മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ 121 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ്. വിജയത്തിലെത്താൻ ഇന്ത്യയ്ക്ക് ഇനി 58 റൺസ് കൂടി മതിയാകും. സായ് സുദർശനും (47 പന്തിൽ 30), കെ.എൽ. രാഹുലുമാണ് (54 പന്തിൽ 25) പുറത്താകാതെ നിൽക്കുന്നത്. യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ ഇന്ത്യൻ ബാറ്റർ. എട്ടു റൺസെടുത്ത ജയ്സ്വാളിനെ ജോമൽ വാരികാന്റെ പന്തിൽ ആൻഡേഴ്സൻ ഫിലിപ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.120 റൺസിന്റെ ലീഡാണ് ഫോളോ ഓൺ ഒഴിവാക്കിയ വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്സിൽ നേടിയത്. നാലാം ദിനം അവസാന സെഷനിൽ 390 റൺസെടുത്താണ് വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്സിൽ പുറത്തായത്.
പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ 79 റൺസാണ് ജസ്റ്റിൻ ഗ്രീവ്സും ജെയ്ഡൻ സീൽസും ചേർന്ന് കൂട്ടിച്ചേർത്തത്. 85 പന്തുകൾ നേരിട്ട ജസ്റ്റിൻ ഗ്രീവ്സ് 50 റൺസെടുത്തു പുറത്താകാതെനിന്നു. സീൽസ് 67 പന്തില്‍ 32 റൺസടിച്ചു. ജോൺ കാംബെൽ (115), ഷായ് ഹോപ് (103) എന്നിവരുടെ സെഞ്ചറിയും ക്യാപ്റ്റൻ റോസ്ടൻ ചേസ് (40) എന്നിവരുടെയും ഇന്നിങ്സുകളാണ് വിൻഡീസിനെ 350ന് മുകളിൽ സ്കോർ നേടാൻ സഹായിച്ചത്. മൂന്നാം വിക്കറ്റിൽ ജോൺ കാംബെൽ– ഷായ് ഹോപ് സഖ്യം ചേർന്ന് 177 റൺസും നാലാം വിക്കറ്റിൽ ഹോപ്– ചേസ് സഖ്യം 59 റൺസും കൂട്ടിച്ചേർത്തു. പരമ്പരയിൽ ഇതാദ്യമായാണ് ഒരു വിൻഡീസ് ജോടി 100 റൺസിനു മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.
2ന് 173 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിൻഡീസ് തുടക്കം മുതൽ പ്രതിരോധം തീർക്കാനാണ് ശ്രമിച്ചത്. പേസും സ്പിന്നും മാറിമാറി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പരീക്ഷിച്ചെങ്കിലും വിക്കറ്റ് വീണില്ല. ഇതിനിടെ ഓപ്പണർ കാംബെൽ സെഞ്ചറി തികയ്ക്കുകയും ചെയ്തു. ജഡേജയെ സിക്സറിനു പായിച്ചാണ് കാംബെൽ ടെസ്റ്റിലെ തന്റെ കന്നിസെഞ്ചറി തികച്ചത്. ഇതുൾപ്പെടെ 3 സിക്സും 12 ഫോറുമാണ് കാംബെലിന്റെ ബാറ്റിൽനിന്നു പിറന്നത്. ഒടുവിൽ ഇന്നിങ്സിലെ 64–ാം ഓവറിൽ കാംബെലിനെ പുറത്താക്കി ജഡേജ തന്നെ ഇന്ത്യയ്ക്ക് നാലാം ദിനത്തിലെ ആദ്യ ബ്രേക്ക് ത്രൂ നൽകി.
എന്നാൽ പിന്നീടെത്തിയ ക്യാപ്റ്റൻ റോസ്ടൻ ചേസ്, ഹോപ്പിനു മികച്ച പിന്തുണ നൽകിയതോടെ മറ്റു വിക്കറ്റുകൾ പോകാതെ ആദ്യ സെഷൻ വെസ്റ്റിൻഡീസ് പൂർത്തിയാക്കി. രണ്ടാം സെഷനിൽ ഷായ് ഹോപ്പിന്റെ സെഞ്ചറിയും പിറന്നു. 2 സിക്സും 12 ഫോറുമാണ് ഹോപ്പിന്റെ ബാറ്റിൽനിന്നു പിറന്നത്. എന്നാൽ സെഞ്ചറി തികച്ച് അധികം വൈകാതെ ഹോപ്പിനെ, സിറാജ് മടക്കി. പിന്നീട് ടെവിൻ ഇംലാക് (12), റോസ്ടൻ ചേസ് (40), കാരി പിയർ (പൂജ്യം) എന്നിവരെ കുൽദീപ് യാദവ് അടുത്തടുത്ത് പുറത്താക്കി. ജോമെൽ വാരികാൻ (3), ആൻഡേഴ്സൻ ഫിലിപ് (2) എന്നിവരെ ബുമ്രയും മടക്കി. ഇതോടെ വിൻഡീസിന്റെ ചെറുത്തുനിൽപ് അവസാനിച്ചെന്ന് കരുതിയെങ്കിലും പത്താം വിക്കറ്റിൽ ഒന്നിച്ച ഗ്രീവ്സ്– സീൽസ് സഖ്യം റൺസ് നേടി വെസ്റ്റൻഡീസ് സ്കോർ 350 കടത്തുകയായിരുന്നു.
