
Photo: mathrubhumi archives
ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള ലോക ഷൂട്ടിങ് വേദികളില്‍ ഇന്ത്യയ്ക്ക് തനതായ മേല്‍വിലാസമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദ്രോണാചാര്യരാണ് അന്തരിച്ച പരിശീലകന്‍ സണ്ണി തോമസ്. ഷൂട്ടിങ്ങിന് വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കേരളത്തില്‍ രാജ്യം കണ്ട ഏറ്റവും മികച്ച ഷൂട്ടിങ് പരിശീലകനെന്ന പദവിയിലേക്ക് സണ്ണി ഉയര്‍ന്നുവന്നത് അവിശ്വസനീയമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവ പരമ്പരകളിലൂടെയാണ്. തന്റെ ആ വളര്‍ച്ചയില്‍ കേരളാകായിക രംഗത്തിന്റെ പിതാവായ ഗോദ വര്‍മരാജയ്ക്കും ഒരു പങ്കുണ്ടെന്ന് സണ്ണി താമസ് തന്നെ വെളിപ്പെടുത്തിയിരുന്നു. ആ കഥ ഇങ്ങനെയാണ്....
ഈരാറ്റുപേട്ടക്കടുത്ത് ഇടനാടാണ് സണ്ണിയുടെ ജന്മദേശം. കഥാപാസംഗികനായിരുന്ന കെ.കെ. തോമസിന്റേയും മറിയക്കുട്ടിയുടേയും മകന്‍. വീട്ടിനടുത്തുള്ള സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന അച്ഛന്‍, ജോലി രാജിവെച്ച് കഥാപ്രസംഗ വേദിയിലെത്തുകയായിരുന്നു. കഥാപ്രാസംഗികന്‍ എന്ന നിലയില്‍ കേരളത്തിലെങ്ങും പേരെടുത്ത തോമസിന് നായാട്ടിനോടും അല്‍പ്പം കമ്പമുണ്ടായിരുന്നു. റൈഫിളുമായി അച്ഛന്‍ വേട്ടക്കിറങ്ങുമ്പോള്‍ സണ്ണി റബ്ബര്‍ തെറ്റാലിയുമായി ഒപ്പം പോവും. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ സണ്ണിയും വേട്ടയ്ക്ക് റൈഫിള്‍ ഉപയോഗിച്ചു തുടങ്ങി. അങ്ങനെ തികച്ചും യാദ്യച്ഛികമായാണ് സണ്ണി ഒരു ഷൂട്ടറായി മാറിയത്.
പക്ഷേ, ഷൂട്ടിങ്ങിനെ ഒരു ഗെയിം ആയി കണ്ടുതുടങ്ങിയതും മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയതും പിന്നെയും ഏറെ കഴിഞ്ഞായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി 1963-ല്‍ തേവര കോളേജിലും അടുത്തവര്‍ഷം ഉഴവൂര്‍ സെന്റ് സേവ്യേഴ്‌സ് കോളേജിലും ഇംഗ്ലീഷ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കോളേജില്‍ ജോലി ചെയ്യുന്നതിനിടെ 25-ാം വയസ്സിലാണ് സണ്ണി ടാര്‍ഗറ്റ് ഷൂട്ടിങ്ങിലേക്ക് തിരിഞ്ഞത്. കോട്ടയത്ത് റൈഫിള്‍ ക്ലബ്ബ് ആരംഭിച്ചപ്പോള്‍ അതിന്റെ ഭാരവാഹികള്‍ സണ്ണിയെ വന്നുകണ്ട് ക്ലബ്ബിലേക്ക് ക്ഷണിച്ചു. 1965-ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് സണ്ണി മത്സരിക്കാന്‍ പോയി. അന്നും ഷൂട്ടിങ് മത്സരങ്ങളുടെ രീതിയേയോ നിയമങ്ങളെയോ കുറിച്ച് സണ്ണിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിനു മുമ്പ് പോലീസുകാര്‍ വന്ന് ടാര്‍ഗറ്റിലേക്ക് വെടിവെച്ച് കാണിച്ചു തന്നു. നിലത്തു കിടന്ന് മണല്‍ച്ചാക്കില്‍ കൈമുട്ട് ഊന്നിയായിരുന്നു അവര്‍ വെടിവെച്ചത്. അടുത്ത ദിവസം നടന്ന മത്സരത്തില്‍ ആദ്യ ഊഴം സണ്ണിയുടേതായിരുന്നു. സണ്ണി ഷൂട്ടിങ് റേഞ്ചില്‍ ചെന്നു. നിലത്ത് ഡെറി വിരിച്ചു. സമീപം നില്‍ക്കുന്നത് കേരളാസ്‌പോര്‍ട്സിന്റെ പിതാവും രക്ഷാകര്‍ത്താവും ഒക്കെയായിരുന്ന കേണല്‍ ഗോദവര്‍മരാജ. അന്ന് അദ്ദേഹം സംസ്ഥാന റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹത്തെ സാക്ഷിയാക്കിയാണ് സണ്ണി ചാമ്പ്യന്‍ഷിപ്പില്‍ ഹരിശ്രീ കുറിക്കേണ്ടത്. പക്ഷേ മണല്‍ച്ചാക്ക് കാണുന്നില്ല. ഗോദവര്‍മരാജയോട് ചോദിച്ചു 'എവിടെ മണല്‍ച്ചാക്ക്?' 