ത്യാഗരാജന് റെഡ്ഡിമാങ്കുപ്പത്തെ നാലുകെട്ടില്‍നിന്ന് ജീവിതം മദിരാശിയിലേക്ക് പറിച്ചുനടുമ്പോള്‍ ഒപ്പമിറങ്ങിയതാണ് അമ്മ യമുനാഭായി. കൊച്ചുമകള്‍ കൂടി ജീവിതത്തിലേക്കു കടന്നുവന്നതോടെ അവര്‍ ഏറെ സന്തോഷവതിയായി. മകള്‍ പിറന്നതില്‍ പിന്നെയാണ് വീട്ടിലേക്കുള്ള ത്യാഗരാജന്റെ വരവ് കൂടിവന്നത്. അതുവരെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം എത്തിയിരുന്നയാള്‍ പാതിരാത്രിയായാലും മുടങ്ങാതെ വീടണയാന്‍ തുടങ്ങി.
'തോന്നിയ നേരത്തൊന്നും വീട്ടിലേക്കു വരാന്‍ പറ്റില്ല' എന്ന അമ്മയുടെ സ്നേഹശാസന പലപ്പോഴും ത്യാഗരാജനു കേള്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ്. സിനിമയില്‍ സ്റ്റണ്ട്മാസ്റ്ററൊക്കെയാണെങ്കിലും അമ്മയുടെ അരികില്‍ ത്യാഗരാജന്‍ എന്നും ചെറിയ കുട്ടിയായിരുന്നു. വൈകിയെത്തുന്ന നേരങ്ങളില്‍ അമ്മയുടെ ചൂരല്‍പ്രയോഗംപോലും നേരിടേണ്ടിവന്നിട്ടുണ്ട്. കുതിരപ്പുറത്തും മോട്ടോര്‍ബൈക്കിലും കുതിക്കുന്ന, ഉയരങ്ങളില്‍നിന്ന് താഴേക്ക് മലക്കംമറിയുന്ന, തീയാളുന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്ന് പൊരുതുന്ന ഡ്യൂപ്പുകളുടെ തലവനെ ചെറിയൊരു ചൂരല്‍കൊണ്ട് അമ്മ തല്ലുന്നതു കണ്ട് പൊട്ടിച്ചിരിച്ച അസിസ്റ്റന്റുമാര്‍ ഏറെയുണ്ട്. അമ്മ നല്‍കുന്ന ആ ശിക്ഷയെ പ്രതിരോധിക്കാന്‍, ഏത് അടിയും തടയുന്ന ത്യാഗരാജനു കഴിയുമായിരുന്നില്ല.
അസുഖങ്ങള്‍ പലതും യമുനാഭായിയെ വേട്ടയാടിയിരുന്നെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ജീവിക്കാനാണ് ആ അമ്മ ആഗ്രഹിച്ചത്. ഇതിനിടയില്‍ മക്കളില്‍ അഞ്ചുപേരുടെ അകാലത്തിലുള്ള മരണവും അവര്‍ക്കു കാണേണ്ടിവന്നു. വാര്‍ദ്ധക്യത്തിന്റെ തളര്‍ച്ചകള്‍ ബാധിച്ചിരുന്നെങ്കിലും പണ്ടുമുതലേ തുടരുന്ന ക്ഷേത്രദര്‍ശനം ഒരിക്കലും മുടക്കിയിരുന്നില്ല. അപ്പോഴെല്ലാം പഴയപോലെ പാവപ്പെട്ടവര്‍ക്കുള്ള ഭിക്ഷയായി ഒരു ചെറിയ പണപ്പാത്രം കൂടെ കരുതിയിരുന്നു. നന്നായി ജോലിചെയ്യുകയും നല്ല ഭക്ഷണം മാത്രം കഴിക്കുകയും യമുനാഭായിയുടെ ശീലമായിരുന്നു. സന്തോഷകരമായ ആ ജീവിതത്തിലേക്ക് കടന്നുവന്ന ചില അസുഖങ്ങള്‍ അവരെ ആശുപത്രികിടക്കയിലെത്തിച്ചു. കൈകാല്‍ മുട്ടുകളുടെ കഠിനവേദന ജോലിചെയ്യുന്നതില്‍നിന്ന് വിലക്കി. ഇടയ്ക്കിടെയുള്ള ആശുപത്രിവാസത്തിനിടയിലും സ്വന്തം ശരീരവേദനയേക്കാള്‍ അവരെ നോവിച്ചത് മകന്റെ ജീവിതത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു.
