.jpg?%24p=922df31&f=16x10&w=852&q=0.8)
വി.ഡി. സതീശൻ, പ്രതീകാത്മക ചിത്രം, രാജീവ് ചന്ദ്രശേഖർ | Photo: Special Arrangement, Mathrubhumi
കൊച്ചി: സിനിമപ്പേരിൽ ‘ജാനകി’ പാടില്ലെന്ന സെൻസർ ബോർഡ് വിലക്ക് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സിനിമയിൽ ജാനകിയും മംഗലശ്ശേരി നീലകണ്ഠനും പാടില്ലെന്നു പറയാനാകില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. നീലകണ്ഠൻ എന്ന പേര് മാറ്റണമെന്നും സെൻസർ ബോർഡ് പറയുമോ? ഇതിനുമുൻപും ജാനകി എന്ന പേര് സിനിമകൾക്ക് വന്നിട്ടുണ്ടല്ലോ. അധികാരത്തിലിരിക്കുന്നവർ എല്ലായിടത്തും കൈകടത്തുകയാണ്. ഇന്ത്യയെ ഏതു നൂറ്റാണ്ടിലേക്കാണ് ഇവർ വലിച്ചുകൊണ്ടുപോകുന്നത്. ഇക്കാര്യത്തിൽ സിനിമാപ്രവർത്തകർക്കൊപ്പമാണ് പ്രതിപക്ഷം -വി.ഡി. സതീശൻ പറഞ്ഞു.
സെൻസർ ബോർഡ് സ്വതന്ത്രസ്ഥാപനമാണെന്നും അതിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. താൻ ഈ വിഷയം വിശദമായി പഠിച്ചിട്ടില്ല. എന്തിനാണ് വിലക്കിയതെന്ന് അറിയില്ല. അത് പറയേണ്ടത് സെൻസർ ബോർഡാണ്. ബോർഡിന്റെ തീരുമാനത്തിനെതിരേ അപ്പീൽ പോകാനും സമരത്തിനു പോകാനും സനിമാക്കാർക്ക് അവകാശമുണ്ട്. അതിൽ രാഷ്ട്രീയം കാണേണ്ടതില്ല. ഇക്കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും അവസരവാദരാഷ്ട്രീയം കാണിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സെൻസർബോർഡിന് തെറ്റുപറ്റി- എ.പി. അബ്ദുള്ളക്കുട്ടി
കോഴിക്കോട്: സുരേഷ് ഗോപിയുടെ സിനിമ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യുടെ പേരുമാറ്റണമെന്ന ആവശ്യത്തിൽ സെൻസർ ബോർഡിന് തെറ്റുപറ്റിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സെൻസർബോർഡിന്റെ പല നിലപാടുകളോടും തനിക്ക് എതിർപ്പുണ്ട്. പേരുമാറ്റവുമായി ബന്ധപ്പെട്ട് സിനിമാപ്രവർത്തകരുടെ പ്രതിഷേധത്തിൽ പങ്കാളിയാവുന്നു.
കോടതിയിൽനിന്ന് സിനിമാപ്രവർത്തകർക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന് കൂടുതൽ പിന്തുണതേടി ഫെഫ്ക
കൊച്ചി: സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡിന്റെ നിലപാടിൽ പ്രതിഷേധിച്ചുള്ള സമരത്തിൽ കൂടുതൽ പിന്തുണ ഉറപ്പാക്കാൻ ഫെഫ്ക. വിവിധ സിനിമാ സംഘടനകൾ ചേർന്ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് സിബിഎഫ്‌സി റീജണൽ ഓഫീസിനുമുന്നിലാണ് സമരപരിപാടികൾ നടത്തുന്നത്. താരസംഘടനയായ അമ്മ, നിർമാതാക്കളുടെ സംഘടന എന്നിവയിൽനിന്നെല്ലാം പരമാവധി അംഗങ്ങളെ സമരമുഖത്തെത്തിക്കാനാണ് ഫെഫ്കയുടെ ശ്രമം.
ജാനകി എന്ന സിനിമയുടെ മാത്രം പ്രശ്നമായി ലഘൂകരിക്കാതെ സിനിമാമേഖലയുടെ മൊത്തം പ്രശ്നമായിട്ടാണ് ഫെഫ്ക ഇതിനെ കാണുന്നത്. മലയാള സിനിമയ്ക്ക് ഇവിടെ ഇനിയും നിലനിൽക്കേണ്ടതുണ്ടെന്നും അത് ഒരുപാടുപേരുടെ അധ്വാനത്തിന്റെയും പ്രതീക്ഷയുടെയും ഇടമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ട്രെയിലറിനും സിനിമയ്ക്കും രണ്ടു നിയമമാണോ ഇവിടെയുള്ളതെന്ന് ചോദിച്ച ഉണ്ണികൃഷ്ണൻ ഒരു സിനിമയ്ക്കും ഈ ദുരവസ്ഥയുണ്ടാകരുതെന്നും പറഞ്ഞിരുന്നു.
റിവൈസിങ് കമ്മിറ്റിയും, സിനിമയുടെ പേരും ജാനകി എന്ന കേന്ദ്രകഥാപാത്രത്തിന്റെ പേരും മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ കടുത്ത ആശങ്കയിലാണ് തങ്ങളെല്ലാമെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു.
Content Highlights: censorship-janaki-ban
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·