
നിജു കലാഭവൻ, ഐ.ഡി. രഞ്ജിത്ത് | ഫോട്ടോ: Facebook
കാന്താര-ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ സെറ്റിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച മലയാളി നടനും മിമിക്രി താരവുമായ വി.കെ. നിജു (നിജു കലാഭവൻ)വിനെ അനുസ്മരിച്ച് സംവിധായകനും നാടകപ്രവർത്തകനുമായ ഐ.ഡി. രഞ്ജിത്ത്. മോണോ ആക്ടും മിമിക്രിയും അഭിനയവുമെല്ലാം നിജുവിന്റെ ശ്വാസമാണെന്ന് തോന്നിയിട്ടുണ്ടെന്ന് രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഉപജീവനത്തിനായി ബസ് സ്റ്റോപ്പുകളിൽ പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യവും കപ്പയും വിൽക്കുന്നതുൾപ്പെടെ നിജു പല തൊഴിലും നടത്തിയിരുന്നത് കാണാനിടയായിരുന്നു. അപ്പേഴും നിജുവിന് സംസാരിക്കാനുണ്ടായിരുന്നത് കലയേക്കുറിച്ചും ശോഭനമായ ഭാവിയെക്കുറിച്ചുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ഡി. രഞ്ജിത്തിന്റെ കുറിപ്പ് ഇങ്ങനെ:
കാന്താര എന്ന സിനിമയുടെ കർണ്ണാടകയിലെ ലൊക്കേഷനിൽ നിജു കലാഭവൻ. ഇവിടെ വച്ച് നെഞ്ചുവേദന വരികയും സിനിമാക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിജു മരണപ്പെട്ടു.
കലാജീവിതത്തിനിടെ നന്മയിൽ അംഗമായി വരികയും നമ്മുടെ സാംസ്കാരിക വിരുന്നിൽ തൻ്റെ പ്രതിഭ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ നിജു അനുഭവിക്കുന്ന ആത്മരതി നാം കണ്ടവരാണ്. മോണോ ആക്റ്റ്, മിമിക്രി, അഭിനയം എന്നത് നിജുവിൻ്റെ ശ്വാസമാണ് എന്ന് സംസാരങ്ങളിൽ നിന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ആ രീതിയിൽ അടയാളപ്പെടുത്താൻ അവസരങ്ങൾ ലഭിക്കാത്തതിന്റെ വേദനയും.
കലാകാരനെ നിലനിർത്തുന്ന തന്റെ ലക്ഷ്യത്തിലെത്താനുള്ള അതിജീവനത്തിന്റെ ഊർജ്ജമാണ് നിജുവിനെ ഈ സിനിമയിൽ എത്തിച്ചത്. പക്ഷേ നിജു...
ജീവിതവഞ്ചിയെ കരക്ക് അടുപ്പിക്കുവാൻ ബസ് സ്റ്റോപ്പുകളിൽ പെട്ടി ഓട്ടോറിക്ഷ കൊണ്ടു വന്നിട്ട് മത്സ്യക്കച്ചവടവും കൊള്ളി വിൽപ്പന തുടങ്ങി പല തൊഴിലും നടത്തിയിരുന്നത് കാണാനിടയായത് ഓർമ്മയിൽ വരുന്നു. അപ്പോഴും നിജുവിന് സംസാരിക്കുവാൻ ഉണ്ടായിരുന്നത് തന്നിലെ കലയോടും അതിൻ്റെ നാളെയുടെ ശോഭനമായ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
സിനിമ ആത്മാർത്ഥമായി സ്വപ്നം കണ്ട നിജു വലിയ സിനിമയുടെ ലൊക്കേഷന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്നു.. പ്രണാമം
അഗുംബെയിൽ ഷൂട്ടിങ്ങിനിടെ ഇദ്ദേഹം താമസിക്കുന്ന ഹോം സ്റ്റേയിൽ ബുധനാഴ്‌ച രാത്രി 10-ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. മറ്റ് നടന്മാർ ഉടനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തീർഥഹള്ളി സർക്കാർ ആസ്പത്രി മോർച്ചറിയിലാണ്. കുടുംബാംഗങ്ങൾ എത്തിയാൽ മറ്റ് നടപടി ആരംഭിക്കുമെന്ന അഗുംബെ പോലീസ് ഇൻസ്പെക്ടർ ശ്രീധർ അറിയിച്ചു. മിമിക്രി മേഖലയിൽ 25 വർഷമായി സജീവമാണ് നിജു. മാർക്കോ, മാളികപ്പുറം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Kantara Actor V.K. Niju Passes Away After Heart Attack connected Set: A Tribute
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·