ജാനു എന്നേ വിളിച്ചിരുന്നുള്ളൂ,അതുകൊണ്ടാണോ സെൻസർബോർഡ് വെറുതേ വിട്ടത് എന്ന് ഇപ്പോൾ സംശയം- തമ്പി ആന്റണി

6 months ago 8

30 June 2025, 10:03 AM IST

thampi antony jsk

പ്രതീകാത്മക ചിത്രം, തമ്പി ആന്റണി | Photo: Special Arrangement

സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേരുമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടനും നിര്‍മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി. ഇന്നാണെങ്കില്‍ ജാനകീ ജാനേ' എന്ന പാട്ടുപോലും നിരോധിക്കേണ്ടിവന്നേനെയെന്ന് അദ്ദേഹം പരിഹസിച്ചു. എല്ലാവരുടെയും പേരുകള്‍ ഏതെങ്കിലുമൊക്കെ ദൈവങ്ങളുടേതാണ്. മൃഗങ്ങളുടെ കാര്യത്തിലും സെന്‍സര്‍ ബോര്‍ഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഏതു വളര്‍ത്തു മൃഗങ്ങളെയും കൊന്നു തിന്നാം, പക്ഷെ സിനിമയില്‍ കാണിച്ചാല്‍ നൂറുകൂട്ടം നൂലാമാലകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമ്പി ആന്റണിയുടെ കുറിപ്പ്:
സുരേഷ് ഗോപിയുടെ JSK: Janaki vs State of Kerala എന്ന സിനിമയോടനുബന്ധിച്ചുള്ള വിവാദം കണ്ടപ്പോള്‍ ജനകീ ജാനേ... എന്ന പ്രശസ്തമായ ഒരു പാട്ടാണ് ഓര്‍മ്മ വരുന്നത്. ഇന്നാണെങ്കില്‍ ആ പാട്ടുപോലും നിരോധിക്കേണ്ടി വരുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.
ജാനകി എന്ന പേരിലുള്ള ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്, പ്രകാശ് ബാരെയുംകൂടി നിര്‍മാണപങ്കാളിയായ ഈ സിനിമയുടെ സംവിധായകനും തിരകഥാകൃത്തും എം.ജി. ശശിയായിരുന്നു. ചെറിയകുട്ടിയായ നായിക, ജാനകിയെ ജാനു എന്നുമാത്രമേ ആ സിനിമയില്‍ എല്ലാവരും വിളിച്ചിട്ടുള്ളു. അതുകൊണ്ടാണോ സെന്‍സര്‍ ബോര്‍ഡ് വെറുതെ വിട്ടത് എന്നൊരു സംശയം ഇപ്പോള്‍ തോന്നാന്‍ കാരണം JSK എന്ന മൂവിയെ ചൊല്ലിയുള്ള വിവാദംതന്നെയാണ്. സുരേഷ് ഗോപിയുടെ JSK യില്‍ ജാനകി എന്ന് പതിനാലു പ്രാവശ്യം വിളിക്കുന്നുണ്ടുപോലും.
ആദ്യ സിനിമ മുതല്‍ ഇങ്ങനെ ദൈവങ്ങളുടെ പേരുകള്‍ ഉള്ള സിനിമകള്‍ക്കു കയ്യും കണക്കുമില്ല. ജനശ്രദ്ധ പിടിച്ചുപറ്റിയ രാവണപ്രഭുവിലെ നായിക ജാനകി ആയിരുന്നു. എല്ലാവരുടെയും പേരുകള്‍ ഏതെങ്കിലുമൊക്കെ ദൈവങ്ങളുടേതാണ്, ജാനകി സീതയാണ് അതുപോലേ എല്ലാ ദൈവങ്ങളുടെ പേരുകള്‍ക്കും ഒന്നിലധികം പര്യായങ്ങള്‍ ഉണ്ട്. അബ്രഹാം എന്നു പേരിട്ടാല്‍ മൂന്നു മതങ്ങളുമായിട്ടു ബന്ധപ്പെട്ടതാണ്. ഇതിനു മുന്‍പും പേരുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരദ്ധ്യാപകന്‍ പേരെഴുതിയതിന്റെ പരിണതഫലം നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. മൃഗങ്ങളുടെ കാര്യത്തിലും സെന്‍സര്‍ ബോര്‍ഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഏതു വളര്‍ത്തു മൃഗങ്ങളെയും കൊന്നു തിന്നാം, പക്ഷെ സിനിമയില്‍ കാണിച്ചാല്‍ നൂറുകൂട്ടം നൂലാമാലകളാണ്. ഇതൊക്കെ ഇന്ത്യയിലെ സിനിമകള്‍ക്കു മാത്രമേയുള്ളു എന്നതാണ് ഏറ്റവും വിചിത്രം.
വന്നുവന്നിപ്പോള്‍ സാക്ഷരകേരളം മതത്തിന്റയും സുംബാ ഡാന്‍സിന്റെയും പേരില്‍ നൂറ്റാണ്ടുകള്‍ പിറകോട്ടു പോവുകയാണ് എന്നാണിപ്പോള്‍ തോന്നുന്നത്.

Content Highlights: Thampi Antony reacts to the censor committee proposition to alteration sanction of JSK: Janaki vs State of Kerala

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article