Published: July 30 , 2025 05:35 PM IST
1 minute Read
തിരുവനന്തപുരം∙ കായിക വിദ്യാഭ്യാസ രംഗത്തും കായിക സംഘാടനത്തിലും ദേശീയ തലത്തിൽ കേരളത്തിന്റെ മുഖമായ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മേഖല ഡയറക്ടർ ഡോ.ജി.കിഷോർ നാളെ സർവീസിൽനിന്ന് വിരമിക്കും. സായിക്ക് കീഴിലുളള ദേശീയ കായിക പരിശീലന കേന്ദ്രമായ തിരുവനന്തപുരം എൽഎൻസിപിഇയുടെ പ്രിൻസിപ്പൽ കൂടിയാണ്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 39 വർഷം നീണ്ട സർവീസിനുശേഷമാണ് ജി.കിഷോറിന്റെ പടിയിറക്കം.
പത്തനംതിട്ട പന്തളം സ്വദേശിയായ അദ്ദേഹം ഗ്വാളിയർ എൽഎൻസിപിഇയിൽ നിന്ന് കായിക വിദ്യാഭ്യാസത്തിൽ ഉന്നത പഠനം പൂർത്തിയാക്കിയ ശേഷം 1986ൽ അവിടെ അധ്യാപകനായാണ് സേവനം ആരംഭിച്ചത്. 1987ൽ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ സ്പെഷൽ സെൽ അംഗമായിരുന്നു.
പിന്നീട് സായ് ഡപ്യൂട്ടി ഡയറക്ടറായും മേഖല ഡയറക്ടറായും ഡൽഹി, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഇതിനിടെ 1994 –1999, 2006–2008 കാലഘട്ടങ്ങളിൽ ഡപ്യൂട്ടേഷനിൽ കേരള കായിക വകുപ്പിന്റെ അഡീഷനൽ ഡയറക്ടർ, ഡയറക്ടർ പദവികളിൽ ഒട്ടേറെ കായിക പദ്ധതികൾക്കു നേതൃത്വം നൽകി. കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായിരുന്നു. 2010 മുതൽ കാര്യവട്ടം എൽഎൻസിപിഇ പ്രിൻസിപ്പലാണ്. 2012 മുതൽ കേരളം, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയുള്ള സായ് മേഖലാ ഡയറക്ടറാണ്.








English (US) ·