
സുരേഷ് ഗോപി, ചിത്രത്തിന്റെ പോസ്റ്റർ | Photo: Mathrubhumi, Special Arrangement
തിരുവനന്തപുരം: ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ സിനിമയിലെ നായകനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൗനം ചർച്ചയാകുന്നു. സെൻസർ ബോർഡിന്റെ തടസ്സവാദം ബാലിശമെന്നാണ് സംഘപരിവാർ അനുകൂല സാംസ്കാരികസംഘടന തപസ്യയുടെ നിലപാട്. സിനിമയെ സിനിമയായി കാണണമെന്നും നിങ്ങൾ നിയമത്തിന്റെ വഴിക്കുപോകൂ എന്നുമാണ് വിവാദത്തിന്റെ തുടക്കത്തിൽ സുരേഷ് ഗോപി പറഞ്ഞതെന്ന് സംവിധായകൻ പ്രവീൺ നാരായണൻ വിശദീകരിച്ചിരുന്നു.
‘‘സുരേഷ് ഗോപി ജാനകിയിൽ അഭിനേതാവ് മാത്രമാണ്. അദ്ദേഹം പ്രതികരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനവും. എന്നാൽ, തീരുമാനത്തിനെതിരേ സിനിമയുടെ എഴുത്തുകാരനും സംവിധായകനും പണംമുടക്കിയ നിർമാതാവും പ്രതികരിച്ചു. അഭിനേതാക്കളുടെ സംഘടയായ, സുരേഷ് ഗോപികൂടി അംഗമായ അമ്മ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിൽ അദ്ദേഹംകൂടി പങ്കാളിയാണെന്ന് കരുതാനാണ് താത്പര്യം’’ -ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘നായകന്റെ മൗനം ഉണ്ടചോറിൽ മണ്ണിടുന്നതിന് തുല്യ’മാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
സുരേഷ് ഗോപിയുടെ മൗനം ചോറിൽ മണ്ണിടുന്നതിനു തുല്യം- കെ.സി. വേണുഗോപാൽ
ആലപ്പുഴ: ജാനകി സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെൻസർ ബോർഡ് നടപടിക്കെതിരേയും ഇക്കാര്യത്തിൽ മൗനം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സിനിമ ചോറാണെന്ന് ആവർത്തിച്ചു പറയുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, തന്റെ സർക്കാരിന്റെ ചെയ്തികളിൽ മൗനം തുടരുകയാണ്. അദ്ദേഹത്തിന്റെ മൗനം ഉണ്ണുന്ന ചോറിൽ മണ്ണിടുന്നതിനു തുല്യമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ വേണുഗോപാൽ കുറ്റപ്പെടുത്തി.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കത്തിവെക്കുന്ന നിലപാടാണ് കേന്ദ്ര സെൻസർ ബോർഡിന്റേത്. സിനിമയിലും സാഹിത്യത്തിലും തലക്കെട്ടും പേരും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അതിന്റെ സ്രഷ്ടാക്കൾക്ക് ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതു നിഷേധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീർഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളായി നമ്മുടെ സിനിമകളിൽ ഉപയോഗിക്കുന്നുണ്ട്. സെൻസർ ബോർഡിന്റെ അന്തസ്സ് കളയുന്ന നടപടിയെടുക്കാൻ അന്നത്തെ കോൺഗ്രസ് സർക്കാരുകൾ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Censor committee denies `Janaki` release; Suresh Gopi`s soundlessness sparks controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·