Published: July 10 , 2025 09:56 AM IST
1 minute Read
-
ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു
ലണ്ടൻ ∙ പ്രവചനാതീതമാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ കാര്യമിപ്പോൾ. 5 സെഞ്ചറികളുണ്ടായിട്ടും ജസ്പ്രീത് ബുമ്ര 5 വിക്കറ്റ് വീഴ്ത്തിയിട്ടും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തോറ്റു. ബുമ്ര ഇല്ലാതിരുന്നിട്ടും ശുഭ്മൻ ഗിൽ ഒഴികെ മറ്റാരും സെഞ്ചറി നേടാതിരുന്നിട്ടും എജ്ബാസ്റ്റനിൽ ചരിത്ര വിജയം കുറിച്ചു. ബോളിങ് നിരയുടെ കരുത്തുകൂട്ടി ബുമ്ര ടീമിൽ തിരിച്ചെത്തുന്നതോടെ വിജയ ഘടകങ്ങളെല്ലാം ഒന്നിക്കുന്നതിന്റെ ആഘോഷത്തിലാണ് ഇന്ത്യൻ ക്യാംപ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് ലോഡ്സ് ഗ്രൗണ്ടിൽ തുടക്കമാകുമ്പോൾ ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിലുള്ളത് സന്ദർശകരാണ്. എജ്ബാസ്റ്റനിലെ 336 റൺസിന്റെ കൂറ്റൻ ജയത്തിന്റെ തിളക്കത്തിലെത്തുന്ന ഇന്ത്യയ്ക്ക് പരമ്പരയിൽ ലീഡ് നേടാനുള്ള സുവർണാവസരമാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. സോണി ടെൻ ചാനലിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ബുമ്ര വരുമ്പോൾ....ബുമ്ര തിരിച്ചെത്തുമ്പോൾ പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാകും. ഇതൊഴികെ രണ്ടാം ടെസ്റ്റിൽ ഉജ്വല വിജയം നേടിയ ഇന്ത്യൻ ടീമിൽ പൊളിച്ചെഴുത്തിന് സാധ്യതയില്ല. ബർമിങ്ങാമിൽ 3 ഓൾറൗണ്ടർമാരുമായി ഇറങ്ങിയ ഇന്ത്യ ലോഡ്സിലും അതേ പരീക്ഷണം തുടരാനാണ് സാധ്യത. ബാറ്റിങ്ങിൽ മൂന്നാം നമ്പറിൽ പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെങ്കിലും കരുൺ നായർക്ക് ഒരു അവസരം കൂടി ലഭിച്ചേക്കും. മറുവശത്ത് ഇംഗ്ലണ്ട് തലേന്നുതന്നെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. പേസർ ജോഷ് ടങ്ങിനു പകരം ജോഫ്ര ആർച്ചറെ ഉൾപ്പെടുത്തിയതാണ് ഏക മാറ്റം.
ടോസ് ജയിച്ചാൽ ബോളിങ്രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമിന് മികച്ച റെക്കോർഡുള്ള ഗ്രൗണ്ടാണ് ലോഡ്സിലേത്. ജൂണിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അടക്കം ലോഡ്സിലെ കഴിഞ്ഞ 9 മത്സരങ്ങളിൽ അഞ്ചിലും രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചു. അതുകൊണ്ട് ഇന്നു ടോസ് നേടുന്ന ടീം ബോളിങ് തിരഞ്ഞെടുത്തേക്കും. 2021ലാണ് ഇരു ടീമുകളും അവസാനമായി ഇവിടെ ഏറ്റുമുട്ടിയത്. അന്ന് 151 റൺസിന്റെ ഉജ്വല വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 4 വർഷത്തിനിടെ ലോഡ്സിൽ 8 മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് 4 വീതം ജയവും തോൽവിയുമായിരുന്നു ഫലം.
റൂട്ടിന്റെ ഗ്രൗണ്ട്
7 സെഞ്ചറിയടക്കം 40 ഇന്നിങ്സുകളിൽനിന്ന് 2022 റൺസ് നേടിയ ഇംഗ്ലിഷ് ബാറ്റർ ജോ റൂട്ടിന്റെ ഭാഗ്യ വേദിയാണ് ലോഡ്സ് ഗ്രൗണ്ട്. 54.7 റൺസാണ് ഇവിടെ റൂട്ടിന്റെ ശരാശരി. 14 ഇന്നിങ്സുകളിൽനിന്ന് 32 വിക്കറ്റുകൾ നേടിയ ഇംഗ്ലിഷ് പേസർ ക്രിസ് വോക്സും ഇവിടെ കൂടുതൽ അപകടകാരിയാണ്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ലോഡ്സിൽ സെഞ്ചറിയുള്ള ഏക ബാറ്റർ കെ.എൽ.രാഹുലാണ്. 2 ഇന്നിങ്സുകളിൽനിന്ന് മുഹമ്മദ് സിറാജ് 8 വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോഡ്സിൽ ബുമ്രയുടെ പേരിലുള്ളത് 3 വിക്കറ്റുകൾ മാത്രം.
English Summary:








English (US) ·