ജീത്തു ജോസഫിന്റെ ബിജു മേനോന്‍-ജോജു ജോര്‍ജ് ചിത്രം 'വലതുവശത്തെ കള്ളന്‍' ചിത്രീകരണം പൂര്‍ത്തിയായി

5 months ago 6

ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളന്‍' ചിത്രീകരണം പൂര്‍ത്തിയായി. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളയെത്തുന്ന ചിത്രം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നിവരുടെ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്.

മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളന്‍' കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. അടുത്തിടെ പുറത്തുവന്ന ടൈറ്റില്‍ പോസ്റ്റര്‍ ഇക്കാര്യം സാധൂകരിക്കുന്നതായിരുന്നു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍.

യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റില്‍ സൂചന നല്‍കിയിട്ടുള്ളത്. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളന്‍' ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

ഒരു മേശയില്‍ പോലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയര്‍ലെസും താക്കോല്‍കൂട്ടവും കണ്ണടയും ഇരിക്കുന്നതായാണ് ടൈറ്റില്‍ പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബേസില്‍ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. കോ പ്രൊഡ്യൂസര്‍മാര്‍: ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍, പിആര്‍ഒ : ആതിര ദില്‍ജിത്ത്.

Content Highlights: Valathu Vashathe Kallan, Jeethu Joseph movie shooting completed

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article