മദിരാശിയിലെ കെ.ജെ. ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുമ്പോള്‍ യമുനാഭായിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. രാവിലെ ആറുമണി മുതല്‍ രാത്രി എട്ടുമണി വരെ ജോലിചെയ്ത് ത്യാഗരാജന്‍ ചെല്ലുന്നത് അമ്മ കിടക്കുന്ന ആശുപത്രി മുറിയിലേക്കാണ്. പ്രഭാതരശ്മികള്‍ കണ്ണിലേക്ക് അരിച്ചെത്തുന്നതുവരെ അമ്മയുടെ കട്ടിലിനരികില്‍ ഇരിക്കും. ഏഴു ദിനങ്ങള്‍ അങ്ങനെ കടന്നുപോയി. എട്ടാം ദിവസം രാവിലെ സഹോദരി വസന്തയെ അമ്മയ്ക്കരികില്‍ നിര്‍ത്തി ത്യാഗരാജന്‍ വീട്ടിലേക്കു പോയി. ഉച്ചയോടെ ഭാര്യയെയും ഒരുവയസ്സുള്ള മകള്‍ പ്രഭാവതിയെയും കൂട്ടി ഇരുകൈകളിലും തട്ടുപാത്രങ്ങളുമായി ആശുപത്രിയുടെ പടികള്‍ കയറി. സഹോദരിക്കും ഭാര്യയ്ക്കും തനിക്കുമുള്ള ഭക്ഷണമായിരുന്നു ആ പാത്രങ്ങളില്‍. എല്ലാവര്‍ക്കും അമ്മയോടൊപ്പം കഴിക്കാമെന്ന് കരുതിയാണ് ഭക്ഷണം ആശുപത്രിയിലേക്ക് എടുത്തത്. ആശുപത്രിയുടെ ഇടനാഴികളിലൂടെ നടന്ന് അമ്മയുടെ മുറിക്കരികിലെത്തിയ ത്യാഗരാജന്‍ കണ്ടത് പുറത്തെ ബെഞ്ചിലിരുന്ന് പൊട്ടിക്കരയുന്ന വസന്തയെയാണ്. കാര്യമന്വേഷിച്ചെങ്കിലും എന്താണെന്ന് പറയാന്‍ കഴിയാതെ അവള്‍ വിതുമ്പി. ഒടുവില്‍, ഇടറിയ തൊണ്ടയില്‍നിന്ന് മുറിഞ്ഞുവീണ ആ വാക്കുകള്‍ ത്യാഗരാജന്‍ കൂട്ടിവായിച്ചു. 'അമ്മ...പോയി.'
അമ്മ നല്ല ഉറക്കത്തിലാണ്. 'അമ്മേ...' എന്ന് സര്‍വ്വശക്തിയുമെടുത്ത് വിളിച്ചാലും ഒരിക്കലും ഉണരാത്ത ഉറക്കം. ശാന്തിക്കും മകള്‍ക്കുമൊപ്പം വസന്ത മുറിയിലേക്ക് വന്നു. അമ്മയുടെ തലയ്ക്കരികില്‍ വെച്ചിരുന്ന ചില്ലറത്തുട്ടുകളും നോട്ടുകളുമടങ്ങിയ ചെറിയ പാത്രമെടുത്ത് ത്യാഗരാജന്റെ നേരെ നീട്ടി. 'രാജന്‍ വന്നാല്‍ ഇത് ഏല്‍പ്പിക്കാന്‍ അമ്മ പറഞ്ഞിരുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കഴിക്കാന്‍...' വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ വസന്ത അലമുറയിട്ടു. ശാന്തിയുടെയും വസന്തയുടെയും കരച്ചില്‍കേട്ട് ഒന്നും മനസ്സിലാകാതെ ഒരു വയസ്സുള്ള പ്രഭാവതി അച്ഛന്റെ മുഖത്തേക്ക് നോക്കി. ത്യാഗരാജന്റെ കണ്ണുകളില്‍ അപ്പോഴും നനവ് പടര്‍ന്നിട്ടില്ല. അടക്കിപ്പിടിച്ച സങ്കടക്കടലുമായി അയാള്‍ കെ.ജെ. ഹോസ്പിറ്റലിന്റെ ഇടനാഴികളിലൂടെ ഭക്ഷണപ്പാത്രവുമായി പുറത്തേക്കു നടന്നു. ആശുപത്രിക്കു മുമ്പില്‍ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് നടന്നെത്തിയത്. ഇരുകൈകളിലുമുള്ള ഭക്ഷണപ്പാത്രങ്ങള്‍ അവര്‍ക്കുനേരെ നീട്ടി. കത്തിക്കരിഞ്ഞ വയറുമായി അവര്‍ വേഗം അവ പിടിച്ചുവാങ്ങി. ആ നിമിഷം തന്നെ ത്യാഗരാജന്‍ തിരിഞ്ഞുനടന്നു അമ്മയ്ക്കരികിലേക്ക്...