'മണല്‍ച്ചാക്കോ, എന്തിനാണ് അത്' എന്നായി അദ്ദേഹം. സണ്ണി കാര്യം പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് അത്ഭുതം - 'മത്സരത്തിന്റെ രീതികള്‍ അറിയാതെയാണോ എത്തിയിരിക്കുന്നത്, ശരിക്കും ഒരു തുടക്കക്കാരനാണോ നിങ്ങള്‍?'
അവസാനം മണല്‍ച്ചാക്കില്ലാതെ തന്നെ നിലത്തു കിടന്ന് വെടിവെച്ചു. പിന്നെ മുട്ടുകുത്തിയിരുന്നും. മത്സരങ്ങളില്‍ ഇങ്ങനെയെല്ലാം വെടിവെക്കണമെന്ന് അന്നാണ് സണ്ണി അറിയുന്നത്. പക്ഷേ, ചാമ്പ്യന്‍ഷിപ്പില്‍ സണ്ണിക്ക് ഒരു സ്വര്‍ണമടക്കം അഞ്ചു മെഡല്‍ കിട്ടി! മെഡല്‍ദാനസമയത്ത് ജി.വി. രാജ ചോദിച്ചു 'തുടക്കക്കാരനെന്ന് പറഞ്ഞ് നിങ്ങള്‍ എന്നെ വിഡ്ഢിയാക്കുകയായിരുന്നുവല്ലേ? അല്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ ഇത്ര മെഡല്‍ കിട്ടി?' സത്യം പറഞ്ഞ് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടി. പിന്നീട് 1970-ല്‍ അഹമ്മദാബാദിലെ വെപ്പണ്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിന് പോയതോ ടെയാണ് ഷൂട്ടിങ്ങിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ക്യാമ്പില്‍ എത്തിയ ഷൂട്ടര്‍മാരില്‍ ഏറ്റവും മികച്ച ഷൂട്ടറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മികച്ച ഒരു പ്രൊഫഷണല്‍ ഷൂട്ടറായാണ് സണ്ണി അഹമ്മദാബാദില്‍ നിന്ന് തിരിച്ചെത്തിയത്.

സ്റ്റേറ്റ് ചാമ്പ്യന്‍, ദേശീയ ചാമ്പ്യന്‍
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഹമ്മദാബാദ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവരുടെ ചെലവ് മുഴുവന്‍ വഹിച്ചത് അതാത് സംസ്ഥാന സര്‍ക്കാരുകളും സ്‌പോര്‍ട്‌സ് സംഘടനകളുമായിരുന്നു. സണ്ണി കോളേജില്‍ നിന്ന് അവധിയെടുത്ത് സ്വന്തം ചെലവിലാണ് ക്യാമ്പില്‍ പങ്കെടുത്തത്. തിരിച്ചുവന്നശേഷം തോട്ടയ്ക്ക് ചെലവായ പണം അനുവദിച്ചു തരണമെന്ന അപേക്ഷയുമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കത്തെഴുതി. പക്ഷേ, ഒരു മറുപടിയും കിട്ടിയില്ല. ഇതില്‍ മനംമടുത്ത് സണ്ണി ഷൂട്ടിങ് ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പിന്നെ നാലുവര്‍ഷത്തേക്ക് ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിക്കുകയോ പരിശീലിക്കുകയോ ചെയ്തില്ല. സ്വന്തമായി തോക്ക് ഇല്ലാതിരുന്നതു കൊണ്ട് പോലീസ് ക്യാമ്പില്‍ ചെന്ന് എസ്പി യുടെ അനുവാദം വാങ്ങി തോക്കെടുത്ത് വേണമായിരുന്നു മത്സരത്തിന് പോവാന്‍ പലപ്പോഴും തോക്കിനു വേണ്ടി ചെല്ലുമ്പോള്‍ ക്യാമ്പില്‍ നിന്നുള്ള പ്രതികരണം മനംമടുപ്പിക്കുന്ന രീതിയിലായിരുന്നു. ഇതും സണ്ണി ഷൂട്ടിങ് രംഗത്തുനിന്ന് പിന്‍മാറാന്‍ കാരണമായി.