∙ പിടിച്ചുനിന്ന് വിൻഡീസ്
മൂന്നാം ദിവസത്തെ അവസാന സെഷനിൽ വിക്കറ്റ് നഷ്ടപ്പെടാതെ 207 പന്തിൽ 138 റൺസ് കൂട്ടിച്ചേർത്ത ജോൺ കാംബെൽ– ഷായ് ഹോപ് സഖ്യമാണ് രണ്ടാം ഇന്നിങ്സിൽ 2ന് 173 എന്ന നിലയിൽ മൂന്നാം ദിനം അവസാനിപ്പിക്കാൻ വിൻഡീസിനെ സഹായിച്ചത്. തങ്ങളുടെ സമീപകാല ടെസ്റ്റ് മത്സര ചരിത്രത്തിൽ ആദ്യമായാണ് ഒരു സെഷൻ മുഴുവൻ വിക്കറ്റ് നഷ്ടപ്പെടാതെ വെസ്റ്റിൻഡീസ് പിടിച്ചുനിന്നത്.
ഇന്നിങ്സ് തോൽവി മുഖാമുഖം കണ്ട് രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ടാഗ്‌നരെയ്ൻ ചന്ദ്രപോളിനെ (10) നഷ്ടമായി. സ്കോർ 35ൽ നിൽക്കെ അലിക് അതനാസെയെ (7) വാഷിങ്ടൻ സുന്ദർ ക്ലീൻ ബോൾഡാക്കിയതോടെ 2ന് 35 എന്ന നിലയിലാണ് സന്ദർശകർ രണ്ടാം സെഷൻ അവസാനിപ്പിച്ചത്. ഇതോടെ മത്സരം നാലാം ദിവസത്തിലേക്ക് കടക്കില്ലെന്ന് തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച കാംബെൽ– ഹോപ് സഖ്യം ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
സ്പിന്നർമാരെ കടന്നാക്രമിച്ചും പേസർമാരെ കരുതലോടെ നേരിട്ടും റൺസ് കണ്ടെത്തിയ സഖ്യം പരമ്പരയിൽ ആദ്യമായി ഒരു സെഷൻ വിൻഡീസിന്റെ പേരിൽ എഴുതിച്ചേർത്തു. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ മത്സരം നാലാം ദിവസത്തിലേക്ക് നീട്ടിയെടുക്കാൻ വിൻഡീസിന് സാധിച്ചു.
∙ പാളിയ തുടക്കം
4ന് 140 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ ഷായ് ഹോപിനെ (36) നഷ്ടമായി. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. പിന്നാലെ ടെവിൻ ഇംലാകിനെയും (21) പുറത്താക്കിയ കുൽദീപ് സന്ദർശകരെ പ്രതിരോധത്തിലാക്കി. നന്നായിത്തുടങ്ങിയ ജസ്റ്റിൻ ഗ്രീവ്സായിരുന്നു (17) കുൽദീപിന്റെ അടുത്ത ഇര. പിന്നാലെയെത്തിയ ജോമൽ വാരികാന്റെ (1) മിഡിൽ സ്റ്റംപ് തെറിപ്പിച്ച് മുഹമ്മദ് സിറാജും കരുത്തുകാട്ടിയതോടെ 8ന് 175 എന്ന നിലയിലായി വിൻഡീസ്.
അതോടെ സന്ദർശകർ 200 കടക്കില്ലെന്നു തോന്നിച്ചെങ്കിലും 9–ാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത കാരി പിയർ (23)– ആൻഡേഴ്സൻ ഫിലിപ് (24 നോട്ടൗട്ട്) സഖ്യം ലഞ്ചിനു പിരിയുമ്പോൾ സ്കോർ 217ൽ എത്തിച്ചു. പിയറിനെ പുറത്താക്കിയ ജസ്പ്രീത് ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ജയ്ഡൻ സീൽസിനെ (13) വീഴ്ത്തിയ കുൽദീപ് വിൻഡീസ് ഇന്നിങ്സിന് കർട്ടനിട്ടു.
English Summary:








English (US) ·