Published: July 16 , 2025 04:54 PM IST Updated: July 16, 2025 05:07 PM IST
1 minute Read
ഇസ്‌ലാമാബാദ്∙ കുറച്ചുകൂടി ധൈര്യം കാട്ടിയിരുന്നെങ്കിൽ രവീന്ദ്ര ജഡേജയ്ക്ക് ലോഡ്സ് ടെസ്റ്റിൽ ഇന്ത്യയെ ജയിപ്പിക്കാൻ കഴിയുമായിരുന്നുവെന്ന് മുൻ പാക്കിസ്ഥാൻ താരങ്ങളായ ബാസിത് അലിയും കമ്രാൻ അക്മലും. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും സ്ട്രൈക്ക് കൈമാറാൻ മടികാണിക്കാതിരുന്ന ജഡേജ, കൂടുതൽ ബൗണ്ടറികൾക്ക് ശ്രമിക്കേണ്ടതായിരുന്നുവെന്ന് ബാസിത് അലി അഭിപ്രായപ്പെട്ടു. വാലറ്റത്തിനൊപ്പം ബാറ്റു ചെയ്യുമ്പോൾ ഓരോ ഓവറിലെയും അവസാന രണ്ടു പന്തിൽ ബൗണ്ടറിക്കു ശ്രമിക്കണമെന്ന പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദിന്റെ ഉപദേശം ജഡേജയെ സഹായിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘ഫീൽഡർമാർ സർക്കിളിനു പുറത്തുണ്ടായിരുന്നോ? ഉണ്ടെങ്കിൽ അദ്ദേഹത്തിന് കാര്യമായിട്ടൊന്നും ചെയ്യാൻ അവസരമുണ്ടായിരുന്നില്ല. പക്ഷേ, ജാവേദ് മിയാൻദാദ് ഒരിക്കൽ ഈ സാഹചര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത് വാലറ്റത്തിനൊപ്പം ബാറ്റു ചെയ്യുകയും ഫീൽഡർമാരെ പരമാവധി സർക്കിളിനുള്ളിലേക്ക് കൊണ്ടുവരികയും ചെയ്താൽ, ഓരോ ഓവറിലെയും അവസാന രണ്ടു പന്തുകളിൽ ബൗണ്ടറിക്കു ശ്രമിക്കുക.’ – ബാസിത് അലി പറഞ്ഞു.
‘‘ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മികച്ച പിന്തുണയാണ് സിറാജിന് നൽകിയത്. അവർക്ക് സ്ട്രൈക്ക് കൈമാറുന്നതിൽ ജഡേജയും വിശ്വാസക്കുറവു കാണിച്ചില്ല. ഓരോ ഓവറിലും 2–3 പന്ത് അവരാണ് നേരിട്ടത്. അവരിൽ അത്രമാത്രം വിശ്വാസം ജഡേജയ്‌ക്കുണ്ടായിരുന്നെങ്കിൽ ധൈര്യപൂർവം ബൗണ്ടറികൾക്ക ശ്രമിക്കാമായിരുന്നു. ഇക്കാര്യത്തില് മിയാൻദാദ് പറഞ്ഞതുപ്രകാരം ചെയ്യുന്നതായിരുന്നു ഉചിതം’ – ബാസിത് അലി പറഞ്ഞു.
‘‘ഇത് ജഡേജയുടെ ആദ്യത്തെ ടെസ്റ്റ് മത്സരമൊന്നുമല്ലല്ലോ. അദ്ദേഹം കുറച്ചുകൂടി നന്നായി ആ സാഹചര്യം കൈകാര്യം ചെയ്യേണ്ടതായിരുന്നു. ഇത്രയും പരിചയസമ്പന്നനായ താരമെന്ന നിലയിൽ ഓരോ ഓവറിലും അവസാന രണ്ടു പന്തുകളിൽ ബൗണ്ടറിക്ക് ശ്രമിക്കാമായിരുന്നു’ – ബാസിത് അലി പറഞ്ഞു.
ജോ റൂട്ട്, ശുഐബ് ബഷീർ എന്നിവർ ബോൾ ചെയ്യുന്ന സമയത്ത് ജഡേജ കൂടുതൽ ബൗണ്ടറികൾക്ക് ശ്രമിക്കേണ്ടതായിരുന്നുവെന്ന് മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മലും അഭിപ്രായപ്പെട്ടു. തുടർച്ചയായി നാല് അർധസെഞ്ചറികൾ നേടി മിന്നുന്ന ഫോമിലായിരുന്ന ജഡേജയ്‌ക്ക്, കുറച്ചുകൂടി ആക്രമണോത്സുകത കാട്ടിയിരുന്നെങ്കിൽ ടീമിനെ ജയിപ്പിക്കാമായിരുന്നുവെന്ന് അക്മൽ ചൂണ്ടിക്കാട്ടി.
‘‘ജഡേജയ്ക്ക് ഒന്നു ശ്രമിച്ചുനോക്കാമായിരുന്നു. ശുഐബ് ബഷീറും ജോ റൂട്ടും ബോൾ ചെയ്യുന്ന സമയത്തും അദ്ദേഹം കാര്യമായി മിനക്കെട്ടില്ല. ഇരുവരെയും ആക്രമിക്കാനും ശ്രമിച്ചില്ല. ഏതാനും സിക്സറുകൾ അടിക്കാനെങ്കിലും ജഡേജ ശ്രമിക്കേണ്ടതായിരുന്നു. കുറച്ചുകൂടി ധൈര്യം കാട്ടിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയെ ജയിപ്പിക്കാമായിരുന്നു. മുൻപ് ആഷസിൽ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചതുപോലെ ജഡേജയ്ക്കും സാധിക്കുമായിരുന്നു’ – അക്മൽ പറഞ്ഞു.
English Summary:








English (US) ·