31 May 2025, 05:22 PM IST

അർഷാദ് നദീം, സച്ചിൻ യാദവ് | Photo: AFP
ഗുമി (ദക്ഷിണ കൊറിയ): 26-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം സച്ചിന്‍ യാദവിന് വെള്ളി. ശനിയാഴ്ച നടന്ന പുരുഷ വിഭാഗം ജാവലിന്‍ ഫൈനലില്‍ 85.16 മീറ്റര്‍ എറിഞ്ഞാണ് സച്ചിന്‍ വെള്ളി സ്വന്തമാക്കിയത്. കരിയറില്‍ സച്ചിന്റെ മികച്ച പ്രകടനമാണിത്. 86.40 മീറ്റര്‍ കണ്ടെത്തിയ പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീമാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.
തുടക്കത്തില്‍ മെഡല്‍ സാധ്യതയ്ക്ക് പുറത്തായിരുന്ന സച്ചിന്‍ അവസാനത്തെ രണ്ട് ശ്രമങ്ങളില്‍ 83.03 മീറ്ററും 85.16 മീറ്ററും കണ്ടെത്തി വെള്ളി മെഡലിന് അര്‍ഹനാകുകയായിരുന്നു. സച്ചിനെ കൂടാതെ 82.57 മീറ്റര്‍ എറിഞ്ഞ യഷ്‌വീര്‍ സിങ്ങും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തു. അഞ്ചാം സ്ഥാനത്താണ് യഷ്‌വീറിന് ഫിനിഷ് ചെയ്യനായത്. എന്നാല്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കും ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടാന്‍ സാധിച്ചില്ല. കുറഞ്ഞത് 85.50 മീറ്ററാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം.
ഡയമണ്ട് ലീഗ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇന്ത്യയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ല. അടുത്തിടെ ദോഹ ഡയമണ്ട് ലീഗില്‍ നീരജ് കരിയറില്‍ ആദ്യമായി 90 മീറ്റര്‍ മറികടന്നിരുന്നു.
അതേസമയം ഇന്ത്യയുടെ സ്പ്രിന്റര്‍ അനിമേഷ് കുജുറും ഹര്‍ഡില്‍സ് താരം വിദ്യ രാംരാജും വെങ്കലം സ്വന്തമാക്കി. പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫൈനലില്‍ 20.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനിമേഷ് വെങ്കലം സ്വന്തമാക്കിയത്. പുതിയ ദേശീയ റെക്കോഡ് കൂടിയാണിത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുകൂടിയായ വിദ്യ 56.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലം സ്വന്തമാക്കിയത്.
Content Highlights: Sachin Yadav secures metallic successful javelin propulsion astatine Asian Athletics Championships








English (US) ·