പിന്നീട് 1974-ല്‍ കോട്ടയം എസ്പി ആയി എത്തിയ വെങ്കിടാചലത്തിന്റെ നിര്‍ബന്ധപ്രകാരമാണ് സണ്ണി ഫീല്‍ഡില്‍ തിരിച്ചെത്തിയത്. പാലക്കാട്ട് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ വെങ്കിടാചലം നിര്‍ബന്ധിച്ചു. ഇത്തവണ ക്യാമ്പില്‍ നിന്ന് തോക്ക് കിട്ടാന്‍ ഒട്ടും വിഷമമുണ്ടായില്ല. രണ്ടുദിവസം വീട്ടുവളപ്പില്‍ പരിശീലനം നടത്തിയാണ് പാലക്കാട് എത്തിയത്. നാലുവര്‍ഷം വിട്ടുനിന്നതുകൊണ്ട് സംഭവിച്ചിരുന്ന പോരായ്മകള്‍ രണ്ടുദിവസം കൊണ്ട് നികത്താന്‍ സണ്ണിക്ക് കഴിഞ്ഞു പാലക്കാട് വെച്ച് ആദ്യമായി സണ്ണി സംസ്ഥാന ചാമ്പ്യനായി പിന്നീട് 1975-ലും 1976-ലും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുകയും ചെയ്തു.
1976-ല്‍ മദ്രാസിലാണ് സണ്ണി ആദ്യമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. ആദ്യശ്രമത്തില്‍ തന്നെ ദേശീയ ചാമ്പ്യനാവുകയും ചെയ്തു. ആദ്യമായായിരുന്നു കേരളത്തില്‍ നിന്നുള്ള ഒരു ഷൂട്ടര്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പ് കിട്ടുന്നത്. കേരളത്തിനകത്ത് സണ്ണി അല്‍പമെങ്കിലും അംഗീകരിക്കപ്പെടുന്നത് ഇതിന് ശേഷമാണ്. അതോടെ സ്വന്തമായി ഒരു തോക്ക് ലഭിക്കുകയും ചെയ്തു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കുടി സണ്ണി മത്സരരംഗത്തുണ്ടായിരുന്നു. പക്ഷേ കോളേജില്‍ നിന്ന് ലീവ് ലഭിക്കാനുള്ള ബുദ്ധിമുട്ടും പരിശീലനത്തിനും മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഭാരിച്ച ചെലവും മൂലം അധികകാലം പിടിച്ചുനില്‍ക്കാനായില്ല.