ആശുപത്രി ബില്ല് അടച്ചശേഷം നാട്ടിലെ പോസ്റ്റാഫീസിലേക്ക് ഫോണ്‍ചെയ്ത് അമ്മ മരിച്ച വിവരം വീട്ടിലറിയിക്കാന്‍ പറഞ്ഞു. സിനിമാസൗഹൃദങ്ങളില്‍ ആരെയും അറിയിച്ചതുമില്ല. സ്റ്റണ്ട് യൂണിയന്‍ ഓഫീസില്‍ വിവരം കിട്ടിയിരുന്നുവെങ്കില്‍ നിമിഷങ്ങള്‍ക്കകം സഹായവുമായി എല്ലാവരും കെ.ജെ. ഹോസ്പിറ്റലില്‍ എത്തുമെന്ന് ത്യാഗരാജനറിയാമായിരുന്നു. പക്ഷേ, മനസ്സുതകര്‍ന്ന ആ അവസ്ഥയില്‍ അതൊന്നും ആലോചിക്കാതെ അയാള്‍ തിരിച്ച് മുറിയിലേക്കു വന്നു. ഇരുകൈകളിലുമായി അമ്മയെ കോരിയെടുത്തു. വീണ്ടും അതേ ഇടനാഴിയിലൂടെ പുറത്തേക്കു നടന്നു. ടാക്സി കാത്തുനില്‍പ്പുണ്ടായിരുന്നു. ഭാര്യയോട് മുന്‍സീറ്റില്‍ കയിറിയിരിക്കാന്‍ പറഞ്ഞു. സഹോദരിയോട് പിറകിലും. ഡ്രൈവര്‍ കാറിന്റെ ഡോര്‍ തുറന്നു. അമ്മയുടെ ചലനമറ്റ ശരീരവുമായി ത്യാഗരാജന്‍ പതിയെ കാറിലേക്കു കയറി. അമ്മയുടെ ശിരസ്സ് തന്റെ മടിയില്‍ വെച്ചു. പാദങ്ങള്‍ സഹോദരിയുടെ മടിയിലും.
'സാര്‍, എങ്ങോട്ടാണ് പോകേണ്ടത്?'
ഡ്രൈവറുടെ ചോദ്യത്തിന് വിതുമ്പലോടെയുള്ള മറുപടി: 'നാട്ടിലേക്ക്... ആമ്പൂരിലെ റെഡ്ഡിമാങ്കുപ്പത്തേക്ക.്' അമ്മയുടെ മുഖം തന്റെ മാറോടു ചേര്‍ത്തുവെച്ച്, ഒരു മുറിവും ഇതുവരെ പകരാത്ത വേദനയോടെ ത്യാഗരാജന്‍ ഇരുന്നു. നട്ടുച്ചവെയിലില്‍ റെഡ്ഡിമാങ്കുപ്പം ലക്ഷ്യമാക്കി കാര്‍ നീങ്ങിത്തുടങ്ങുമ്പോള്‍, അമ്മയോടൊപ്പമിരുന്ന് കഴിക്കാന്‍ കൊണ്ടുവന്ന ഭക്ഷണം പാവപ്പെട്ട ഏതൊക്കെയോ മനുഷ്യര്‍ ആശുപത്രി വരാന്തയിലിരുന്ന് ആശ്വാസത്തോടെ കഴിക്കുന്നതു കാണാമായിരുന്നു.
