Published: November 01, 2025 09:35 AM IST Updated: November 01, 2025 09:44 AM IST
1 minute Read
-
ജമിമ റോഡ്രിഗ്സിന്റെ ക്രിക്കറ്റ് കരിയറിന് തിരക്കഥ ഒരുക്കിയവരിൽ സച്ചിൻ തെൻഡുൽക്കർ മുതൽ നാസർ ഹുസൈൻ വരെയുള്ളവരുടെ പങ്ക് ചെറുതല്ല...
2018ൽ ഇന്ത്യയിൽ നടന്ന ഇന്ത്യ– ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിൽ കമന്റേറ്ററായാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ മുംബൈയിൽ എത്തിയത്. മത്സരമില്ലാത്ത ദിവസങ്ങളിൽ മുംബൈയിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിലും അക്കാദമികളിലും ചുറ്റിക്കറങ്ങുന്ന പതിവ് നാസറിന് ഉണ്ടായിരുന്നു. അങ്ങനെയൊരു അക്കാദമിയിൽ പോയപ്പോഴാണ് ഒരു പതിനെട്ടുവയസ്സുകാരിയുടെ ബാറ്റിങ് പരിശീലനം നാസർ ശ്രദ്ധിക്കുന്നത്. അവളുടെ ബാറ്റിങ് ടെക്നിക്കുകളിൽ ആകൃഷ്ടനായ നാസർ, നെറ്റ്സിൽ അൽപനേരം അവൾക്കു പന്തെറിഞ്ഞുകൊടുത്തു.
വൈകിട്ട് റൂമിൽ തിരിച്ചെത്തിയതിനു പിന്നാലെ ട്വിറ്ററിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു; ‘ ജമിമ റോഡ്രിഗ്സ്... ഈ പേര് നിങ്ങൾ ഓർത്തുവച്ചോളൂ. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാറാകാൻ ഈ കുട്ടിക്കു സാധിക്കും’. 7 വർഷത്തിനിപ്പുറം വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നുമായി ജമിമ ആരാധക ഹൃദയം കീഴടക്കുമ്പോൾ ഈ മുംബൈക്കാരി ഓടിത്തീർത്ത വഴികൾക്ക് പോരാടി നേടിയ വിജയങ്ങളുടെയും നേരിട്ട അവഗണനകളുടെയും നിതാന്ത പരിശ്രമത്തിന്റെയും കഥകൾ പറയാനുണ്ട്.
നന്ദി, സച്ചിൻ
ക്രിക്കറ്റ് ഒരു ടൈംപാസ് മാത്രമായിരുന്ന 10 വയസ്സുകാരി ജമിമയെ ഇന്ത്യൻ ടീമിലേക്കെത്തിച്ചതിന് ആദ്യം നന്ദി പറയേണ്ടത് ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറോടാണ്. സച്ചിന്റെ പഴയ വീടിനു സമീപമായിരുന്നു ജമിമയും കുടുംബവും താമസിച്ചിരുന്നത്. 2011 ഏകദിന ലോകകപ്പ് ജയിച്ചശേഷം സച്ചിൻ തിരികെ വീട്ടിലേക്കു വരുന്ന ‘സീൻ’ കുഞ്ഞു ജമിമ തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്നു കണ്ടിട്ടുണ്ട്. ജനസാഗരത്തിന്റെ അകമ്പടിയോടെ, ലോകജേതാവിന്റെ പ്രൗഢിയുമായി സച്ചിന്റെ വരവു കണ്ട ജമി, അന്ന് മനസ്സിൽ ഉറപ്പിച്ചു; എനിക്കും ലോകകപ്പ് കളിക്കണം, ഇന്ത്യയ്ക്കായി കിരീടം നേടണം. പിന്നീടങ്ങോട്ട് ക്രിക്കറ്റായിരുന്നു ജമിമയ്ക്ക് എല്ലാം.
ആഭ്യന്തര ക്രിക്കറ്റിലെ സ്റ്റാർ ബാറ്റർ പരിവേഷം നന്നേ ചെറുപ്പത്തിൽ തന്നെ ജമിമയെ തേടിവന്നു. പിന്നാലെ 18–ാം വയസ്സിൽ ദേശീയ ടീമിലേക്കുള്ള വിളിയും. ഇന്ത്യൻ ടോപ് ഓർഡർ ബാറ്റിങ് നിരയിലെ പ്രധാനിയായി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജമി വളർന്നു. എന്നാൽ ഇടക്കാലത്തെ ഫോം ഔട്ടിന്റെ പേരിൽ 2022 ഏകദിന ലോകകപ്പ് ടീമിൽ നിന്ന് ജമി തഴയപ്പെട്ടു. ഊണിലും ഉറക്കത്തിലും കൂടെക്കൊണ്ടുനടന്ന ലോകകപ്പ് മോഹം പൂക്കും മുൻപേ വാടിപ്പോകുന്നതു കണ്ട ജമി മാനസികമായി തകർന്നു. അന്നു താൻ കരഞ്ഞതിനു കയ്യും കണക്കുമില്ലെന്ന് പിന്നീടൊരിക്കൽ ജമി പറഞ്ഞിട്ടുണ്ട്.
രണ്ടാമൂഴം
ഈ ലോകകപ്പിനു മുൻപു നടന്ന പരമ്പരകളിലും കാര്യമായ പ്രകടനങ്ങൾ നടത്താൻ ജമിക്കു സാധിച്ചിരുന്നില്ല. വീണ്ടും തഴയപ്പെടുമോ എന്നു പേടിച്ചിരുന്നപ്പോഴാണ് ലോകകപ്പ് ടീമിലേക്കുള്ള വിളിയെത്തുന്നത്. എന്നാൽ ആദ്യ മത്സരങ്ങളിൽ ഫോം ഔട്ട് ആയതോടെ ജമിയുടെ സ്ഥാനം റിസർവ് ബെഞ്ചിലായി. വീണ്ടും നിരാശയുടെ നാളുകൾ.
ജമിമയ്ക്ക് ഒരു അവസരം കൂടി നൽകിനോക്കാമെന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തീരുമാനമാണ് ടൂർണമെന്റിൽ ഇന്ത്യയുടെ തലവര മാറ്റിയത്. ക്യാപ്റ്റൻ തന്നിലർപ്പിച്ച വിശ്വാസം സെമിഫൈനലിലെ അസാമാന്യ ഇന്നിങ്സിലൂടെ ഇരുപത്തിയഞ്ചുകാരി ജമിമ ശരിവച്ചു. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ ഓസ്ട്രേലിയയ്ക്കെതിരെ, സമ്മർദം തളംകെട്ടിയ സെമിഫൈനൽ മത്സരത്തിൽ അപരാജിത സെഞ്ചറിയുമായി ടീമിനെ വിജയതീരത്തെത്തിച്ച ജമിമ പറയാതെ പറയുന്നു; പ്രതീക്ഷയ്ക്കു പ്രയത്നത്തിന്റെ പിൻബലമുണ്ടെങ്കിൽ, അധ്വാനത്തിൽ അർപ്പണബോധം ആവാഹിച്ചാൽ, അസാധ്യമായതെന്തും അനായാസത്തിനു വഴിമാറും...
English Summary:









English (US) ·