയ്സ്വാൾ 58 റൺസാണു സ്വന്തമാക്കിയത്. കെ.എൽ. രാഹുൽ (63 പന്തിൽ 22), സായ് സുദർശൻ (40 പന്തിൽ 15), ധ്രുവ് ജുറേൽ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ.
ആഫ്രിക്കയുടെ ‘മുത്ത്’ സെനുരൻ, മാർകോ
ഗുവാഹത്തി ടെസ്റ്റിലെ ജയത്തോടെ പരമ്പര സമനിലയാക്കാൻ പൊരുതുന്ന ഇന്ത്യയ്ക്കുമേൽ വ്യക്തമായ ആധിപത്യം നേടിയാണ് ദക്ഷിണാഫ്രിക്ക ഇന്നലെ ബാറ്റിങ് അവസാനിപ്പിച്ചത്. കരിയറിൽ ആദ്യ സെഞ്ചറിയുമായി ക്ലാസ് തെളിയിച്ച സെനുരാൻ മുത്തുസാമി (109), ഒൻപതാമനായി ഇറങ്ങി ബോളർമാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തിയ മാർക്കോ യാൻസൻ (91 പന്തിൽ 93) എന്നിവരാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു ഭീഷണിയായത്. 6 വിക്കറ്റ് നഷ്ടത്തിൽ 247 റൺസുമായി ഇന്നലെ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഓൾഔട്ടായത് 489 റൺസിന്. അവസാന 4 വിക്കറ്റുകളിൽ അവർ നേടിയത് 243 റൺസ്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ രണ്ടാംദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസെടുത്തിരുന്നു.
ബാറ്റിങ്ങിനെ തുണച്ച 2 ദിവസങ്ങൾക്കുശേഷം ഗുവാഹത്തിയിൽ ഇന്നുമുതൽ പന്ത് തിരിഞ്ഞു തുടങ്ങുമെന്ന പ്രവചനങ്ങളും ആശങ്കാജനകമാണ്. നാട്ടിലെ വേദികളിൽ 450ൽ അധികം റൺസ് വഴങ്ങിയ ടെസ്റ്റ് മത്സരങ്ങളിൽ ഇതുവരെ 2 തവണ മാത്രമാണ് ഇന്ത്യയ്ക്കു ജയിക്കാനായത്. കഴിഞ്ഞദിവസം പെർത്തിൽ ഒന്നാം ആഷസ് ടെസ്റ്റ് 141 ഓവറുകൾക്കുള്ളിൽ പൂർത്തിയായപ്പോൾ ഗുവാഹത്തിയിൽ ഒന്നാം ഇന്നിങ്സിൽ മാത്രം 151 ഓവറുകളാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഇന്ത്യയെ വെയിലത്തു നിർത്തിയത്. ഇന്ത്യയുടെ 5 സ്പെഷലിസ്റ്റ് ബോളർമാർ 25 ഓവറുകളിൽ കൂടുതൽ പന്തെറിഞ്ഞ ആദ്യ ടെസ്റ്റ് ഇന്നിങ്സായിരുന്നു ഇത്. ഹോം ടെസ്റ്റിൽ 2 ഇന്ത്യൻ പേസ് ബോളർമാർ 30 ഓവറിൽ കൂടുതൽ പന്തെറിഞ്ഞത് 16 വർഷത്തിനുശേഷമാണ്. പിച്ചിൽനിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെ ഫിങ്കർ സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും (28 ഓവറിൽ 94ന് 2 വിക്കറ്റ്) വാഷിങ്ടൻ സുന്ദറിനും (26 ഓവറിൽ 58 റൺസ്) ബാറ്റർമാർക്ക് വെല്ലുവിളിയുയർത്താനായില്ല. ആദ്യദിനം 3 വിക്കറ്റ് വീഴ്ത്തിയ കുൽദീപിന്റെ പരീക്ഷണങ്ങളും ഇന്നലെ ഫലം കണ്ടില്ല.
6ന് 247 എന്ന സ്കോറിൽ ഇന്നലെ ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയെ 300ൽ താഴെ സ്കോറിൽ എറിഞ്ഞൊതുക്കാമെന്നായിരുന്നു ഇന്ത്യയുടെ കണക്കുകൂട്ടൽ. എന്നാൽ തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള സെനുരാൻ മുത്തുസാമി (109) ആ പ്രതീക്ഷകൾക്കു മുൻപിൽ തന്റെ ഇടംകൈ കൊണ്ട് മതിൽകെട്ടി. ബംഗ്ലദേശിലും പാക്കിസ്ഥാനിലും മുൻപ് അർധ സെഞ്ചറിയുമായി തിളങ്ങിയ താരം സ്പിൻ പിച്ചുകളിലെ തന്റെ ബാറ്റിങ് മികവ് വീണ്ടും തെളിയിക്കുകയായിരുന്നു ഇന്നലെ. വിക്കറ്റ് കീപ്പർ കെയ്‌ൽ വെരെയ്നുമൊത്ത് (45) 7–ാം വിക്കറ്റിൽ 88 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച താരം അതിനുശേഷം എട്ടാം വിക്കറ്റിൽ മാർക്കോ യാൻസനൊപ്പം (93) നേടിയത് 97 റൺസ്. 206 പന്തുകൾ നേരിട്ട മുത്തുസാമി ക്രീസിൽ ക്ഷമയോടെ പിടിച്ചുനിന്നപ്പോൾ 7 സിക്സുകളും 6 ഫോറും നേടിയ യാൻസൻ അക്ഷമനായി ആഞ്ഞടിച്ചു. ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് ഇന്നിങ്സിലെ കൂടുതൽ സിക്സുകളിൽ യാൻസൻ, പാക്ക് താരം ശാഹിദ് അഫ്രീദിയുടെ (7) റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. കരിയറിലെ ഏറ്റവും മികച്ച സ്കോർ നേടിയ യാൻസൻ അർഹമായ സെഞ്ചറിക്ക് 7 റൺസ് അകലെ പുറത്തായതു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ക്യാംപിനെ ഇന്നലെ നിരാശപ്പെടുത്തിയത്.
English Summary:








English (US) ·