1982-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിസാവുമ്പോഴേക്കും സണ്ണി ഷൂട്ടിങ് ഒഫീഷ്യല്‍ ആയി മാറിയിരുന്നു.1983-ല്‍ മക്കളായ മനോജും സനിലും മത്സരരംഗത്തെത്തിയതോടെ പൂര്‍ണമായും ചാമ്പ്യന്‍ഷിപ്പുകളില്‍നിന്ന് പിന്മാറുകയും ചെയ്തു. സണ്ണിയുടെ രണ്ട് മക്കളും ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടി. ദേശീയ റെക്കോഡ് ഉടമകളായിരുന്ന ഇവര്‍ക്ക് ജി.വി രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
നാഷണല്‍ കോച്ച്
ഷൂട്ടിങ് ഒഫീഷ്യലും അന്താരാഷ്ട്ര ജൂറിയും ആയി മാറിയ സണ്ണി പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് തുടങ്ങി. തന്റെ മക്കളെ പരിശീലിപ്പിച്ച് ദേശീയ ചാമ്പ്യന്‍മാരാക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കി. ഷൂട്ടിങ്ങില്‍ അന്താരാഷ്ട്രരംഗത്ത് വലിയ നേട്ടങ്ങള്‍ ഒന്നും ഇന്ത്യക്ക് ഉണ്ടാക്കാന്‍ കഴിയാതെ വന്നപ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനാപട്ടികയില്‍ നിന്ന് ഈ ഗെയിമിനെ ഒഴിവാക്കാന്‍ ആലോചിക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും ഷൂട്ടര്‍മാരെ അയക്കുന്നതിനെ കുറിച്ച് പുനര്‍ചിന്തനം നടത്തുന്നുമുണ്ടായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിലാണ് ദേശീയ റൈഫില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നാഷണല്‍ ടീമിന്റെ കോച്ചാവണമെന്ന ആവശ്യവുമായി സണ്ണിയെ സമീപിച്ചത്. ആദ്യം വിസമ്മതിച്ച സണ്ണി ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി ചുമതലയേറ്റു.
പൊതുവെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു അന്ന് ഷൂട്ടിങ് രംഗത്തെത്തിയിരുന്നത്. ആരെയെങ്കിലും അനുസരിക്കാനോ ആരുടെയെങ്കിലും കീഴില്‍ അച്ചടക്കത്തോടെ പരിശീലനം നടത്താനോ അവര്‍ സ്വാഭാവികമായും പഠിച്ചിരുന്നില്ല. പക്ഷേ, കോളേജ് അധ്യാപികനന്ന നിലയിലുള്ള സണ്ണിയുടെ അനുഭവസമ്പത്ത് ഇവിടെ തുണയായി. കൃത്യമായി ക്യാമ്പിലെത്താനും അച്ചടക്കത്തോടെ പരിശീലനം നടത്താനും സണ്ണി ഷൂട്ടര്‍മാരെ ശീലിപ്പിച്ചു. ഓരോ വര്‍ഷവും ദേശീയ ചാമ്പ്യന്‍ഷിപ്പിലും ട്രയല്‍സിലും മികച്ച പ്രകടനം നടത്തുന്നവരെ ഉള്‍പ്പെടുത്തി നാഷണല്‍ സ്‌ക്വാഡ് ഉണ്ടാക്കി. ഇവര്‍ക്ക് പരിശീലനം നടത്താനുള്ള തോട്ട സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍നിന്ന് അനുവദിച്ച് കിട്ടാന്‍ പക്ഷെ സണ്ണിക്ക് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം തന്നെ നടത്തേണ്ടിവന്നു.
ഇന്ത്യന്‍ ഷൂട്ടിങ് ഉയരങ്ങളിലേക്ക്
അധികം വൈകാതെ തന്നെ സണ്ണിയുടെ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങി ലോകചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം സണ്ണിയുടെ ശിഷ്യന്‍മാര്‍ നേട്ടമുണ്ടാക്കി. ജസ്പാല്‍ റാണയും പിന്നീട് അഭിനവ് ബിന്ദ്രയും ലോക ജൂനിയര്‍ ചാമ്പ്യന്‍മാരായി. ലോകനിലവാരമുള്ള ഷൂട്ടിങ് താരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്നുവരാന്‍ തുടങ്ങി. ഇന്ന് ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഒളിമ്പിക്സിലുമെല്ലാം ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം ഉയര്‍ത്തുന്ന പ്രധാന ഇനമായി ഷൂട്ടിംഗ് മാറിയതില്‍ വലിയൊരു പങ്ക് സണ്ണി തോമസിനുണ്ട്. അതിനുള്ള അംഗീകാരമായിട്ടായിരുന്നു 2001-ല്‍ സണ്ണി തോമസിനെ ദ്രോണാചാര്യാ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചത്. പി.ടി ഉഷയുടെ പരിശീലകനായിരുന്നു ഒ.എം നമ്പ്യാര്‍ക്ക് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന മലയാളിയായിരുന്നു ഇദ്ദേഹം.
Content Highlights: The unthinkable communicative of Sunny Thomas,








English (US) ·