ഇരുട്ടിന് കനംവെച്ചുതുടങ്ങുമ്പോഴേക്കും റെഡ്ഡിമാങ്കുപ്പത്തെ നാലുകെട്ടിന് മുമ്പില്‍ അമ്മയുടെ ചേതനയറ്റ ശരീരവുമായി ത്യാഗരാജനെത്തി. യമുനാഭായിയുടെ മരണം നാടുമുഴുവന്‍ അപ്പോഴേക്കും അറിഞ്ഞുകഴിഞ്ഞിരുന്നു. കാറില്‍നിന്ന് അമ്മയെയുമെടുത്ത് നാലുകെട്ടിന്റെ പൂമുഖത്തേക്കു കടന്നുവന്ന ത്യാഗരാജനോട് പൊട്ടിക്കരഞ്ഞുകൊണ്ട് ബാലകൃഷ്ണന്‍ മുതലിയാര്‍ ചോദിച്ചു: 'ജീവനോടെയല്ലെടാ അമ്മയെ ഇവിടുന്ന് നീ കൊണ്ടുപോയത്; ഇങ്ങനെയാണോ തിരിച്ചുകൊണ്ടുവന്നത്?' നിലവിളക്ക് കത്തിച്ചുവെച്ച നടുമുറിയിലെ ഓലപ്പായയിലേക്ക് അമ്മയെ ഇറക്കി കിടത്തുമ്പോള്‍ അതുവരെ ഹൃദയത്തില്‍ അടക്കിപ്പിടിച്ച മകന്റെ വേദനകള്‍ കണ്ണീര്‍മഴയായി അമ്മയുടെ മുഖത്തേക്കു പെയ്തിറങ്ങി. ആ നെഞ്ചില്‍ തലവെച്ച് പൊട്ടിക്കരഞ്ഞ ത്യാഗരാജനെ എഴുന്നേല്‍പ്പിക്കാന്‍ ബാലകൃഷ്ണന്‍ മുതലിയാര്‍തന്നെ വേണ്ടിവന്നു. അമ്മയുടെ വിരലില്‍ തൂങ്ങി ക്ഷേത്രങ്ങളിലും സിനിമാകൊട്ടകകളിലും പോയിത്തുടങ്ങിയതു മുതല്‍ മദിരാശിയിലേക്ക് നാടുവിടുന്നതുവരെയുമുള്ള ഓര്‍മ്മകള്‍ ഒന്നൊന്നായി ത്യാഗരാജനെ പൊതിഞ്ഞു. വേദന തളംകെട്ടി നിന്ന ആ രാത്രി അങ്ങനെ പുലരാതെ പുലര്‍ന്നു. അടുത്ത ദിവസം ഉച്ചയോടെ യമുനാഭായിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ പോയതിന്റെ പതിനാറാം നാള്‍ സന്ധ്യയ്ക്ക് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം മദിരാശിയിലേക്കു പുറപ്പെടുമ്പോള്‍ ബാലകൃഷ്ണന്‍ മുതലിയാര്‍ മകനെ ഓര്‍മ്മപ്പെടുത്തി, 'അമ്മയില്ലെന്നു കരുതി വീട്ടിലേക്കുള്ള നിന്റെ വരവ് ഇല്ലാതാവേണ്ട; ഞാനിവിടെയുണ്ടെന്ന് മറക്കാതിരിക്കുക.' അച്ഛന്റെ വാക്കുകള്‍ക്കു മുന്നില്‍ ഒന്നും പറയാനാവാതെ ആ പാദം നമസ്‌കരിച്ച് ത്യാഗരാജന്‍ ഇറങ്ങി. വീണ്ടും, ചോരപടരുന്ന ജീവിതത്തിലേക്ക്.
