ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി)യില്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന മാറ്റം തിരിച്ചടിയാകാന്‍ പോകുന്നത് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കാണ്. പ്രീമിയം സ്‌പോര്‍ട്‌സ് ഇവന്റുകളുടെ ജിഎസ്ടി സര്‍ക്കാര്‍ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ഇനി ഐപിഎല്‍ മത്സരങ്ങള്‍ തത്സമയം സ്റ്റേഡിയത്തിൽ കാണാന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും.
ഐപിഎല്‍ ടിക്കറ്റുകളെ കാസിനോകള്‍, റേസ് ക്ലബ്ബുകള്‍, ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കൊപ്പം ഏറ്റവും ഉയര്‍ന്ന നികുതി വരുന്ന സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഐപിഎല്‍ ടിക്കറ്റ് നിരക്കുകള്‍ 28 ശതമാനം ജിഎസ്ടിയില്‍ നിന്ന് 40 ശതമാനത്തിലെത്തി. അതായത് മുമ്പ് 1,000 രൂപ വിലയുണ്ടായിരുന്ന ഐപിഎല്‍ ടിക്കറ്റിന് 28 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 1,280 രൂപയായിരുന്നു വില. ഇനി ഈ ടിക്കറ്റിന് 40 ശതമാനം ജിഎസ്ടി ചേര്‍ത്ത് 1,400 രൂപ നല്‍കണം. 120 രൂപയുടെ വര്‍ധനവ്.
500 രൂപ ടിക്കറ്റ് - ജിഎസ്ടി അടക്കം മുമ്പ് 640 രൂപയായിരുന്നത് 700 രൂപയായി ഉയരും
1,000 രൂപ ടിക്കറ്റ് - മുമ്പ് 1,280 രൂപയായിരുന്നത് 1,400 രൂപയാകും
2,000 രൂപ ടിക്കറ്റ് - മുമ്പ് 2,560 രൂപയായിരുന്നത് 2,800 രൂപയാകും
എല്ലാ ഐപിഎല്‍ ടിക്കറ്റുകള്‍ക്കും മറ്റ് ഉയര്‍ന്ന മൂല്യമുള്ള കായിക മത്സരങ്ങള്‍ക്കും ഏകീകൃത 40% നികുതി ബാധകമാണ്. അത്യാവശ്യമല്ലാത്തതോ ആഡംബര വിനോദമോ ആയാണ് ഈ വിഭാഗത്തെ കണക്കാക്കുന്നത്. ഇനി സ്റ്റേഡിയം സേവന നിരക്കുകളും ഓണ്‍ലൈന്‍ ബുക്കിങ് ഫീസും ഉള്‍പ്പെടുത്തിയാല്‍ ഐപിഎല്‍ ടിക്കറ്റുകളുടെ നിരക്ക് ഇനിയും ഉയരും.
സര്‍ക്കാര്‍ ഐപിഎല്ലിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, പ്രോ കബഡി ലീഗ് (പികെഎല്‍), ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പോലുള്ള മറ്റ് പ്രധാന ലീഗുകളും 40% നികുതി സ്ലാബില്‍ വരുമോ എന്നത് വ്യക്തമല്ല.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ പരിഷ്‌കരണം ചര്‍ച്ചചെയ്യുന്നതിനുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. ഇപ്പോള്‍ 12, 28 നികുതിസ്ലാബിലുള്ള 90 ശതമാനം വസ്തുക്കളും യഥാക്രമം 5, 18 സ്ലാബിലേക്കുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. മുന്‍പ് 5, 12, 18, 28 ശതമാനം എന്നീ നാല് നിരക്കാണുള്ളത്. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍വരും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആഡംബര ഉത്പന്നങ്ങളുടെ നികുതി 40 ശതമാനമാക്കുന്നതോടെ 45,000 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: IPL summons prices to emergence arsenic GST connected premium sporting events increases from 28% to 40%.








English (US) ·