
നടി പവിത്ര മേനോൻ | ഫോട്ടോ: www.instagram.com/pavithramenon/
പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങുകയാണ് സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന പരം സുന്ദരി എന്ന ചിത്രത്തിന്റെ ട്രെയിലർ. ചിത്രത്തിലെ ജാൻവിയുടെ പ്രകടനവും മലയാള ഉച്ചാരണവും അത്ര പോരെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന വിമർശനം. ഇപ്പോൾ പരംസുന്ദരിയിൽ ജാൻവി കപൂറിനെ നായികയാക്കിയതിൽ വിമർശനവുമായെത്തിയിരിക്കുകയാണ് നടി പവിത്ര മേനോൻ. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ കോപ്പിറൈറ്റ് പ്രശ്നം പറഞ്ഞ് നീക്കം ചെയ്തിരിക്കുകയാണ് നിർമാതാക്കളായ മാഡോക് ഫിലിംസ്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പവിത്ര, ജാൻവി കപൂറിനെതിരെയും അണിയറപ്രവർത്തകർക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. താനൊരു മലയാളി നടിയാണെന്നും പരംസുന്ദരി എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടശേഷമുള്ള പ്രതികരണമാണ് അറിയിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് അവർ ആരംഭിക്കുന്നത്.
ട്രെയിലറിന്റെ ഒരു ഭാഗത്ത് ജാൻവിയുടെ കഥാപാത്രം സ്വയം പരിചയപ്പെടുത്തുന്ന രംഗമുണ്ട്. ഇവിടെയാണ് പവിത്ര ജാൻവിയുടെ കാസ്റ്റിങ്ങിനെതിരെ സംസാരിക്കുന്നത്. ഈ വേഷം ചെയ്യാൻ ഒരു മലയാളി നടിയെ കാസ്റ്റ് ചെയ്യുന്നതിൽ എന്താണ് പ്രശ്നമെന്ന് പവിത്ര ചോദിക്കുന്നു. തങ്ങൾക്ക് കഴിവ് കുറവായതുകൊണ്ടാണോ അവസരം നൽകാത്തതെന്നും അവർ ചോദിച്ചു. കേരളത്തിൽ ഇങ്ങനെയൊന്നുമല്ല നടക്കുന്നത്. ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കാൻ ഒരു മലയാളിയെ കിട്ടാൻ ഇത്ര ബുദ്ധിമുട്ടാണോയെന്നും പവിത്ര ചോദിച്ചു.
"90-കളിലെ മലയാള സിനിമകളിൽ പഞ്ചാബികളെ കാണിക്കേണ്ടി വന്നപ്പോൾ ഞങ്ങളും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇത് 2025 ആണ്. ഒരു മലയാളി എങ്ങനെയാണ് സംസാരിക്കുന്നതെന്നും മറ്റാരെയും പോലെ സാധാരണക്കാരാണ് അവരെന്നും എല്ലാവർക്കും അറിയാമെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ എല്ലായിടത്തും മുല്ലപ്പൂ ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുകയല്ല." പവിത്ര പറഞ്ഞു. ജാൻവിയോട് തനിക്ക് വെറുപ്പൊന്നുമില്ലെന്നുപറഞ്ഞ പവിത്ര ജാൻവി എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ശ്രമിക്കുന്നതെന്നും ചോദിച്ചു.
എന്നാൽ കുറച്ചുസമയങ്ങൾക്കുശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നാണ് പവിത്ര ഇതേക്കുറിച്ച് പറഞ്ഞത്. ഇക്കാര്യം അന്വേഷിച്ച് നിരവധി കോളുകളും സന്ദേശങ്ങളും വരുന്നുണ്ട്. ആരാണ് ഇത് ചെയ്തതെന്ന് അറിയില്ല തന്റെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത റീൽ നീക്കം ചെയ്യുന്നതിന് മുൻപ് തന്നോടൊരു വാക്ക് ചോദിക്കണമായിരുന്നുവെന്നും പവിത്ര പറഞ്ഞു. കോപ്പിറൈറ്റ് പ്രശ്നം ചൂണ്ടിക്കാട്ടി നിർമാതാക്കളായ മാഡോക് ഫിലിംസാണ് തന്റെ വീഡിയോ നീക്കംചെയ്തത് എന്ന് ചൂണ്ടിക്കാട്ടിയുള്ള രേഖയും അവർ പങ്കുവെച്ചു. നീക്കം ചെയ്ത വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുന്ന വീഡിയോ പവിത്ര ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി വീണ്ടും പോസ്റ്റ് ചെയ്തു.

മാഡോക് ഫിലിംസിന്റെ ബാനറിൽ ദിനേഷ് വിജനാണ് പരം സുന്ദരിയുടെ നിർമാണം. തുഷാർ ജലോട്ടയാണ് സംവിധാനം. രഞ്ജി പണിക്കർ, സിദ്ധാർത്ഥ ശങ്കർ, മൻജോത് സിംഗ്, സഞ്ജയ് കപൂർ, ഇനായത്ത് വർമ എന്നിവരാണ് പ്രധാനതാരങ്ങൾ. അർഷ് വോറ, തുഷാർ ജലോട്ട എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സച്ചിൻ ജിഗർ ഈണമിട്ടിരിക്കുന്നു. സന്താന കൃഷ്ണൻ രവിചന്ദ്രനാണ് ഛായാഗ്രഹണം.
Content Highlights: Malayali histrion Pavithra Menon criticizes Janhvi Kapoor`s accent successful the Param Sundari trailer
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·