റെഡ്ഡിമാങ്കുപ്പത്തെ ഹരിതഭൂമിയില്‍ നിന്ന് മദിരാശിയുടെ നഗരത്തിരക്കുകളിലേക്ക് ത്യാഗരാജന്‍ മടങ്ങുന്നതിന് സാക്ഷ്യംവഹിച്ച് ഒരുപാട് കര്‍ഷകര്‍ നാലുകെട്ടിന് മുമ്പിലുണ്ടായിരുന്നു. കാറിന്റെ വേഗത്തിനൊപ്പം ത്യാഗരാജന്റെ മനസ്സും ഭൂതകാലത്തിലേക്കു സഞ്ചരിച്ചുകൊണ്ടിരുന്നു. പെട്ടിതുറന്ന്, തനിക്കു നല്‍കാനായി അമ്മ ഏല്‍പ്പിച്ച പണപ്പാത്രം കൈയിലെടുത്തു. ഇത് തന്നെ ഏല്‍പ്പിക്കണമെന്ന് അമ്മ പറഞ്ഞതിന്റെ പൊരുള്‍ മാത്രം ത്യാഗരാജന് അപ്പോഴും വ്യക്തമായിരുന്നില്ല. പക്ഷേ, ഒന്നുമാത്രം മനസ്സു പറഞ്ഞു. അമ്മയുടെ ആണ്ടുബലി കഴിഞ്ഞ ഉടന്‍ നാട്ടിലെ ക്ഷേത്രങ്ങളില്‍ പോകണം. അവിടെ കാത്തിരിക്കുന്നുണ്ടാകും ഒരുപാട് ഭിക്ഷാടകര്‍. അവര്‍ക്കു കൈമാറാനാവും ഈ പണപ്പാത്രം തന്നെ ഏല്‍പ്പിക്കാന്‍ മരിക്കുംമുമ്പ് അമ്മ പറഞ്ഞത്. അതൊരു പ്രായശ്ചിത്തം കൂടിയാണ്. അറിവില്ലാത്ത കാലത്ത് മകന്‍ ചെയ്ത ചെറിയൊരു തെറ്റിനുള്ള പ്രായശ്ചിത്തം. ഭിക്ഷാടകര്‍ക്ക് നല്‍കാന്‍വേണ്ടി കരുതിവെച്ച പണം മോഷ്ടിച്ചുകൊണ്ടുപോയ മകന്റെ കൈകൊണ്ടുതന്നെ ആ പണം അവര്‍ക്ക് തിരിച്ചുകൊടുപ്പിക്കുക എന്ന അമ്മയുടെ മനസ്സിന്റെ നന്മയാണതെന്ന് യാത്രയുടെ വേഗത്തിനിടയില്‍ ത്യാഗരാജന്‍ തിരിച്ചറിഞ്ഞു. അമ്മയുടെ ഒന്നാം ശ്രാദ്ധദിനത്തിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞ് പിറ്റേന്നു രാവിലെ സിനിമയുടെ ലോകത്തേക്ക് മടങ്ങും മുമ്പ് ആ കര്‍മ്മം കൂടി പൂര്‍ത്തിയാക്കി. അമ്മയുടെ കൈപിടിച്ച് പോയ നാട്ടിലെ പ്രധാന കോവിലുകളുടെ പടികയറുമ്പോള്‍ ത്യാഗരാജന്റെ വിരലില്‍ തൂങ്ങി മകളുമുണ്ടായിരുന്നു. അമ്മ നല്‍കിയ പണപ്പാത്രത്തില്‍നിന്ന് നോട്ടുകളും ചില്ലറത്തുട്ടുകളുമെടുത്ത് മകളുടെ കൈകളിലേക്ക് വെച്ചുകൊടുത്തിട്ട് പൂര്‍വ്വസ്മരണയിലെന്നപോലെ മനസ്സില്‍ പറഞ്ഞു: 'അവര്‍ ഭ്രാന്തന്മാരല്ല; ഭക്ഷണംപോലും കഴിക്കാന്‍ ഗതിയില്ലാത്തവരാണവര്‍. അങ്ങനെയുള്ളവരെ നമ്മളെപ്പോഴും സഹായിക്കണം.'
(തുടരും)
Content Highlights: stunt choreographer thyagarajan enactment tamil movie, mother
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·