ജാഫർ പനാഹിയുടെ പാം ദോർ: പുരസ്കാരനേട്ടത്തോട് ഒരക്ഷരം ഉരിയാടാതെ ഇറാൻ ഭരണകൂടം

7 months ago 9

26 May 2025, 08:17 AM IST


നേട്ടമാഘോഷിക്കുന്നതിനുപകരം ദേശീയമാധ്യമങ്ങൾ ഇസ്‍ലാമികഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ‘റെസിസ്റ്റൻസ്’ എന്ന ചലച്ചിത്രോത്സവം വാർത്തയാക്കി.

Jafar Panahi

പാം ദോർ പുരസ്കാരവുമായി ഇറാനിയൻ സംവിധായകൻ ജാഫർ പനാഹി | ഫോട്ടോ: AFP

ടെഹ്‌റാൻ: സംവിധായകൻ ജാഫർ പനാഹിയുടെ കാൻ ചലച്ചിത്രമേളയിലെ പുരസ്കാരനേട്ടത്തോട് പ്രതികരിക്കാതെ ഇറാൻ ഭരണകൂടം. ഇറാനിലെ രാഷ്ട്രീയത്തടവുകാരുടെ പ്രതികാരവാഞ്ഛയുടെ കഥപറയുന്ന ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ എന്ന സിനിമയാണ് ശനിയാഴ്ച കാനിലെ ഏറ്റവും ഉയർന്ന ബഹുമതിയായ പാം ദോർ സ്വന്തമാക്കിയത്.

പഹാനിയുടെ നേട്ടത്തെക്കുറിച്ച് ഇറാൻസർക്കാരിലെ അംഗങ്ങളോ മുതിർന്ന ഉദ്യോഗസ്ഥരോ ഉരിയാടിയില്ല. നേട്ടമാഘോഷിക്കുന്നതിനുപകരം ദേശീയമാധ്യമങ്ങൾ ഇസ്‍ലാമികഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ‘റെസിസ്റ്റൻസ്’ എന്ന ചലച്ചിത്രോത്സവം വാർത്തയാക്കി.

അതിയാഥാസ്ഥിതികനിലപാടുള്ള ‘ഫാർസ്’ വാർത്താ ഏജൻസി ജൂറിയുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞു. പരിഷ്കരണവാദിപത്രങ്ങളായ എറ്റെമദ്, ഷർഘ്, ഹാം മിഹാൻ എന്നിവ നേട്ടത്തെക്കുറിച്ച് വെബ്‌സൈറ്റിൽ വാർത്ത നൽകിയെങ്കിലും അച്ചടിയിൽ അതിന് ആദ്യപേജിൽപ്പോലും ഇടംനൽകിയില്ല.

കടുത്ത ഭരണകൂടവിമർശകനായ പനാഹി സിനിമയെടുക്കുന്നത് 2010-ൽ ഇറാൻ 20 വർഷത്തേക്ക് വിലക്കിയിരുന്നു. സർക്കാരിനെതിരേ സിനിമയെടുക്കുന്നെന്നാരോപിച്ച് ഒട്ടേറെത്തവണ ജയിലിലടയ്ക്കുകയും ചെയ്തു. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലെ തടവുകാലമാണ് ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റി’നു പ്രചോദനമായതെന്ന് പനാഹി പറഞ്ഞു.

പുരസ്കാരവേദിയിൽ പനാഹി ദേശീയഐക്യത്തിന് ആഹ്വാനംചെയ്തു. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ഉടൻ ഇറാനിലേക്ക് മടങ്ങുമെന്നും അറിയിച്ചു.

Content Highlights: Iranian authorities stay soundless aft Jafar Panahi`s `It Was Just an Accident` wins the Palme d`Or

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article