Published: June 23 , 2025 02:47 PM IST
1 minute Read
ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഒൻപതു വിക്കറ്റുകൾ ലഭിക്കേണ്ടതായിരുന്നെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. മിസ്സായ മൂന്ന് അവസരങ്ങളും ഒരു നോബോളുമാണ് ബുമ്രയ്ക്കും ഒൻപതു വിക്കറ്റിനും തടസമായതെന്നും സച്ചിൻ തെൻഡുൽക്കർ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പ്രതികരിച്ചു. ഇന്ത്യൻ ഫീൽഡർമാര്‍ നഷ്ടപ്പെടുത്തിയ അവസരങ്ങൾ കാരണമാണ് ഒന്നാം ടെസ്റ്റിൽ ബുമ്രയ്ക്ക് അർഹമായ വിക്കറ്റുകൾ ലഭിക്കാതെ പോയത്.
ബുമ്രയെ അഭിനന്ദിച്ചുകൊണ്ടാണ് സച്ചിൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്. മത്സരത്തിൽ 24.4 ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 83 റൺസുകൾ വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. സാക് ക്രൗലി, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ക്രിസ് വോക്സ്, ജോഷ് ടോങ്ക് എന്നീ ബാറ്റർമാരാണ് ബുമ്രയ്ക്കു മുന്നിൽ വീണത്. ഇതോടെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 465 റൺസിനു പുറത്തായി. ആറു റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയത്.
രണ്ടാം ദിനം ഹാരി ബ്രൂക്ക് ഔട്ടായപ്പോൾ നോബോളിന്റെ ആനുകൂല്യത്തിൽ താരം രക്ഷപെട്ടിരുന്നു. ബുമ്രയുടെ പന്തുകളിൽ രവീന്ദ്ര ജഡേജ ഒരു ക്യാച്ചും യശസ്വി ജയ്സ്വാൾ രണ്ടു ക്യാച്ചുകളും നഷ്ടമാക്കി. അതേസമയം യശസ്വി ജയ്സ്വാളിനെയും രവീന്ദ്ര ജഡേജയെയും പിന്തുണച്ച് ജസ്പ്രീത് ബുമ്ര തന്നെ രംഗത്തെത്തി.
ആരും ബോധപൂർവം ക്യാച്ചുകൾ വിടുന്നതല്ലെന്നും അതു കളിയുടെ ഭാഗം മാത്രമാണെന്നും ബുമ്ര മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘ആ ക്യാച്ചുകൾ കൈവിട്ടതിൽ ഒരു നിമിഷം ഞാൻ സങ്കടപ്പെട്ടിരുന്നു. അവരെല്ലാം കഠിനാധ്വാനം ചെയ്യുന്നവരാണ്. അവരിൽ സമ്മർദമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിഴവിൽനിന്ന് പഠിക്കുകയാണു വേണ്ടത്.’’– ബുമ്ര വ്യക്തമാക്കി.
English Summary:








English (US) ·